• സമാഹരിച്ച കോടികള്‍ അനന്തു പലവഴികളില്‍ ചെലവിട്ടു?
  • എന്‍ജിഒകള്‍ സമാഹരിച്ച് നല്‍കിയ പണത്തിന്‍റെ ഉറവിടം അന്വേഷിക്കും
  • സ്കൂട്ടറിന്‍റെ പേരില്‍ മാത്രം സമാഹരിച്ചത് 240 കോടി

പാതിവില തട്ടിപ്പില്‍ ഹവാല, കള്ളപ്പണമിടപാടുകള്‍ സംശയിച്ച് പൊലീസ്. അഞ്ഞൂറുകോടിയിലേറെ രൂപ എത്തിയ അനന്തുകൃഷ്ണന്‍റെ അക്കൗണ്ടില്‍ മിച്ചമുള്ളത് അഞ്ച് കോടിയില്‍ താഴെ മാത്രം. ഓരോ സ്കൂട്ടറിനും കമ്മിഷന്‍ വാങ്ങിയ അനന്തുകൃഷ്ണന്‍ ഇരുചക്ര വാഹന ഡീലര്‍മാര്‍ക്ക് നല്‍കാനുള്ളത് നാല്‍പത് കോടിയിലേറെ രൂപയാണ്. 

സംസ്ഥാന വ്യാപകമായി വിവിധ എന്‍ജിഒകളില്‍ നിന്ന് ശേഖരിച്ച ശതകോടികള്‍ അനന്തുകൃഷ്ണന്‍റെ19 അക്കൗണ്ടുകളിലേക്കാണ് എത്തിയത്. 2022 ഡിസംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് ഈ പണമെത്തിയത്.ഒക്ടോബറില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുമ്പോള്‍ ആകെയുണ്ടായിരുന്നത് നാലരക്കോടി മാത്രം. ബാക്കി പണമെവിടെയെന്ന അന്വേഷണാണ് ഹവാല, കള്ളപ്പണമിടപാടുകളിലേക്ക് നയിക്കുന്നത്. 

പകുതിവിലയായി സമാഹരിച്ച തുക വകമാറ്റി വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ നിക്ഷേപങ്ങളാക്കിമാറ്റിയതായും സംശയമുണ്ട്. ഒന്നേകാല്‍ കോടി മുടക്കി നാല് വസ്തുക്കളും രണ്ട് കാറുകളും വാങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തി.എന്‍ജിഒകള്‍ സമാഹരിച്ച് നല്‍കിയ പണത്തിന്‍റെ ഉറവിടവും അന്വേഷിക്കാനാണ് പൊലീസിന്‍റെ തീരുമാനം. 

പാതിവിലയ്ക്ക് പതിനെണ്ണായിരം സ്കൂട്ടറുകള്‍ സംസ്ഥാന വ്യാപകമായി വിതരണം ചെയ്തുവെന്നാണ് അനന്തുകൃഷ്ണന്‍ പൊലീസിന് നല്‍കിയ കണക്ക്.സ്കൂട്ടറിന്‍റെ പേരില്‍ മാത്രം 240 കോടി രൂപയാണ് സമാഹരിച്ചത്.ഇതിന്‍റെ പകുതിപണം വാഹന ഡീലര്‍മാര്‍ക്ക് വിതരണം ചെയ്ത് വിശ്വാസ്യത ആര്‍ജിച്ചു.ഒരു സ്കൂട്ടറിന് ചുരുങ്ങിയത് അയ്യായിരം രൂപ അനന്തുവിന് ഡീലര്‍മാര്‍ കമ്മിഷനായി നല്‍കി. സംസ്ഥാനത്തെ വിവിധ ഡീലര്‍മാര്‍ക്ക് ലക്ഷങ്ങള്‍ മുതല്‍ കോടികളാണ് ലഭിക്കാനുള്ളത്. 

സ്കൂട്ടറുകളുടെ വിതരണത്തിന് ജനപ്രതിനിധികള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള പ്രമുഖരെ ഭാഗമാക്കിയതിന് പിന്നിലും അനന്തുവിന്‍റെ ബുദ്ധിയാണ്. ഇവരെ അനന്തു നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും എന്‍ജിഒ ഭാരവാഹികള്‍ മുഖേനയാണ് ക്ഷണിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

ENGLISH SUMMARY:

Police suspect hawala and money laundering in the half price payment scam. While over ₹500 crore was credited to Ananthakrishnan’s account, less than ₹5 crore remains. Ananthakrishnan, who earned a commission on each scooter, owes over ₹40 crore to two-wheeler dealers.