സൈബര്‍ തട്ടിപ്പിന് അക്കൗണ്ടുകള്‍ വാടകയ്ക്കു നല്‍കുന്ന ആറംഗ സംഘം കോഴിക്കോട് വടകരയില്‍ അറസ്റ്റില്‍. ഓപ്പറേഷന്‍ സൈ ഹണ്ടിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ തട്ടിയെടുക്കുന്ന പണം, വെളുപ്പിച്ചെടുക്കുന്ന സംഘം പിടിയിലായത്.

തടിയനങ്ങാതെ പണമുണ്ടാക്കാനുള്ള മാര്‍ഗം!

എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവരാണ് സ്വന്തം ബാങ്ക് അക്കൗണ്ട് ഊരോ പേരോ അറിയാത്തവര്‍ക്ക് വാടകയ്ക്ക് നല്‍കി കേസില്‍ പ്രതികളാവുന്നത്. കാര്യമായ ഇടപാടുകളില്ലാതെ കിടന്നിരുന്ന അക്കൗണ്ടുകളില്‍ അടുത്തിടെ വമ്പന്‍ പണക്കൈമാറ്റം നടന്നാല്‍ ബാങ്കുകള്‍ തന്നെ സൈബര്‍ ക്രൈം സംഘത്തിന് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ഇങ്ങനെയുള്ള അക്കൗണ്ട് ഇടപാടുകള്‍ നിരീക്ഷിച്ചാണ് വടകര പൊലീസ് സംഘത്തെ പിടികൂടിയത്. തിരുവള്ളൂർ സ്വദേശി അരുൺ, ചോറോട് സ്വദേശികളായ വിവേക് സന്തോഷ്, ദേവ്ജിത്ത്, കോട്ടപ്പള്ളി സ്വദേശികളായ അനുരാഗ്, ഷൗക്കത്തലി, മേമുണ്ട സ്വദേശി സജീഷ് എന്നിവരാണ് അറസ്റ്റിലായത്.

ആദ്യം പണം മ്യൂള്‍ അക്കൗണ്ടിലേക്ക്

വിവിധ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സംഘം പലതരത്തിലുള്ള തട്ടിപ്പിലൂടെയും ഫിഷിങിലൂടെയും തട്ടിയെടുക്കുന്ന പണം ആദ്യം അയക്കുന്നത് വാടക അക്കൗണ്ടുകളിലേക്കാണ്. ഇതിന് വലിയ കമ്മിഷനും സംഘം നല്‍കും. പിന്നീട് ബാങ്ക് അക്കൗണ്ട് ഉടമകളെ കൊണ്ടുതന്നെ തട്ടിപ്പ് സംഘത്തിന്‍റെ അക്കൗണ്ടുകളിലേക്ക് ഈ പണം തിരിച്ച് അയപ്പിക്കും. ഇതോടെ തട്ടിപ്പ് സംഘത്തിലേക്ക് പെട്ടൊന്നും അന്വേഷണം എത്തില്ല. കൂടാതെ നിയമവിരുദ്ധമായി നേടിയെടുത്ത പണം വെളിപ്പിച്ചെടുക്കാനും ഈ മാര്‍ഗം ഉപയോഗിക്കുന്നു.

ചെക്കുകള്‍ നല്‍കിയും എ.ടി.എം വഴി പിന്‍വലിച്ചുമാണ് തട്ടിപ്പു സംഘത്തിന്റെ അക്കൗണ്ടുകളിലേക്ക് പണം അയച്ചുനല്‍കിയിരുന്നത്. ഇത്തരത്തില്‍ പിടിയിലായ ദേവ്ജിത്തിന്റെ അക്കൗണ്ടിലൂടെ ചെറിയ കാലയളവില്‍ 13.46 ലക്ഷം രൂപയും അനുരാഗിന്റെ അക്കൗണ്ടിലൂടെ 9.10 ലക്ഷം രൂപയുമാണു വെളുപ്പിച്ചെടുത്തത്. സജീഷ് 4.60 ലക്ഷവും ഷൗക്കത്തലി 4.59 ലക്ഷവും ഇങ്ങനെ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്കു കൈമാറി. സമാന രീതിയില്‍ അക്കൗണ്ട് വാടകയ്ക്ക് നല്‍കിയതിന് 21 പേര്‍ക്കെതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി തിരച്ചില്‍ തുടരുകയാണ്.

ENGLISH SUMMARY:

The Vadakara police arrested a six-member gang for renting out their personal bank accounts to cybercriminals as part of Operation Cy-Hunt. The operation targeted a network involved in laundering money obtained through various online scams and phishing activities. Investigation revealed that the suspects received high commissions to transfer illicit funds into main scammer accounts using ATM withdrawals and cheques. Police have also registered cases against 21 other individuals for similar offenses and are currently searching for the remaining suspects.