മഹാദേവ് ഓണ്‍ലൈന്‍ വാതുവയ്പ്പ് കേസിലെ പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമിന്‍റെ ഡി–കമ്പനിയുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്. സൗരവ് ചന്ദ്രകാറും രവി ഉപ്പലും ഡി–കമ്പനിയുടെ സഹായത്തോടെ പാക്കിസ്ഥാനിലും വാതുവയ്പ്പ് ആപ്പിന്‍റെ പ്രവര്‍ത്തനം നടത്തി വലിയ ലാഭമുണ്ടാക്കിയെന്ന ഇ.ഡിയുടെ കണ്ടെത്തെലാണ് പുറത്തുവരുന്നത്.
സണ്ണി ലിയോണി, ടൈഗര്‍ ഷ്‌റോഫ്, നേഹ കക്കര്‍ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങള്‍ പങ്കെടുത്ത സൗരവ് ചന്ദ്രകാറിന്‍റെ യു.എ.ഇയിലെ വിവാഹ പാര്‍ട്ടിയെക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ അധോലോക ബന്ധങ്ങളിലേക്ക് നീളുകയാണ്. അനധികൃത വാതുവയ്പ്പ് ആപ്പ് ഉപയോഗിച്ച് ഇന്ത്യയില്‍ നിന്ന് 5,000 കോടി രൂപയില്‍ അധികം ലാഭമുണ്ടാക്കിയ സൗരവ് ചന്ദ്രകാറും രവി ഉപ്പലും പാക്കിസ്ഥാനിലും ഇതേ തന്ത്രം പയറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെയും ഡി–കമ്പനിയുടെയും സഹായത്തോടെയായിരുന്നു ഇത്. കറാച്ചിയും ലാഹോറും കേന്ദ്രീകരിച്ചുള്ള ആപ്പിന്‍റെ പ്രവര്‍ത്തനം മഹാദേവ് ഓണ്‍ലൈന്‍ കമ്പനി ദുബായില്‍ നിന്ന് നിയന്ത്രിച്ചു.
വാതുവയ്പ്പ് ആപ്പുകള്‍ക്ക് വിലക്കുള്ള പാക്കിസ്ഥാനില്‍ രാഷ്ട്രീയനേതാക്കളെ ഹവാല പണം ഉപയോഗിച്ച് വിലയ്ക്കെടുത്ത് ചൂതാട്ടം നടത്തി. ഡി–കമ്പനിയാണ് ഇതിനെല്ലാം സംരക്ഷണം ഒരുക്കിയതെന്ന് ഇ.ഡി വ്യത്തങ്ങള്‍ സ്ഥിരീകരിച്ചതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത താരങ്ങളെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് ഇഡി. കമ്പനിയുടെ പ്രമോട്ടറായ ചത്തീസ്‌ഗഡ് സ്വദേശി സൗരവ് ചന്ദ്രകാറിനെയും കൂട്ടാളി രവി ഉപ്പലിനെയും പിടികൂടാന്‍ റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്.
Mahadev Gambling App Case: ED Reveals Saurabh Chandrakar's Expansive Betting Empire Extending to Pakistan & D-Company's Role