പന്തീരാങ്കാവിൽ സ്വകാര്യബാങ്കിനെ കബളിപ്പിച്ച് 40 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി ഷിബിൻ ലാലിന്റെ പക്കൽ നിന്ന് കണ്ടെത്താനായത് 55,000 രൂപ മാത്രം. ബാക്കി പണം പ്രതി പാലക്കാട്ടെ രണ്ട് പേർക്ക് കൈമാറിയതായി അന്വേഷണസംഘം കണ്ടെത്തി. പണം കൈപ്പറ്റിയവർ നിലവിൽ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
കോഴിക്കോട് യൂണിവേഴ്സിറ്റി പരിസരത്ത് വെച്ച് ബസ് യാത്രക്കിടെയാണ് പന്തീരാങ്കാവ് സ്വദേശിയായ ഷിബിൻ ലാൽ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 55,000 രൂപയാണ് കണ്ടെത്തിയത്. തനിക്ക് ഒരു ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും അതിൽ 50,000 രൂപ ചെലവാക്കിയെന്നും ബാക്കി തുക കയ്യിലുണ്ടെന്നുമായിരുന്നു പ്രതിയുടെ ആദ്യ മൊഴി. എന്നാൽ, 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതിയിൽ നിന്ന് ഇത്രയും കുറഞ്ഞ തുക മാത്രം കണ്ടെത്തിയത് പൊലീസിനെ ഞെട്ടിച്ചു.
ബാക്കി 39 ലക്ഷം രൂപ പാലക്കാട്ടെ രണ്ട് പേർക്ക് കൈമാറിയെന്ന് ഷിബിൻ ലാൽ മൊഴി നൽകിയിട്ടുണ്ട്. ഈ രണ്ട് പേർക്കും കേസിൽ പങ്കുണ്ടെന്നും പണം തട്ടിയെടുക്കുന്നതിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. പണം തട്ടിയെടുത്ത സമയത്ത് സ്ഥലത്തുണ്ടായിരുന്ന ബാങ്ക് ജീവനക്കാരെ രണ്ടാം ദിവസവും പൊലീസ് ചോദ്യം ചെയ്തു.
പ്രതി പണം തട്ടിയെടുക്കാൻ ഉപയോഗിച്ച സ്കൂട്ടർ ഇന്നലെ ഒളവണ്ണയിലെ കോഴിക്കോടൻ കുന്നിൽ നിന്നും കണ്ടെത്തിയിരുന്നു. ബുധനാഴ്ചയാണ് ഷിബിൻ ലാൽ സ്വകാര്യ സ്ഥാപനത്തിൽ പണയം വെച്ച സ്വർണ്ണം സ്വകാര്യ ബാങ്കിലേക്ക് മാറ്റി വെക്കാനെന്ന വ്യാജേന ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ കവർന്നത്.