neyyatinkara-pocso-verdict-37-years

പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ച ഓട്ടോ ഡ്രൈവർക്ക് 37 വർഷം തടവ്ശിക്ഷ വിധിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി. നെയ്യാറ്റിൻകര കൊടുങ്ങാവിള ചരിവുവിള വീട്ടിൽ റെസ്റ്റിൻദാസിനെയാണ് (46) പോക്സോ കോടതി ജഡ്ജി കെ.എം സുജ ശിക്ഷിച്ചത്. 

വിവിധ വകുപ്പുകളിലായി 37 വർഷം കഠിന തടവിനും രണ്ട് ലക്ഷത്തി പതിനായിരം രൂപ പിഴ ഒടുക്കുവാനും കോടതി വിധിച്ചു. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റെസ്റ്റിൻദാസാണ് കുട്ടിയെ ഓട്ടോയില്‍ സ്കൂളിൽ നിന്നു വിളിച്ചു കൊണ്ടുവന്നുകൊണ്ടിരുന്നത്. ആദ്യം ഇയാള്‍ കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തുകയും, അത് മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു.

ഈ വിഡിയോ എല്ലാവരെയും കാണിക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും റെസ്റ്റിൻദാസ് കുട്ടിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഓട്ടോയിൽ കയറ്റി കുട്ടിയെ തൃപ്പരപ്പിൽ തട്ടികൊണ്ടുപോയി വീണ്ടും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ് വിനോദ്, അഡ്വക്കേറ്റ് മായാദേവി എന്നിവർ ഹാജരായി. നെയ്യാറ്റിൻകര എസ് എച്ച് ഒ ആയിരുന്ന കെ എസ് അരുണാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 

ENGLISH SUMMARY:

Neyyatinkara POCSO court has sentenced an auto driver to 37 years in prison for the sexual abuse and abduction of a 10th-class student. This significant verdict under the POCSO Act highlights the severity of child sexual abuse crimes in Kerala.