സിനിമകളെ വെല്ലുന്ന രീതിയിൽ ദുബായില്‍ വന്‍തട്ടിപ്പ്. രാജകുമാരിക്ക് പ്രീമിയം ഊദ് വേണമെന്ന വ്യാജേന വ്യാപാരിയെ പറ്റിച്ച രാജ്യാന്തര തട്ടിപ്പു സംഘത്തിലെ നാലുപേരെ ദുബായ് പൊലീസ് പിടികൂടി. ഒരു കോടി ഇരുപതു ലക്ഷം ദിർഹം വിലമതിക്കുന്ന ആഢംബര ഊദ് കവർന്ന എട്ടംഗ സംഘത്തിലുള്ളവരാണ് വലയിലായത്. തട്ടിപ്പിൽ പങ്കാളിയായ വ്യാജ രാജകുമാരി ഉൾപ്പെടെ ഒളിവിലുള്ള ബാക്കി നാലു പ്രതികൾക്കായി രാജ്യാന്തര തലത്തിൽ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. 

പ്രാദേശിക മാർക്കറ്റിലെ പ്രമുഖ ആഡംബര ഊദ് ലക്ഷ്യമിട്ടാണ് പ്രതികൾ വൻ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ദുബായിലേക്ക് വരുന്ന പ്രമുഖ രാജകുമാരിക്ക് വൻ തുകയ്ക്ക് പ്രീമിയം ഊദ് വാങ്ങാൻ താൽപര്യമുണ്ടെന്ന് കാണിച്ച് സംഘത്തിലെ രണ്ടുപേർ കടയുടമയെ സമീപിക്കുകയായിരുന്നു. ഇത് വിശ്വസിച്ച വ്യാപാരി തന്റെ പക്കലുള്ള ഏറ്റവും മികച്ച ഉൽപന്നങ്ങളുടെ വൻ ശേഖരം തയാറാക്കി ഇവരുമായി ബന്ധപ്പെട്ടു. വ്യാപാരിയെ പൂർണമായി വിശ്വസിപ്പിക്കുന്നതിനായി തട്ടിപ്പ് സംഘം ഒരു വലിയ ആഡംബര വസതി ഒരുക്കിയിരുന്നു. അവിടെ വിപുലമായ സുരക്ഷാ ജീവനക്കാരെയും വിഐപി സ്വീകരണവും വൻ അത്താഴവിരുന്നും പ്രതികൾ സജ്ജീകരിക്കുകയും ചെയ്തു. ഈ സൽക്കാരത്തിനിടയിലാണ് രാജകുമാരി ചമഞ്ഞ സ്ത്രീ ഉൾപ്പെടെയുള്ള സംഘം കോടികൾ വിലമതിക്കുന്ന ഊദുമായി കടന്നുകളഞ്ഞത്. പരാതി ലഭിച്ചയുടൻ അതീവ ജാഗ്രതയോടെ അന്വേഷണം നടത്തിയ ദുബായ് പൊലീസ് വെറും പന്ത്രണ്ട് മണിക്കൂറിനുള്ളിൽ പ്രതികളെ കണ്ടെത്തുകയായിരുന്നു. പരിശോധനയിൽ സംഘത്തിലെ ഒരാളെ ആദ്യം അറസ്റ്റ് ചെയ്യുകയും ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് മൂന്ന് പേരെ പിടികൂടുകയുമായിരുന്നു. മോഷ്ടിക്കപ്പെട്ട ആഡംബര ഊദ് പൂർണമായി വീണ്ടെടുത്തതായും ദുബായ് പൊലീസ് അറിയിച്ചു .

ENGLISH SUMMARY:

Dubai luxury oud scam involves an international gang defrauding a merchant by posing as representatives of a princess seeking premium oud. Dubai Police swiftly apprehended four members of the eight-person syndicate within twelve hours, recovering the stolen luxury oud valued at over one crore dirhams.