chaintheft

ഷൊർണൂരിൽ ജനപ്രതിനിധിയെ ആക്രമിച്ച് ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണമാല കവർന്ന കേസിൽ രണ്ട് വർഷത്തിനു ശേഷം യുവാവ് അറസ്റ്റിൽ. വാടാനംകുറുശ്ശി സ്വദേശി സുബീഷിനെയാണ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഭോപ്പാലിൽ നിന്നു പിടികൂടിയത്.

 

ഓങ്ങല്ലൂർ പഞ്ചായത്ത് അംഗം സന്തോഷിനെ അക്രമിച്ച് സ്വർണമാല കവർന്ന കേസിലാണു നടപടി. 2022 ഏപ്രിൽ ഇരുപത്തി നാലിനായിരുന്നു ആക്രമണവും പിടിച്ചുപറിയും. എസ് സി, എസ്ടി അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയായിരുന്നു കേസ്. സംഭവത്തിനു ശേഷം ഒളിവിൽ പോയ സുബീഷിനെ കണ്ടെത്താൻ പൊലീസ് വലിയ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി ഇടപാടുകളുമായി ബന്ധമുള്ളയാളാണു സുബീഷെന്നു പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മധ്യപ്രദേശ് പൊലീസിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് സുബീഷ് വലയിലായത്. ഇയാളെ പിന്നീടു വിമാനമാർഗം നാട്ടിലെത്തിച്ചു. ലഹരി ഇടപാട് ചോദ്യം ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിലും പിടിച്ചുപറിയിലും കലാശിച്ചതെന്നു പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

chain theft case; The accused was arrested two years later