arrest-phone-police

TAGS

മോഷ്ടിക്കാൻ കയറിയ കള്ളൻ തന്നെ ആ വിവരം പൊലീസിനെ വിളിച്ച് അറിയിക്കുന്ന സംഭവം അപൂർവമായിരിക്കും. എന്നാൽ ബംഗ്ലാദേശിലെ ധാക്കയിൽ നിന്നുള്ള വാർത്തയിലെ കള്ളൻ അത്തരത്തിൽ ഒരാളാണ്. കള്ളൻ കയറിയ വിവരം നാട്ടുകാർ അറിഞ്ഞതോടെ പുറത്തുചാടാൻ കഴിയാത്ത വിധം കള്ളൻ കുടുങ്ങി. നാട്ടുകാരുടെ കയ്യിൽ കിട്ടിയാൽ തടി കേടാകുമെന്ന് ഉറപ്പായതോടെ കള്ളൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 40കാരനായ യാസിൻ ഖാനാണ് ഈ ‘പേടി’യുള്ള കള്ളൻ‌.

 

അടച്ചിട്ട പലചരക്ക് കടയിൽ കയറി മോഷ്ടിക്കാൻ ശ്രമിക്കുമ്പോഴാണ് കാര്യങ്ങൾ കൈവിട്ടുപോയത്. മോഷണം കഴിഞ്ഞ് പുറത്തിറങ്ങാൻ നേരമാണ് നേരം വെളുത്തെന്നും നാട്ടുകാർ കടയ്ക്ക് ചുറ്റുമുണ്ടെന്നും ഇയാൾ മനസ്സിലാക്കുന്നത്. കള്ളൻ കയറിയ വിവരം അറിഞ്ഞുതന്നെയാണ് നാട്ടുകാർ കൂടിയിരിക്കുന്നതെന്ന് മനസ്സിലാക്കിയതോടെ കള്ളൻ പിടികൊടുക്കാൻ തീരുമാനിച്ചു. ജനക്കൂട്ടത്തിന്റെ കയ്യിൽ കിട്ടിയാൽ തന്നെ കാര്യം പോക്കാണെന്ന് മനസ്സിലായതോടെ പൊലീസിന്റെ എമർജൻസി നമ്പറിൽ വിളിച്ച് കാര്യം പറയുകയായിരുന്നു. താൻ കള്ളനാണെന്നും മോഷ്ടിക്കാൻ കയറിയപ്പോൾ നാട്ടുകാർ വളഞ്ഞെന്നും അവരുടെ കയ്യിൽ കിട്ടിയാൽ തല്ലിക്കൊല്ലും രക്ഷിക്കണമെന്നും ഇയാൾ ഫോണിൽ വിളിച്ച് പൊലീസിനോട് അഭ്യർഥിച്ചു. ഒടുവിൽ പൊലീസെത്തി ഇയാളെ നാട്ടുകാരിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. മുൻപ് നടത്തിയ മോഷണങ്ങൾ അടക്കം സമ്മതിച്ച ഇയാൾ ഇപ്പോൾ അറസ്റ്റിലാണ്.