നടിയെ ആക്രമിച്ച കേസിലെ ഏറ്റവും പ്രധാന തെളിവാണ് ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ്. കോടതിയുടെ കൈവശമുണ്ടായിരുന്ന മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ ചോര്‍ന്നതും, അന്വേഷണത്തിനായി നടി കോടതിയെ സമീപിച്ചതും ഉള്‍പ്പടെ ദൃശ്യങ്ങളുടെ പേരിലും വിവാദങ്ങള്‍ തുടര്‍ന്നു.
മലയാള സിനിമ മേഖലയെ ആകെ പിടിച്ചുലച്ച നടിയെ ആക്രമിച്ച കേസിന്‍റെ നിര്‍ണായക തെളിവ് ആണ് ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും യഥാർഥ മെമ്മറി കാർഡും. ഗോശ്രീ പാലത്തിൽ നിന്നും മൊബൈൽ ഫോൺ കായലിലേക്ക് എറിഞ്ഞെന്നായിരുന്നു പൾസർ സുനി പൊലീസിനോട് പറഞ്ഞത്. കൊച്ചി കായലിലെ തിരച്ചിലിലും കണ്ടെത്താനാകാത്ത ഫോൺ എവിടെയെന്നതില്‍ വ്യക്തതയില്ല. അതെസമയം മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ അതിജീവിതയ്ക്ക് നിയമ പോരാട്ടം ആരംഭിക്കേണ്ടി വന്നു.
അഭിഭാഷക വഴി പൾസർ സുനി തന്നെയാണ് ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പിന്നീട് കോടതിയിൽ എത്തിച്ചത്. കോടതിയിൽ എത്തിയതിന് ശേഷവും അക്രമ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട കോളിളക്കം ചെറുതായിരുന്നില്ല. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയെന്നും അന്വഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത രംഗത്തെത്തി. 2022 ഏപ്രിലിൽ നടി നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശ പ്രകാരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ നേതൃത്വത്തിൽ വസ്തുതാ അന്വഷണം. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് മൂന്ന് തവണ തുറന്ന് പരിശോധിച്ചെന്ന് അന്വഷണത്തിലെ ഞെട്ടിക്കുന്ന കണ്ടെത്തൽ. 2018 ജനുവരി 9 ന് രാത്രി 9.56 ന് മെമ്മറി കാർഡ് ആദ്യം തുറന്ന് പരിശോധിച്ചത് അങ്കമാലി മജിസ്‌ട്രേറ്റ് ലീന. രണ്ടാം തവണ പരിശോധിച്ചത് 2018 ഡിസംബർ 13 ന്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി സീനിയർ ക്ലർക്ക് മഹേഷ് മോഹൻ സ്വന്തം ഫോണിൽ മെമ്മറി കാർഡ് പരിശോധിച്ചു. രാത്രി 10.58 ന് നടന്ന പരിശോധന ജഡ്ജി യുടെ നിര്‍ദേശപ്രകാരമെന്നാണ് മൊഴി. 2021 ജൂലൈ 19 നാണ് മൂന്നാമത്തെ പരിശോധന. വിചാരണ കോടതി ശിരസ്തദാർ താജുദീൻ സ്വന്തം ഫോണിൽ മെമ്മറികാർഡ് പരിശോധിച്ചു. 2022 ലെ ട്രെയിൻ യാത്രയ്ക്കിടെ ഫോൺ നഷ്ടമായെന്നാണ് താജുദീന്‍റെ മൊഴി.
മൊഴികളിലേക്കും വിശദാംശങ്ങളിലേക്കും കടക്കാതിരുന്നതോടെ കോടതി അന്വഷണത്തിന് എതിരെ നടി രംഗത്തെത്തി. പൊലീസ് അന്വഷണം വേണമെന്ന ആവശ്യം നടി ഉയർത്തിയെങ്കിലും ഹൈക്കോടതി വിസമ്മതിച്ചതോടെ ദൃശ്യങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്വഷണം അവസാനിച്ചു. മെമ്മറി കാർഡ് ആരൊക്കെ എപ്പോൾ തുറന്നു പരിശോധിച്ചു എന്ന് വ്യക്തമായി. ആർക്ക് വേണ്ടി എന്തിന് എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.