കൊച്ചിയില്‍ പങ്കാളിയെ കേബിള്‍ കൊണ്ട് അതിക്രൂരമായി മര്‍ദിച്ച യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെതിരെ വീണ്ടും വെളിപ്പെടുത്തല്‍. ഗോപു തന്റെ പക്കല്‍നിന്ന് പണംതട്ടിയതായി ബിജെപി ഓഫിസ് സ്റ്റാഫായിരുന്ന ലിജി മനോരമ ന്യൂസിനോട് പറഞ്ഞു. നേതൃത്വം ഗോപുവിനെ സംരക്ഷിച്ചെന്നും തന്നെ ഒറ്റപ്പെടുത്തിയെന്നും ലിജി ആരോപിച്ചു.
കൊച്ചിയില്‍ പങ്കാളിയെ കേബിള്‍ കൊണ്ട് അതിക്രൂരമായി മര്‍ദിച്ച യുവമോര്‍ച്ച നേതാവ് ഇന്നാണ് അറസ്റ്റിലായത്. എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. മര്‍ദനത്തെക്കുറിച്ച് പരാതിപ്പെട്ടാല്‍ തന്‍റെ കുട്ടികളെ അപായപ്പെടുത്തുമെന്ന് അടക്കം ഗോപു ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി പറഞ്ഞു.
രാവിലെ മരട് സ്റ്റേഷനിലെത്തിയ യുവതി അതിക്രൂരമായ മര്‍ദനത്തിന് ഇരയായതിന്‍റെ നടുക്കുന്ന തെളിവുകളാണ് പങ്കുവച്ചത്. ദേഹം മുഴുവന്‍ മര്‍ദനമേറ്റ പാടുകള്‍. ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചായിരുന്നു ഗോപു പരമശിവന്‍റെ മര്‍ദനം. വിവാഹ മോചിതയായ യുവതിയും ഗോപുവും അഞ്ചു വര്‍ഷമായി ഒരുമിച്ച് താമസിക്കുകയാണ്. മുന്‍ ബന്ധത്തിലെ കുട്ടികളെ കൊല്ലുമെന്ന് ഗോപു ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി മൊഴി നല്‍കി.
യുവതിയെ കാണാനില്ലെന്ന് കാട്ടി ഗോപു മരട് പൊലീസില്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തിയ പൊലീസ് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. പുറത്തുപോകാന്‍ സമ്മതിക്കാതെ വീട്ടില്‍ പൂട്ടിയിട്ടാണ് മര്‍ദനമെന്ന് യുവതി പറയുന്നു. എന്തിനു മര്‍ദിച്ചുവെന്ന ചോദ്യത്തിന് പറ്റിപ്പോയെന്നാണ് പൊലീസിനോട് ഗോപുവിന്‍റെ മറുപടി.