രാജ്യവ്യാപകമായി നടന്ന കോടികളുടെ സൈബർ തട്ടിപ്പുകൾക്ക് സഹായം നൽകിയ നാല് ബാങ്ക് ഉദ്യോഗസ്ഥരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പുകാർക്ക് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാനും നിയമവിരുദ്ധമായി പണം കടത്താനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സഹായിച്ചവരാണ് പിടിയിലായത്. ഡൽഹി പൊലീസിന്റെ പ്രത്യേക സൈബർ വിംഗിന്റെ നേതൃത്വത്തിൽ നടന്ന 'ഓപ്പറേഷൻ സൈഹോക്ക് 5.0' എന്ന ദൗത്യത്തിലൂടെയാണ് പിടിയിലായത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരകളുടെ പണം നിക്ഷേപിക്കാനും പിന്നീട് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനും ബാങ്കിങ് മാനദണ്ഡങ്ങൾ ലംഘിച്ച നാല് പേരാണ് അറസ്റ്റിലായത്.

പബിത്ര കുമാർ ബിസ്വാൾ (42) - ഡെപ്യൂട്ടി മാനേജർ, നാഷണൽ അർബൻ കോഓപ്പറേറ്റീവ് ബാങ്ക് (ന്യൂ കോണ്ട്ലി ബ്രാഞ്ച്): തട്ടിപ്പുകാർക്കായി കെ.വൈ.സി (KYC) മാനദണ്ഡങ്ങൾ പൂർണ്ണമായും ലംഘിച്ച് വ്യാജ കമ്പനിയുടെ പേരിൽ അക്കൗണ്ട് തുറന്നു നൽകി. ഈ ഒരു ഒരൊറ്റ അക്കൗണ്ടുമായി ബന്ധപ്പെട്ട് മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 159 സൈബർ തട്ടിപ്പ് പരാതികളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഉദയ് രാജ് യാദവ് - റിലേഷൻഷിപ്പ് മാനേജർ, ഐ.സി.ഐ.സി.ഐ ബാങ്ക് (സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് നഗർ ബ്രാഞ്ച്): സാധാരണക്കാരെ സ്വാധീനിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറപ്പിക്കുകയും, പിന്നീട് ഈ അക്കൗണ്ടുകൾ സൈബർ തട്ടിപ്പുകാർക്ക് പണം കൈമാറാൻ കൈമാറുകയും ചെയ്തു. ഇത്തരത്തിൽ 13 ലക്ഷത്തിലധികം രൂപ യു.പി.ഐ (UPI) വഴിയും ചെക്കുകൾ വഴിയും മാറ്റിയെടുത്തതായി കണ്ടെത്തി.

വിശ്വാസ് മീന - സെയിൽസ് എക്സിക്യൂട്ടീവ്, പഞ്ചാബ് നാഷണൽ ബാങ്ക് (മയൂർ വിഹാർ ബ്രാഞ്ച്): രാജസ്ഥാനിലെ ദൗസ ജില്ലയിലുള്ള സാധാരണക്കാരുടെ പേരിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ചു നൽകി. ഇവരിൽ നിന്ന് ഡെബിറ്റ് കാർഡുകൾ, ചെക്ക് ബുക്കുകൾ, സൈൻ ചെയ്ത ചെക്കുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. ഇയാൾ വാട്സ്ആപ്പ് വഴി ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തിയതായും തെളിവുകളുണ്ട്.

അജയ് കുമാർ (28) - സെയിൽസ് മാനേജർ, ആക്സിസ് ബാങ്ക് (ഷാലിമാർ ബാഗ് ബ്രാഞ്ച്): ഒരേ ബ്രാഞ്ചിൽ തന്നെ വ്യാജ പേരുകളിൽ 7 കറന്റ് അക്കൗണ്ടുകൾ ആരംഭിച്ച് തട്ടിപ്പ് പണം കൈമാറാൻ സൗകര്യമൊരുക്കി നൽകിയതിനാണ് ഇയാൾ പിടിയിലായത്.

ബാങ്ക് ഉദ്യോഗസ്ഥർ തങ്ങളുടെ പദവി ദുരുപയോഗം ചെയ്ത് നിർബന്ധിത ബാങ്കിങ് നടപടിക്രമങ്ങൾ കാറ്റിൽപ്പറത്തിയാണ് തട്ടിപ്പുകാർക്ക് പണം കടത്താൻ വഴിയൊരുക്കിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഹേമന്ത് തിവാരി വ്യക്തമാക്കി. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാനും പിന്നീട് വെളുപ്പിക്കാനും (Layering and Settlement) ഈ ഉദ്യോഗസ്ഥർ നേരിട്ട് സഹായിച്ചു. പ്രതികളിൽ നിന്ന് നിരവധി ഡിജിറ്റൽ തെളിവുകളും ബാങ്ക് കിറ്റുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

Delhi Police have arrested four bank officials for facilitating a nationwide multi-crore cyber fraud by abusing their official positions to create fake bank accounts. The accused individuals, representing major banks like ICICI and Axis, were apprehended under Operation Syhawk 5.0 for helping criminals launder and transfer illegally acquired money.