rakhil-gun

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ വനിതാ ഡെന്റൽ ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖിലിനു കൈത്തോക്ക് (പിസ്റ്റൾ) ലഭിച്ചത് എങ്ങിനെയെന്നു കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. രഖിലിന്റെ ക്രിമിനൽ പശ്ചാത്തലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നെല്ലിക്കുഴിയിൽ ഡോ. മാനസ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്തു തന്നെ വാടകയ്ക്കു മുറിയെടുത്ത് ഒരു മാസത്തോളം തങ്ങിയ രഖിൽ ഇവിടെ നിന്നാണോ സ്വദേശമായ കണ്ണൂരിൽ നിന്നാണോ കൈത്തോക്ക് തരപ്പെടുത്തിയതെന്നും വ്യക്തമായിട്ടില്ല. 

 

ഇന്റർനെറ്റ് അധോലോകമായ ഡാർക്െവബ് വഴി കേരളത്തിൽ കൈത്തോക്കുകൾ വിറ്റഴിക്കുന്നതായി സമീപകാലത്തു രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂരിലെ ചില ക്രിമിനൽ സംഘങ്ങളുടെ കൈവശം കൈത്തോക്കുകൾ എത്തിയിട്ടുണ്ട്. ഇക്കാര്യവും അന്വേഷണത്തിൽ പെടുത്തും. പക്ഷേ, മാനസയെ കൊലപ്പെടുത്തിയ ശേഷം രഖിൽ ആത്മഹത്യ ചെയ്തതോടെ അന്വേഷണത്തിൽ പരിമിതികളുണ്ട്. 

 

മാനസയുടെ കൊലപാതകം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച പിസ്റ്റൾ ഇന്ന് ബാലിസ്റ്റിക് വിദഗ്ധരെത്തി പരിശോധിക്കും.