മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷോണ്‍ ആന്‍റണി, ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. ഈ ഘട്ടത്തിൽ കേസ് റദ്ദാക്കാനാവില്ലെന്നും കേസില്‍ അന്വേഷണം തുടരാമെന്നും ജസ്റ്റിസ് വി.ജി.അരുൺ വ്യക്തമാക്കി.

സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിന്‍റെ പരാതിയിലാണ് ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സിനിമയ്ക്കായി പലപ്പോഴായി മുടക്കിയ 7 കോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനൽകിയില്ലെന്നായിരുന്നു സിറാജിന്‍റെ പരാതി. തുടര്‍ന്ന് ഇതില്‍ അന്വേഷണത്തിന് എറണാകുളം മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിര്‍മാതാക്കള്‍ക്കെതിരെ ചുമത്തിയത്.

2022 നവംബർ 30ന് 5.99 കോടി രൂപ പറവ ഫിലിംസിന്റെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. പിന്നീട് 50 ലക്ഷം രൂപ ഷോൺ ആന്റണിയുടെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലും നൽകി. ഇതിനൊപ്പം 51 ലക്ഷം രൂപ പലപ്പോഴായി പണമായി കൈപ്പറ്റിയെന്നും സിറാജ് മൊഴി നല്‍കിയിരുന്നു. കരാർ പ്രകാരം പരാതിക്കാരനു 40 കോടി രൂപയുടെ അർഹതയുണ്ടെന്നും അതു നൽകിയില്ലെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

In a major setback for the producers of the hit film Manjummel Boys, the Kerala High Court has dismissed their plea to quash the financial fraud case filed against them. Producers Shaun Antony, Babu Shahir, and Soubin Shahir face serious charges including criminal conspiracy, breach of trust, and forgery based on a complaint by Siraj Valiyathara Hameed from Aroor. The complaint alleges that ₹7 crore invested in the film was neither returned nor accounted for through profit-sharing. Justice V.G. Arun ruled that the case cannot be dismissed at this stage and permitted further investigation. The case stems from financial transactions dating back to November 2022 involving multiple bank deposits and cash payments.