Tasmac-Moshanam--2-

TAGS

കവര്‍ച്ചയ്ക്കായി മദ്യക്കടയുടെ ചുമര്‍ തുരന്ന് അകത്ത് കയറിയ കള്ളന്‍മാര്‍ മദ്യപിച്ചു ലെക്കുകെട്ടതിനെ തുടര്‍ന്നു പൊലീസ് പിടിയിലായി. തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയിലെ കരവട്ടിയെന്ന സ്ഥലത്തെ സര്‍ക്കാര്‍ മദ്യക്കടയായ ടാസ്മാകിന്റെ ചുമര്‍ തുരന്ന് അകത്ത് കയറിയ കള്ളന്മാര്‍ക്കാണ് മദ്യം പണികൊടുത്തത്. കവര്‍ച്ചയ്ക്കു ശേഷം റാക്കിലിരുന്ന മദ്യമെടുത്ത് കഴിച്ചതോടെ പുറത്തിറങ്ങാന്‍ കഴിയാതെ ഉള്ളില്‍ കുടുങ്ങുകയായിരുന്നു.   

 

പതിവുപോലെ രാത്രി പതിനൊന്നു മണിയോടെ കരവട്ടിയിലെ ടാസ്മാക് കട അടച്ചു പോയതാണു ജീവനക്കാര്‍. രണ്ടുമണിയോടെ കരവപ്പെട്ടി പൊലീസിന്റെ പെട്രോളിങ് സംഘം കടയുടെ സമീപമെത്തി. കടയുടെ ഉള്ളില്‍ മദ്യക്കുപ്പികള്‍ താഴെ വീഴുന്ന ശബ്ദം പൊലീസുകാര്‍ ശ്രദ്ധയില്‍പ്പെട്ടു. കടയുടെ മുന്നിലെ സിസിടിവി ക്യാമറകളുടെ വയറുകള്‍ അറുത്തുമാറ്റിയതു കൂടി കണ്ടതോടെ കവര്‍ച്ച ഉറപ്പിച്ചു. പരിശോധനയില്‍ ഒരുവശത്തെ ചുമര്‍ തുരന്നതായി കണ്ടെത്തി. മദ്യക്കുപ്പികള്‍ താഴെ വീഴുന്ന ശബ്ദം ആവര്‍ത്തിച്ചതോടെ ഉള്ളില്‍ ആളുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു.  

 

ചെന്നൈ പള്ളിക്കരണി സ്വദേശി സതീഷ്, വിഴുപ്പുറം സ്വദേശി മുനിയന്‍ എന്നിവരായിരുന്നു കള്ളന്‍മാര്‍. ചുമരു തുരന്നു അകത്തു കയറി മേശവലിപ്പിലുണ്ടായിരുന്ന പതിന്നായിരം രൂപയുമെടുത്തു പുറത്തുകടക്കാന്‍ ഒരുങ്ങുമ്പോഴാണ്  റാക്കുകളില്‍ നിരത്തിവച്ചിരുന്ന മദ്യക്കുപ്പികളില്‍ ഇരുവരുടെയും കണ്ണുകളുടക്കിയത്. പിന്നെ ഇഷ്ടപെട്ട ബ്രാന്‍ഡുകളെല്ലാം വേണ്ടുവോളം കഴിച്ചു. ലഹരി മൂത്തതോടെ പുറത്തിറങ്ങാനാവാതെ  നിന്നുപരുങ്ങിയ ഇരുവരെയും പൊലീസ് വലിച്ചു പുറത്തിറക്കുകയായിരുന്നു. നേരെ സ്റ്റേഷനിലെത്തിച്ച രണ്ടുപേരെയും പിന്നീട് മോഷണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു.