പാലക്കാട് തൃത്താലയിൽ വാഹനങ്ങള്‍ പൊളിച്ച് വില്‍ക്കുന്ന സ്ഥലത്ത് കവര്‍ച്ച നടത്തി മടങ്ങാന്‍ തുടങ്ങുന്നതിനിടെ യുവാവ് പൊലീസിന്റെ പിടിയില്‍. കോട്ടോപ്പാടം സ്വദേശി സുനിലാണ് തൃത്താല പൊലീസിന്റെ പിടിയിലായത്. രാത്രിയില്‍ സിസിടിവിയില്‍ പതിഞ്ഞ കവര്‍ച്ചാ ദൃശ്യങ്ങള്‍ സ്ഥാപന ഉടമ പൊലീസിന് കൈമാറിയതോടെയാണ് കള്ളന്‍ കുടുങ്ങിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
തൃത്താല വട്ടത്താണിയിലെ പൊളി മാർക്കറ്റിലാണ് കവര്‍ച്ചയുണ്ടായത്. രാത്രി രണ്ടരയോടെ ഉടമ സിസിടിവി പരിശോധിച്ചപ്പോൾ മോഷ്ടാവിനെ കണ്ടു. പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോള്‍ കവര്‍ച്ച കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ മടങ്ങാനൊരുങ്ങുകയായിരുന്നു സുനില്‍. പൊലീസ് യുവാവിനെ പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
സ്ഥാപനത്തിൽ നിന്ന് വിലകൂടിയ സാധനങ്ങള്‍ നഷ്ടമാവുന്നത് പതിവായതോടെയാണ് ഉടമ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ ക്യാമറ കള്ളനെ കുടുക്കാന്‍ സഹായിച്ചു. മോഷ്ടാവിനെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.