വ്യാജരേഖകള്‍ ചമച്ച് സഹകരണ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് തട്ടിപ്പ്. കോട്ടയം അയര്‍ക്കുന്നം പുന്നത്തുറ സര്‍വീസ് സഹകരണ ബാങ്കിലാണ് പതിനാറു കോടി രൂപയുടെ ക്രമക്കേട് നടന്നത്. വായ്പയെടുക്കാത്തവര്‍ക്ക് ജപ്തി നോട്ടിസ് ലഭിച്ചതോടെ നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിലായി. ബാങ്കിന്‍റെ മുൻ പ്രസിഡന്‍റിന്‍റെയും സെക്രട്ടറിയുടെയും മരണത്തിലും ദുരൂഹതയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ബാങ്കിന്‍റെ നോട്ടിസുമായി ഓഫിസുകൾ കയറിയിറങ്ങുകയാണ് ട്രാവന്‍കൂര്‍ സിമന്‍റ്സ് ജീവനക്കാരനായ മരങ്ങാട്ടുപള്ളി മണ്ണാറമറ്റത്തില്‍ ടോജോ ജോസഫ്. പുന്നത്തുറ സര്‍വീസ് സഹകരണ ബാങ്കിൽ നിന്ന് ഒരു രൂപ പോലും വായ്പയെടുക്കാത്ത ടോജോ ഇപ്പോൾ 30 ലക്ഷം രൂപയാണ് ബാങ്കിൽ തിരിച്ച് അടയ്ക്കേണ്ടത്. ഇങ്ങനെ നിരവധി കുടുംബങ്ങൾക്ക് ബാങ്കിന്‍റെ നോട്ടിസ് ലഭിച്ചു. വ്യാജ വായ്പാ രേഖ ചമച്ച് , വ്യാജ ആധാരം പണയപ്പെടുത്തി ബാങ്കിന്‍റെ മുൻ ഭരണസമിതിയിലെ ചില അംഗങ്ങൾ 16 കോടി രൂപ കൈക്കലാക്കി. 2012 മുതൽ 2022 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് ബാങ്ക് ഓഡിറ്റിലൂടെ കണ്ടെത്തിയത്.
ഡൽഹിയിലുള്ള സുഹൃത്തിനു കടമായി നൽകിയ പണം തിരികെ വാങ്ങാൻ ഡൽഹിയിൽ എത്തിയ ബാങ്ക് മുൻ പ്രസിഡന്‍റ് കെ.യു.സോമശേഖരൻ നായർ രണ്ടുദിവസം മുമ്പ് ഡൽഹിയിൽ വച്ച് മരിച്ചു. ബാങ്ക് സെക്രട്ടറി ബിജു വർഗീസിനെ കഴിഞ്ഞ ജൂണിൽ വീട്ടിലും മരിച്ച നിലയിൽ കണ്ടെത്തി. 1928 ൽ തുടങ്ങിയ ബാങ്കിൽ അടുത്തിടെ മുന്നണി മാറി കളിച്ച ചിലരാണ് പണം കൊണ്ടുപോയതെന്നാണ് നിലവിലെ യുഡിഎഫ് ഭരണസമിതിയുടെ വാദം.