TAGS

വളര്‍ത്തുനായയെ പട്ടിണിക്കിട്ട് കൊന്നു എന്ന പരാതിയില്‍ ഉടമയ്ക്കെതിരെ കേസ്. എടക്കാട് സ്വദേശി വിപിന്‍ മോഹനെതിരെയാണ് എലത്തൂര്‍ പൊലിസ് കേസെടുത്തത്. നായയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചതിനുശേഷമായിരിക്കും കേസില്‍ തുടര്‍നടപടി ഉണ്ടാകുക.

 

റോട്ട് വീലര്‍ ഇനത്തില്‍പ്പെട്ട നായയെ പട്ടിണിക്കിട്ട് കൊന്നു എന്നാണ് പരാതി. എടക്കാട് വാടക വീട്ടില്‍ താമസിക്കുകയായിരുന്ന വിപിന്‍ മോഹനാണ് നായയുടെ ഉടമ. ഇയാള്‍ വീടൊഴിഞ്ഞ് പോയപ്പോള്‍ നായയെ അവിടെ ഉപേക്ഷിച്ചു. കൃത്യമായി ഭക്ഷണം നല്‍കിയില്ല. ഇതിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട്  പീപ്പിള്‍സ് ഫോര്‍ അനിമല്‍ പ്രവര്‍ത്തകര്‍ പൊലിസിനെ സമീപിച്ചെങ്കിലും  നടപടി പുരോഗമിക്കുന്നതിനിടെയാണ് ഇത് ചത്തത്.

 

വീട്ടില്‍ നിന്നു ദുര്‍ഗന്ധം വന്നതോടെയാണ് മൃഗസംരക്ഷണ വകുപ്പിന്പരാതി ലഭിച്ചത്. തുടര്‍ന്ന് ജില്ലാ മൃഗസംരക്ഷണ ഒാഫിസറുടെ നിര്‍ദേശ  പ്രകാരം ചിഫ് വെറ്റിനറി ഒാഫിസര്‍ പൊലിസില്‍ പരാതി നല്‍കി. നായയുടെ ജഡത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ട് . പോസ്റ്റുമോര്‍ട്ടത്തില്‍ നായക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. എലത്തൂര്‍  പൊലിസ് കേസെടുത്തിട്ടുണ്ടെങ്കിലും പോസ്റ്റുമോര്‍ട്ടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമായിരിക്കും മറ്റ് നടപടികള്‍ ഉണ്ടാകുക. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള വകുപ്പ് പ്രകാരമാണ് കേസ്