forest-range-officer-arrest

മാൻകൊമ്പ് കണ്ടെടുത്ത കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ. തൊടുപുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ലിബിൻ ജോണിനെയാണ് ഇടുക്കി വിജിലൻസ് പിടികൂടിയത്. ഒരു ലക്ഷം രൂപയും മദ്യവുമാണ് കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. പരാതിക്കാരന്റെ വീട്ടിൽ ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ഫെബ്രുവരി ഒന്നിന് തൊടുപുഴ പൊലീസ് നടത്തിയ റെയ്ഡിൽ മാൻകൊമ്പിന്റെ കഷണം കണ്ടെത്തിയിരുന്നു. ഇത് വനം വകുപ്പിന് കൈമാറുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസ് ലഘൂകരിച്ച് നൽകാമെന്നും അറസ്റ്റ് ഒഴിവാക്കി തരാമെന്നും പറഞ്ഞാണ് റേഞ്ച് ഓഫീസർ ലിബിൻ ജോൺ കൈക്കൂലി ആവശ്യപ്പെട്ടത്.

 

റേഞ്ച് ഓഫീസറുടെ ആവശ്യപ്രകാരം ഒരു കുപ്പി മദ്യം മുട്ടത്തുള്ള ക്വാർട്ടേഴ്സിൽ എത്തിച്ചു നൽകിയപ്പോൾ ഒരു ലക്ഷം രൂപ കൂടി ഉടൻ നൽകണമെന്നായി. കൈക്കൂലി തുക കുറച്ചു നൽകാമോ എന്ന് ചോദിച്ചപ്പോൾ ഒരു ലക്ഷം രൂപ തന്നെ വേണമെന്ന് റേഞ്ച് ഓഫീസർ ശാഠ്യം പിടിച്ചു. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയും പരാതി നൽകുകയുമായിരുന്നു. ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

 

Forest range officer arrested while taking bribe to settle the case