അടൂർ സഹകരണ ബാങ്കിലെ 75 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയതോടെ സിപിഎം നേതാക്കൾ വേട്ടയാടുന്നു എന്ന പരാതിയുമായി മുതിർന്ന നേതാവിന്റെ ഭാര്യ. അടൂർ സഹകരണ ബാങ്ക് പ്രസിഡന്റും മുൻ എംഎൽഎ ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയുമായ പൊൻതാമരപ്പിള്ളയാണ് ആരോപണവുമായി രംഗത്തെത്തിയത്. ബാങ്കിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
ഒരു വർഷത്തിലധികമായി അടൂർ സഹകരണ ബാങ്ക് പ്രസിഡന്റാണ് മഹിളാ അസോസിയേഷൻ നേതാവ് കൂടിയായ പൊൻതാമരപ്പിള്ള. ഭർത്താവ് ആർ. ഉണ്ണികൃഷ്ണപിള്ള മുൻ എംഎൽഎയും മുൻ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ബാങ്കിലെ മുൻ പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ രവീന്ദ്രനാണ് ക്രമക്കേടുകൾക്ക് പിന്നിൽ എന്നാണ് ആരോപണം. അനധികൃതമായി ലോണുകൾ കൊടുത്തതടക്കം 75 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്നും ഇതോടെയാണ് നേതാക്കൾ തനിക്കെതിരെ തിരിഞ്ഞതെന്നും പൊൻ താമരപിള്ള പറയുന്നു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാൽ ജീവനക്കാരും സിപിഎം നേതാക്കൾക്കൊപ്പമാണ്. ബാങ്ക് സെക്രട്ടറി മാസങ്ങളായി വരുന്നില്ല. രേഖകളടക്കം കയ്യടക്കി വെച്ചിരിക്കുകയാണ്. പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ബാങ്ക് വലിയ നഷ്ടത്തിലാണെന്നും അവർ പറഞ്ഞു.
നാളെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് രാജി വച്ചത്. ഭർത്താവ് ഉണ്ണികൃഷ്ണപിള്ളയ്ക്കൊപ്പമാണ് പൊൻതാമരപ്പിള്ള വാർത്താ സമ്മേളനത്തിന് പത്തനംതിട്ടയിൽ എത്തിയത്. ഭർത്താവ് ഇതിൽ ഇടപെട്ടില്ലെന്നും സിപിഎം നേതൃത്വത്തെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അടൂർ നഗരസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ആളുമാണ് പൊൻ താമരപ്പിള്ള. അഴിമതി വാർത്ത പുറത്തുവന്നതോടെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.