പെരുമ്പാവൂരില്‍ ലോണ്‍ മാഫിയയുടെ ഭീഷണിയില്‍ യുവതി ആത്മഹത്യ ചെയ്തതില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. യുവതിയെ ലോണ്‍ ആപ്പ് മാഫിയ ഭീഷണിപ്പെടുത്തിയത് പ്രോസസിങ് ഫീസ് തിരികെ ചോദിച്ചതിന്. ഈസി ലോണ്‍ ഉള്‍പ്പടെ അഞ്ചോളം ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളാണ് മരിച്ച ആരതി ഉപയോഗിച്ചിരുന്നത്.
ഓണ്‍ലൈന്‍ റമ്മികളിച്ച് സാമ്പത്തിക നേട്ടമുണ്ടായതാണ് ആരതിയെ ലോണ്‍ ആപ്പുകളിലേക്ക് എത്തിച്ചത്. റമ്മികളിച്ച് ആദ്യം പണം ലഭിച്ചു. പിന്നീട് കൈയ്യിലുള്ള പണം നഷ്ടമായി തുടങ്ങി. ഇതോടെ ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി പതിനായിരം രൂപയ്ക്ക് താഴെ ലോണ്‍ എടുത്തു. ഈസി ലോണ്‍, ഇന്‍സ്റ്റ ലോണ്‍ തുടങ്ങി അഞ്ച് ആപ്പുകള്‍ വഴിയാണ് ആരതി ലോണ്‍ എടുത്തത്. പിന്നീട് ഒരു ലക്ഷം രൂപയുടെ വായ്പയ്ക്ക് ആരതി ശ്രമിച്ചു. ഇതിന്‍റെ നടപടി ക്രമങ്ങളുടെ ഭാഗമായി പതിനായിരത്തിലധികം രൂപ ഈടാക്കിയെങ്കിലും ലോണ്‍ ലഭിച്ചില്ല. ഈ പണം തിരികെ ചോദിച്ചത് മുതലാണ് ആരതിയെ ഭീഷണിപ്പെടുത്തി തുടങ്ങിയത്.
നേരത്തെയെടുത്ത ലോണ്‍ വേഗത്തില്‍ അടച്ചു തീര്‍ക്കണമെന്ന് ദാതാക്കള്‍ വാട്സ്ആപ്പ് വഴി മെസേജുകള്‍ അയച്ചു തുടങ്ങി. പിന്നീട് അത് ഭീഷണിയായി മാറി. ആരതിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ അയച്ചും ഭീഷണിപ്പെടുത്തി. ഫോണിലെ ഗ്യാലറിയിലെ ഉള്‍പ്പടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് അനുമതി നല്‍കിയാലെ ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയൂ. ഇതിലൂടെ ആരതിയുടെ ചിത്രങ്ങളും മറ്റും ലോണ്‍ ദാദാക്കള്‍ ശേഖരിച്ചുവെന്നാണ് പൊലീസിന്‍റെ നിഗമനം. വിദേശത്തായിരുന്ന ഭര്‍ത്താവിനോട് റമ്മി കളിച്ച് ആദ്യം പണം ലഭിച്ച കാര്യം മാത്രമാണ് പറഞ്ഞിരുന്നത്. നാട്ടുകാരില്‍ ചിലരില്‍ നിന്നും ആരതി കടം വാങ്ങിയിരുന്നു. ഈ പണമെല്ലാം ഓണ്‍ലൈന്‍ ഗെയിമിന് വേണ്ടിയാണോ ഉപയോഗിച്ചതെന്നും പൊലീസ് പരിശോധിക്കുകയാണ്.