arrest

 രണ്ട് വർഷമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുമായുള്ള വിവാഹത്തെ എതിർത്തതിന് 15കാരന്‍ മാതാപിതാക്കളെയും സഹോദരനെയും കൊലപ്പെടുത്തി.ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ നന്ദ്ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുസുംഹികലയിലാണ് ഗ്രാമത്തെ നടുക്കിയ ട്രിപ്പിള്‍ കൊലപാതകം നടന്നത് . കേസില്‍ പ്രതിയായ 15-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 7ന് അര്‍ധരാത്രിയിലാണ്  മുൻഷി ബിന്ദ് (45),ഭാര്യ ദേവന്തി ബിന്ദ് (40), മൂത്തമകന്‍ രാം ആശിഷ് ബിന്ദ് (20) എന്നിവരെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഗ്രാമത്തിലെ സംഗീതപരിപാടി കഴിഞ്ഞ്  വീട്ടിലെത്തിയപ്പോള്‍ കുടുംബാംഗങ്ങളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നായിരുന്നു കൊല്ലപ്പെട്ട മുന്‍ഷി ബിന്ദിന്‍റെ ഇളയമകനായ 15-കാരന്‍റെ മൊഴി. അതിനിടെ സംഭവത്തില്‍ പ്രദേശവാസിയായ ഒരാളെ സംശയമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ഷി ബിന്ദിന്‍റെ സഹോദരനും പോലീസില്‍ പരാതി നല്‍കിയിരുന്നു. അയാളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. പ്രദേശവാസികളായ നിരവധിപേരെ ചോദ്യം ചെയ്തിട്ടും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് സാഹചര്യത്തെളിവുകളടക്കം അടിസ്ഥാനമാക്കിയാണ് ഇളയ മകനിലേക്ക് പൊലീസ് എത്തിയത്.കസ്റ്റഡിയിലെടുത്ത്  വിശദമായി ചോദ്യംചെയ്തതോടെ 15-കാരന്‍ കുറ്റംസമ്മതിച്ചു.

രണ്ടുവര്‍ഷമായി താന്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്നും കാമുകിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹത്തെ മാതാപിതാക്കളും സഹോദരനും എതിര്‍ത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പതിനഞ്ചുകാരന്‍ പൊലീസിന് മൊഴി നല്‍കി.കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പ്രതി മാതാപിതാക്കളെയും സഹോദരനെയും  കഴുത്തറത്ത് കൊലപ്പെടുത്തിയത്. മൂവരെയും കൊലപ്പെടുത്താന്‍ ദിവസങ്ങള്‍ക്ക് മുന്നേ തീരുമാനിച്ചിരുന്നു. ഇതിനായി കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന 'ഖുര്‍പ' എന്ന ആയുധം കൈക്കലാക്കി. ദിവസങ്ങളോളം ഇതിന്‍റെ മൂര്‍ച്ച കൂട്ടി കൃത്യം നടത്താനായി കാത്തിരുന്നു. ഒരുദിവസം കൊലപാതകശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. തുടര്‍ന്ന് ജൂലായ് ഏഴിന് രാത്രി അവസരം കിട്ടിയപ്പോള്‍ കൃത്യം നടത്തുകയായിരുന്നുവെന്നും 15-കാരന്‍ മൊഴി നല്‍കി. 

കൃത്യം നടത്തിയ ദിവസം ഗ്രാമത്തിൽ ഒരു വിവാഹച്ചടങ്ങിനോടനുബന്ധിച്ച് നടത്തിയ സംഗീതപരിപാടിക്ക് സഹോദരനൊപ്പം പതിനഞ്ചുകാരന്‍ പോയി. രാത്രി 11 മണിയോടെ ഇരുവരും തിരിച്ച് വീട്ടിലെത്തി.തുടര്‍ന്ന് കുടുംബത്തിലെ എല്ലാ അംഗങ്ങളും ഉറങ്ങിക്കഴിഞ്ഞപ്പോള്‍ പുലര്‍ച്ചെ ഒരുമണിയോടെ പ്രതി മദ്യപിച്ചു. ആയുധവുമായെത്തി ആദ്യം അച്ഛനെയും പിന്നെ അമ്മയെയും ആക്രമിച്ചു. ഇരുവരെയും കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം സഹോദരനെയും സമാനരീതിയില്‍ കൊല ചെയ്തു.പിന്നീട് ആയുധം സമീപത്തെ കൃഷിയിടത്തില്‍ ഒളിപ്പിച്ചു. 

കൊലയ്ക്കു പിന്നാലെ പ്രതി വീണ്ടും സംഗീതപരിപാടി കാണാന്‍ പോയതായും പോലീസ് പറഞ്ഞു.ഇതിനുശേഷമാണ് അയല്‍ക്കാരെ വിളിച്ചുകൂട്ടി വിവരമറിയിച്ചതെന്നും പോലീസ് പറഞ്ഞു. കൊല നടത്തിയ ആയുധം പൊലീസ് കണ്ടെടുത്തു.പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയെ  ജുവനൈൽ കോടതിയിൽ ഹാജരാക്കി.

ENGLISH SUMMARY:

opposed to marrying his girlfriend; 15-year-old killed his parents and brother