ഡേറ്റിങ് ആപ്പിലുടെ പരിചയപ്പെടുന്നവരെ പബുകളില്‍ കൊണ്ടുപോയി വിലകൂടി മദ്യവും ഭക്ഷണവും വാങ്ങി കബളിപ്പിക്കുന്ന അന്തര്‍ സംസ്ഥാന സംഘം ഹൈദരാബാദില്‍ അറസ്റ്റില്‍. പബ് ഉടമയും യുവാക്കളെ വലവീശിപിടിക്കാനായി പണം നല്‍കി പെണ്‍കുട്ടികളെ നിയോഗിച്ചിരുന്ന ഡല്‍ഹി കേന്ദ്രീകരിച്ചുള്ള തട്ടിപ്പു സംഘവുമാണു പിടിയിലായത്. ഡിന്നര്‍ ഡേറ്റിനു പോയി അരലക്ഷം രൂപ വരെ നഷ്ടമായവരുടെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയായെടുത്ത കേസെടുക്കുകയായിരുന്നു.
സൗഹൃദങ്ങള്‍ തേടി ഡേറ്റിങ് ആപ്പിലെത്തുന്നവരാണോ നിങ്ങള്‍. എങ്കില്‍ അല്‍പമൊന്നു ശ്രദ്ധിക്കുക. അല്ലാത്തപക്ഷം കയ്യിലെ കാശ് മുഴുവന്‍ കൂട്ടുകൂടാനെത്തുന്നവര്‍ തട്ടിച്ചേക്കാം. ഹൈദരാബദില്‍ ഇങ്ങനെ പണം നഷ്ടമായവരുടെ തുറന്നുപറച്ചിലാണു രാജ്യം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന റാക്കറ്റിന്റെ അറസ്റ്റിലേക്കെത്തിച്ചത്. തട്ടിപ്പ് വളരെ ലളിതമാണ്.
ഡേറ്റിങ് ആപ്പില്‍ റജിസ്റ്റര്‍ ചെയ്ത യുവാക്കളുമായി സുന്ദരികളായ യുവതികള്‍ കൂട്ടുകൂടും. ചാറ്റുകള്‍ക്കും കോളുകള്‍ക്കും ശേഷം നേരിട്ടുകാണാനായി ഹൈദരാബാദ് മധാപൂരിലെ മെട്രോ സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടും. തുടര്‍ന്നു സ്റ്റേഷനു സമീപമുള്ള പബില്‍ ഡിന്നറിനു ക്ഷണിക്കും. വിലകൂടിയ മദ്യവും ഭക്ഷണവും യുവതി യഥേഷ്ടം ഓര്‍ഡര്‍ ചെയ്യും. കേവലം മണിക്കൂറുകള്‍ക്ക് 25000 മുതല്‍ അന്‍പതിനായിരം രൂപ വരെയാണു സൗഹൃദം കൂടാനെത്തി പലര്‍ക്കും നഷ്ടമായത്. മാനഹാനി ഭയന്നു ഇരകള്‍ തുറന്നുപറയില്ലെന്നതായിരുന്നു തട്ടിപ്പുകാരുടെ രക്ഷ. ഡല്‍ഹി സ്വദേശികളായ അക്ഷന്ത് നാരുള,തരുണ്‍, ശിവരാജ് നായിക്, രോഹിത് കുമാര്‍ പബ് ഉടമ സി. നായിക് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്
അമിത വിലയാണു പബില്‍ ഈടാക്കിയിരുന്നത്. ഭക്ഷണത്തിന്റെ യഥാര്‍ഥ വില കഴിച്ചു കിട്ടുന്ന പണം പെണ്‍കുട്ടികളടങ്ങുന്ന സംഘം തുല്യമായി വീതിച്ചെടുക്കുന്നതാണു രീതി. രണ്ടുമാസത്തിനിടെ ഹൈദരാബാദില്‍ നിന്നുമാത്രം, 60ല്‍ അധികം പേരില്‍ നിന്നായി 30 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണു കണക്ക്.