chain-snatching

തിരുവനന്തപുരം പൊഴിയൂരില്‍ സ്കൂട്ടര്‍യാത്രക്കാരിയുടെ മാല പിടിച്ചുപറിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. തമിഴ്നാട്ടില്‍ ഉള്‍പ്പടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ കൊല്ലം സ്വദേശി മുഹമ്മദ് ഷാനാണ് അറസ്റ്റിലായത്. തമിഴ്നാട് പൊലീസിനെ പേടിച്ച് തിരുവനന്തപുരത്തേക്കെത്തിയതോടെയാണ് പിടിയിലായത്.

 

പൊഴിയൂരിന് അടുത്ത് പ്ളാമൂട്ടുകടയില്‍ നടന്ന ദൃശ്യം കണ്ട് കേരളം ഞെട്ടിയിരുന്നു. ഡ്രൈവിങ് സ്കൂള്‍ ജീവനക്കാരിയായ ലിജിയും കൂലിപ്പണിക്കാരനായ ദാസും ജീവിതത്തിലെ അധ്വാനം മുഴുവന്‍ കൂട്ടിക്കൂട്ടിവച്ചുണ്ടാക്കിയതായിരുന്നു ആറ് പവന്റെ ആ മാല.

 

മോഷണത്തിനൊപ്പം ഇവരുടെ വിഷമവും കണ്ട് ചിലരൊക്കെ സഹായിച്ചെങ്കിലും മോഷ്ടാക്കള്‍ കാണാമറയാത്തായിരുന്നു. മാല മോഷ്ടിക്കാനായെത്തിയ ബൈക്ക് ഓടിച്ചിരുന്നയാളെ നേരത്തെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് സംഘം പിടികൂടി. മോഷണത്തിന്റെ സൂത്രധാരനും പിന്‍സീറ്റിലിരുന്ന് മാല വലിച്ചുപൊട്ടിക്കുകയും ചെയ്ത കൊല്ലം ചിതറ സ്വദേശി മുഹമ്മദ് ഷാനാണ് ഇപ്പോള്‍ പിടിയിലായത്. മുഹമ്മദ് ഷാനും സംഘവും വെറും ലോക്കല്‍ മോഷ്ടാക്കളല്ല.  

 

കേരളത്തിലും തമിഴ്നാട്ടിലും ഓടി നടന്ന് വാഹന മോഷണവും മാലമോഷണവുമൊക്കെ സ്ഥിരം പരിപാടിയാക്കിയവരാണ്. പൊഴിയൂരില്‍ മാല മോഷ്ടിക്കാനെത്തിയത് തന്നെ പോത്തന്‍കോട് നിന്ന് മോഷ്ടിച്ച വാഹനവുമായാണ്. ഇപ്പോള്‍ അറസ്റ്റിലാകുന്ന സമയത്ത് കളിയിക്കാവിളയില്‍ നിന്ന് മോഷ്ടിച്ച ബൈക്കും കണ്ടെടുത്തു. ഇരുപതിലേറെ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായതോടെ തമിഴ്നാട് പൊലീസിന്റെ പ്രത്യേകസംഘം ഇവരെ പിടികൂടാന്‍ നടക്കുകയായിരുന്നു. അതോടെ കേരളത്തിലേക്ക് മുങ്ങിയതാണ് ഒടുവില്‍ തിരുവനന്തപുരം റൂറല്‍ പൊലീസിന്റെ വലയിലായത്.