TAGS

തിരുവല്ല കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങളും ലഹരിസംഘങ്ങളും വര്‍ധിക്കുന്നു. നിരവധിപ്പേരെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലയിലും സമീപ പ്രദേശങ്ങളിലുമായി ലഹരി ഉല്‍പന്നങ്ങളുടെ വില്‍പന നടക്കുന്നതായും സൂചനകളുണ്ട്. 

 

കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതിന് മൂന്നുപേര്‍ അറസ്റ്റിലായത്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലവും ലഹരി ഉപയോഗവും ഉള്ളതായി പൊലീസ് പറഞ്ഞിരുന്നു. ഇടിഞ്ഞില്ലത്ത് വ്യാപാരിയെ ബന്ധിയാക്കി പണം ത‌ട്ടാന്‍ ശ്രമിച്ചതിന് മൂന്ന് പേര്‍ അറസ്റ്റിലായത് തിങ്കളാഴ്ചയായിരുന്നു. ഇവരുടെ പേരില്‍ കഞ്ചാവുകേസുകള്‍ ഉള്‍പ്പെടെ പല കേസുകള്‍ ഉണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പനയും തിരുവല്ലയിലും സമീപപ്രദേശങ്ങളിലും വ്യാപകമാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കഞ്ചാവ് എത്തിച്ച് വില്‍പന നടത്തുന്ന സംഘവും നഗരത്തില്‍ വര്‍ധിക്കുകയാണെന്നാണ് പരാതി. ഈ മാസം പതിനേഴിനായിരുന്നു പൊടിയാടിയില്‍നിന്ന് 65 ചാക്ക് ലഹരി ഉല്‍പന്നങ്ങളുമായി കര്‍ണാടക സ്വദേശികള്‍ പിടിയിലായത്. നാല്‍പത് ലക്ഷത്തോളം രൂപ വിലയുള്ള ലഹരി വസ്തുക്കളാണ് അന്ന് പൊലീസും എക്സൈസും ചേര്‍ന്ന് പിടിച്ചത്. സ്കൂള്‍–കോളജ് കേന്ദ്രീകരിച്ച് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യം. തിരുവല്ല കേന്ദ്രീകരിച്ച് അക്രമസംഭവങ്ങളും വര്‍ധിക്കുന്നു. മദ്യലഹരിയിലുള്ള അക്രമസംഭവങ്ങളിലും പ്രദേശത്ത് വര്‍ധിച്ചു. ഈ മാസം ആദ്യമാണ് പുളിക്കീഴില്‍ ഒരാള്‍ മദ്യലഹരിയില്‍ സുഹൃത്തിനെ വെ‌ട്ടിപ്പരുക്കേല്‍പിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ തിരുവല്ല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് നാല് കുറ്റവാളികളെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ഗുണ്ടാസംഘങ്ങളെ തുരത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി തിരുവല്ല ഡിവൈഎസ്പി ടി. രാജപ്പന്‍ റാവുത്തര്‍ പറഞ്ഞു.