TOPICS COVERED

വ്യാജരേഖകള്‍ ചമച്ച് ഫെഡറല്‍ ബാങ്കില്‍ നിന്ന് 27 കോടി തട്ടിയ സംഘത്തിലെ മുഖ്യകണ്ണി കൊച്ചിയില്‍ ക്രൈംബ്രാഞ്ചിന്‍റെ പിടിയില്‍. അസം സ്വദേശി ഷിറാജുള്‍ ഇസ്ലാമിനെയാണ് ഒന്നരവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ പിടികൂടിയത്.  അഞ്ഞൂറിലേറെ പേരുടെ പാന്‍കാര്‍ഡുകളില്‍ ഫോട്ടോ മാറ്റി ആള്‍മാറാട്ടം നടത്തി ലോണ്‍ സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. 

ഡിവൈഎസ് പി വി. റോയിയുടെ നേതൃത്വത്തില്‍ പതിനഞ്ച് ദിവസത്തിലേറെ അസാമില്‍ തങ്ങി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന്‍റെ തലവനെ ക്രൈംബ്രാഞ്ച് പിടികൂടിയത്. ഫെഡറല്‍ ബാങ്കിന്‍റെ സ്കാല്‍പിയ ആപ്പ് വഴിയായിരുന്നു സംഘത്തിന്‍റെ തട്ടിപ്പ്.  മികച്ച് സിബില്‍ സ്കോറുള്ളവര്‍ക്ക് ആപ്പ് വഴി വീഡിയോ കെവൈസി പൂര്‍ത്തിയാക്കി ലോണ്‍ നല്‍കും. ഈ സൗകര്യത്തെ മറയാക്കിയായിരുന്നു തട്ടിപ്പ്. മികച്ച സിബില്‍ സ്കോറുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച തട്ടിപ്പ് സംഘം അവരുടെ പാന്‍കാര്‍ഡിലെ ചിത്രങ്ങള്‍ക്ക് പകരം പ്രതികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തും.  

ഈ രേഖയാകും ലോണിനായി അപേക്ഷിക്കുമ്പോള്‍ അപ്ലോഡ് ചെയ്യുക. പേരും മേല്‍വിലാസവും യഥാര്‍ഥ ഉടമയുടേത്. മറ്റ് വിവരങ്ങള്‍ തട്ടിപ്പ് സംഘത്തിന്‍റേത്.  വീഡിയോ കെവൈസിയില്‍ ബാങ്ക് ഉദ്യോഗസ്ഥന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നതും തട്ടിപ്പ് സംഘാംഗം. ഇങ്ങനെ അഞ്ഞൂറിലേറെ പേരുടെ വ്യാജ പാന്‍കാര്‍ഡുകള്‍ സജ്ജമാക്കിയാണ് 27 കോടി രൂപ ഷിറാജുള്‍ ഇസ്ലാമിന്‍റെ നേതൃത്വത്തില്‍ തട്ടിയത്. ഷിറാജുള്‍ മാത്രം നാലരകോടിരൂപയാണ് തട്ടിയെടുത്തത്. 

സംഘത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. എസ് പി എന്‍. രാജേഷിന്‍റെ മേല്‍നോട്ടത്തിലായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ അന്വേഷണം. അസമില്‍ മുറിഗാവ് ജില്ലയില്‍ ബോവല്‍ഗിരി എന്ന സ്ഥലത്തായിരുന്നു  ഷിറാജുലിന്‍റെ താമസം. രണ്ടായിരത്തിലേറെ കോഴികളടങ്ങിയ ഫാമും കൊട്ടാരം പോലെയുള്ള വീടുമടക്കം ഷിറാജുല്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.  അസാമില്‍ സമാനമായ മറ്റ് രണ്ട് കേസുകളിലും പ്രതിയാണ് ഷിറാജുല്‍. 

2023ല്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ വര്‍ഷമാണ്  ക്രൈംബ്രാഞ്ച് ഇക്കണോമിക്സ് ഒഫന്‍സ് വിങ് ഏറ്റെടുത്ത അന്വേഷണം ആരംഭിച്ചത്. പ്രതിയുടെ പേരിലുള്ള കാറും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു.

ENGLISH SUMMARY:

Federal Bank fraud mastermind arrested in Kochi. The accused was arrested after a year-long investigation into a 27 crore fraud involving fake documents and identity theft.