Image :facebook/Alia Bhatt (Left), X/Bollywood_Base (Right)

ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ 77 ലക്ഷം രൂപ തട്ടിയ കേസില്‍ മുന്‍ സഹായി വേദിക പ്രകാശ് ഷെട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലിയയുടെ നിര്‍മാണക്കമ്പനിയായ എറ്റേണല്‍ സണ്‍സഷൈന്‍ പ്രൊഡക്ഷന്‍സില്‍ നിന്നും ആലിയയുടെ സ്വകാര്യ അക്കൗണ്ടുകളില്‍ നിന്നുമാണ് വേദിക പണം തട്ടിയത്. മേയ് 2022 നും ഓഗസ്റ്റ് 2024 നും ഇടയിലുള്ള സമയത്താണ് സാമ്പത്തിക തട്ടിപ്പ് നടന്നെതന്ന് പൊലീസ് കണ്ടെത്തി. ആലിയയുടെ അമ്മയും നടിയുമായ സോണി റസ്ദാനാണ് തട്ടിപ്പ് കണ്ടെത്തിയതും പൊലീസില്‍ ജനുവരിയില്‍ പൊലീസില്‍ പരാതിപ്പെട്ടതും. തുടര്‍ന്ന് വഞ്ചനാക്കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 

2021 മുതല്‍ 2024 വരെയാണ് വേദിക ആലിയയുടെ സഹായിയായി ജോലി ചെയ്തത്. ആലിയയുടെ സാമ്പത്തിക കാര്യങ്ങളും പണമിടപാടുകളും  മറ്റു പരിപാടികള്‍ക്കുള്ള ഷെഡ്യൂളുകളും വേദികയാണ് തയ്യാറാക്കിയിരുന്നതെന്ന് പൊലീസ് പറയുന്നു.  വ്യാജ ബില്ലുകള്‍ തയ്യാറാക്കിയ വേദിക ആലിയയെ കൊണ്ട് അതില്‍ ഒപ്പിടുവിച്ച് പണംതട്ടിയെന്നാണ് കണ്ടെത്തല്‍. തീര്‍ത്തും പ്രഫഷനലെന്ന് തോന്നിപ്പിക്കുന്ന മാര്‍ഗങ്ങളാണ് ബില്ലുകള്‍ തയ്യാറാക്കാനടക്കം വേദിക സ്വീകരിച്ചത്. 

ആലിയ ഒപ്പിട്ട ബില്ലുകള്‍ പ്രകാരമുള്ള പണം വേദിക തന്‍റെ കൂട്ടുകാരിയുടെ അക്കൗണ്ടിലേക്കാണ് മാറ്റിയത്. ഇത് പിന്നീട് വേദികയുടെ അക്കൗണ്ടിലേക്കും എത്തി. ആലിയയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയെന്നറിഞ്ഞതിന് പിന്നാലെ വേദിക ഒളിവില്‍ പോയി. രാജസ്ഥാനിലും അവിടെ നിന്ന് കര്‍ണാടകയിലും പിന്നീട് പൂണെയിലും ബെംഗളൂരുവിലുമെല്ലാം ഒളിച്ചു താമസിച്ചു. ഒടുവില്‍ ബെംഗളൂരുവില്‍ നിന്ന് വേദികയെ ജൂഹു പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ENGLISH SUMMARY:

Vedika Prakash Shetty, Alia Bhatt's ex-assistant, has been arrested for a ₹77 lakh financial fraud. She is accused of creating fake bills and manipulating Alia into signing them, siphoning money from the actress's production house and personal funds between 2022 and 2024.