സോഷ്യല്‍മീഡിയയിലെ തന്‍റെ ചിത്രങ്ങള്‍ അശ്ലീലഗ്രൂപ്പുകളില്‍ പങ്കുവച്ച യുവാവിനെതിരെ പരാതി നല്‍കി അഡ്വക്കേറ്റ്. സാന്ദ്ര സദാനന്ദന്‍. കേരള ഹൈക്കോടതിയില്‍ മുന്‍പ് പ്രാക്ടീസ് ചെയ്തിരുന്ന സാന്ദ്ര ആറു വര്‍ഷമായി ലണ്ടനിലാണ് ജോലി ചെയ്യുന്നത്. അകന്ന ബന്ധു കൂടിയായ യുവാവ് ഇതിനോടകം മലപ്പുറം വള്ളിക്കുന്ന് ഗ്രാമത്തിലേതുള്‍പ്പെടെയുള്ള പെണ്‍കുട്ടികളുടേയും അമ്മമാരുടേയും ആന്‍റിമാരുടേയും ചിത്രങ്ങള്‍ ഇതേ ഗ്രൂപില്‍ പങ്കുവച്ചിട്ടുണ്ടെന്നാണ് സാന്ദ്ര സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നത്.

കോഴിക്കോട് രാമനാട്ടുകര സ്വദേശിനിയാണ് അഡ്വ. സാന്ദ്ര. സംഭവിച്ചതെന്തെന്ന് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ വ്യക്തമാക്കുകയാണ് ഇവര്‍–‘ഞാന്‍ ഏറെ മാനസിക സമ്മര്‍ദ്ദത്തിലാണ്, സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ലാത്ത താന്‍ ഈ അടുത്ത കാലത്തായി ചില സ്ക്രീന്‍ ഷോട്ടുകളും സ്റ്റാറ്റസുകളും പങ്കുവച്ചിരുന്നു. ഇതെല്ലാം ഈ വിഷയവുമായി ബന്ധപ്പെട്ടാണ്, ഏപ്രില്‍ 10ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന സമയത്ത് അനിയന്‍ തന്നെ വിളിച്ചു, ചേച്ചീ നിന്‍റെ ഫോട്ടോ, അടുത്ത കാലത്തായി പോസ്റ്റ് ചെയ്ത ഫോട്ടോ, ടെലഗ്രാമിലെ തുണ്ട് ഗ്രൂപിലുണ്ട്, അതായത് ന്യൂഡ് ചിത്രങ്ങള്‍ മാത്രം പോസ്റ്റ് ചെയ്യുന്ന ഗ്രൂപില്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. അതുകേട്ട ഷോക്ക് ഇപ്പോഴും മാറിയിട്ടില്ല.

‘ചിത്രങ്ങളും വിഡിയോകളുമുണ്ട്, ഈ ചിത്രങ്ങളെല്ലാം പോസ്റ്റ് ചെയ്തത് ‘നിതിന്‍ കിച്ചു’ എന്ന പേരുള്ള ഒരാളാണ്, മലപ്പുറം വള്ളിക്കുന്ന്, അരിയല്ലൂര്‍ സ്വദേശിയാണെന്നും അറിഞ്ഞു. ഇവന്‍ തന്‍റെ അകന്ന ബന്ധത്തിലുള്ളതാണെന്നും സാന്ദ്ര പറയുന്നു. എന്നാല്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല, ഫെയ്സ്ബുക്കില്‍ ഉളള ബന്ധം മാത്രമാണ്. പിന്നീട് മറ്റൊരാള്‍ വഴി ഇവന്‍റെ കുടുംബവുമായി ബന്ധപ്പെടാന്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. അവന്‍റെ ബ്രദര്‍ ഇന്‍ ലോ ആണ് ആദ്യം സംസാരിച്ചത് . അവന്‍റെ സ്വഭാവം മോശമാണെന്നും അന്നും ഒരു കേസ് തീര്‍ത്ത് വരികയാണെന്നും ആറുമാസം മുന്‍പും സമാനമായ തരത്തില്‍ ഒരു സംഭവമുണ്ടായെന്നും ബ്രദര്‍ ഇന്‍ ലോ പറയുന്നു.

‘അവന്‍റെ ഹോബിയാണത്രേ അത്, ഈ സംഭവമുണ്ടായ ദിവസം താന്‍ ഉറങ്ങിയില്ല. ഓരോ സെക്കന്‍റും ഓരോ പെണ്‍കുട്ടി വീതം ഇങ്ങനെ അബ്യൂസ് ചെയ്യപ്പെടുകയാണല്ലോയെന്നോര്‍ത്തു. ഇവനെതിരെ നിയമപരമായി ഏതറ്റം വരെ പോകുമെന്നും ചിന്തിച്ചു. ഫോണെടുത്ത് അവന്‍റെ പ്രൊഫൈല്‍ വ്യക്തമാകും വിധം സ്ക്രീന്‍ഷോട്ട് ചേര്‍ത്ത് ‘ ഈ ആളെ സൂക്ഷിക്കണം’ എന്ന് പറഞ്ഞു പോസ്റ്റിട്ടു, ഈ പോസ്റ്റിട്ടതിനു പിന്നാലെകണ്ണൂര്‍ മാഹി സ്വദേശിയായ ഒരു ചെറിയ പെണ്‍കുട്ടി തന്നെ വിളിച്ചു, ആ കുട്ടിയ്ക്കും സമാനമായ ദുരനുഭവം ഉണ്ടായെന്നറിഞ്ഞു. ‘ അവനാരെന്നും എന്തെന്നും ആ പെണ്‍കുട്ടി തന്നെ കണ്ടുപിടിച്ചു. സഹോദരന്‍മാരേയും കൂട്ടി അവള്‍ കണ്ണൂരില്‍ നിന്നും വള്ളിക്കുന്നിലെ അവന്‍റെ വീട്ടില്‍ വന്നു. സംസാരിച്ചു, അവനെല്ലാം സമ്മതിച്ചു, പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക്, പരാതിപ്പെട്ടു.

ഒരു മണിക്കൂര്‍ പൊലീസ് അവന്‍റെ ഫോണ്‍ വാങ്ങിവച്ചു. പെണ്‍കുട്ടിയും ബന്ധുക്കളും തിരിച്ചുപോന്ന ശേഷം , കൃത്യമായി പറഞ്ഞാല്‍ ഒരു മണിക്കൂറിനു ശേഷം ആ ഫോണ്‍ തിരികെ കൊടുത്തു, അതെങ്ങനെ സംഭവിച്ചു? അവനെ പ്രൊട്ടക്ട് ചെയ്യാന്‍ വള്ളിക്കുന്ന് പൊലീസില്‍ ആരൊക്കെയോ ഉണ്ട്. അവള്‍ എന്തായാലും ഫൈറ്റ് ചെയ്യും. ‘ഈ ഗ്രൂപ്പ് ഡിപി പോലും തന്‍റെ ചിത്രമാണെന്നും അതില്‍ പങ്കുവച്ച ചിത്രങ്ങള്‍ അങ്ങേയറ്റം കാണാന്‍ പറ്റാത്ത രീതിയിലുള്ളതാണെന്നും സാന്ദ്ര പറയുന്നു. ഇത് തനിക്ക് അംഗീകരിക്കാനാവില്ലെന്നും അവനെതിരെ ഏതറ്റം വരേയും പോകാന്‍ തയാറാണെന്നും അഡ്വ.സാന്ദ്ര പറയുന്നു.

തന്‍റെ പോസ്റ്റ് കണ്ട് ഇവന്‍റെ ചേച്ചി വിളിച്ചിട്ട് ജീവിതം നശിപ്പിക്കരുതെന്ന് തന്നോട് പറഞ്ഞു, അവരോട് ചോദിക്കട്ടേ മറ്റ് പെണ്‍കുട്ടികള്‍ക്കൊന്നും ജീവിതമില്ലേ? അവരുടെ അച്ഛന്‍ ഹെര്‍ണിയ രോഗിയാണെന്നതായിരുന്നു കേസില്‍ നിന്നും പിന്‍മാറാനായി ആവശ്യപ്പെട്ട് പിന്നീട് പറഞ്ഞ വാദം. എന്നാല്‍ തന്‍റെ അച്ഛനെ 2013ല്‍ നഷ്ടമായതാണെന്നും അമ്മ സര്‍ജറി കഴിഞ്ഞ് കിടക്കുകയാണെന്നും അവര്‍ക്കൊന്നും വേദനയില്ലേയെന്നും സാന്ദ്ര ചോദിക്കുന്നു. ‘വള്ളിക്കുന്ന് പരിസരത്തുള്ള അമ്മമാരോടും പെണ്‍കുട്ടികളോടും പറയാന്‍ ഒരേഒരു കാര്യമേയുള്ളൂ, സൂക്ഷിക്കണം, അന്നാട്ടിലെ എല്ലാ സ്ത്രീകളുടെയും ചിത്രങ്ങളും അവന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രായമുള്ള ആന്‍റിവരെ ഈ ഗ്രൂപിലുണ്ട്, ഒന്നാംക്ലാസുകാരിയായ യൂണിഫോമിട്ട പെണ്‍കുട്ടി വരെ അതിലുള്‍പ്പെടും, എന്‍റെ അനിയത്തിക്കുട്ടിയുടെ ഫോട്ടോയും ആ ഗ്രൂപില്‍ കണ്ടു’ ‘ഇവന് മാനസിക പ്രശ്നമുണ്ടെന്ന രീതിയില്‍ സര്‍ട്ടിഫിക്കറ്റ് ഫാബ്രിക്കേറ്റ് ചെയ്യുന്നുവെന്നാണ് താനിപ്പോള്‍ അറിയുന്നത്. തനിക്കും സഹോദരങ്ങള്‍ക്കുമെതിരെ കളളക്കേസ് ഉണ്ടാക്കാനുളള ശ്രമവും അവന്‍റെ ഭാഗത്തുനിന്നും നടക്കുന്നുണ്ട്. തന്‍റെ സ്വകാര്യജീവിതം, അഭിമാനം,ഇതെല്ലാം നഷ്ടപ്പെടുത്തിയതില്‍ അവന്‍ മറുപടി പറഞ്ഞേ തിരൂ, മലപ്പുറം എസ്പി, സൈബര്‍ സെല്‍, പരപ്പനങ്ങാടി ,മാഹി,ബേപ്പൂര്‍,എന്നിവിടങ്ങളിലെല്ലാം പരാതി ഫയല്‍ ചെയ്തിട്ടുണ്ട്.

എല്ലാ പെണ്‍കുട്ടികളും ഇത്തരം ഗ്രൂപുകളില്‍ തന്‍റെ മുഖമില്ലെന്ന് ബോധ്യപ്പെടേണ്ടതാണെന്നും ഇത്തരക്കാരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു. ഭ്രാന്തെനെന്ന് മുദ്ര കുത്താതെ ഇവനെയൊക്കെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ഇവനൊക്കെ ഏതെങ്കിലും പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊല്ലുമെനന കാര്യത്തില്‍ സംശയമില്ലെന്നും സാന്ദ്ര പറയുന്നു. 

ENGLISH SUMMARY:

Advocate Sandra Sadananthan is taking legal action against a man who allegedly shared her photos in explicit online groups. She has filed a complaint detailing how her images, along with those of other women and girls from her locality, were misused.