TOPICS COVERED

യുവതിയെ ഗര്‍ഭിണിയാക്കാന്‍ ആളെ തേടിയുള്ള പരസ്യത്തിന് പിന്നാലെ പോയ യുവാവിന് 11 ലക്ഷം നഷ്ടം. വലിയ തുക പ്രതിഫലം നല്‍കിയാണ് ഗര്‍ഭിണിയാക്കാന്‍ യുവാക്കളെ ക്ഷണിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ പരസ്യത്തിലാണ് പൂനെയില്‍ നിന്നുള്ള യുവാവ് തലവെച്ചത്. 

"എന്നെ ഗർഭിണിയാക്കാൻ കഴിയുന്ന പുരുഷനെ തിരയുന്നു" എന്നായിരുന്നു ഓണ്‍ലൈന്‍ പരസ്യത്തിന്‍റെ കണ്ടന്‍റ്. 2022 മുതൽ നിരവധി സംസ്ഥാനങ്ങളിൽ റിപ്പോര്‍ട്ട് ചെയ്ത പ്രെഗ്നന്റ് ജോബ്, പ്ലേബോയ് സർവീസ് തട്ടിപ്പ് എന്നറിയപ്പെടുന്ന രാജ്യവ്യാപകമായ സൈബർ റാക്കറ്റുമായുള്ള ബന്ധമുള്ളതാണ് സംഭവമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

കരാറുകാരന്‍ നൽകിയ പരാതി പ്രകാരം, ഓൺലൈനില്‍ കണ്ട പരസ്യത്തോടാണ് അദ്ദേഹം പ്രതികരിച്ചത്. അതിനുപിന്നാലെ, ഒരു സ്ത്രീ ഗർഭിണിയാക്കാൻ അഭ്യർഥിച്ച് ഒരു വീഡിയോ അദ്ദേഹത്തിന് അയച്ചു, കൂടാതെ വീഡിയോയുടെ ലിങ്കും പങ്കുവെച്ചു. പിന്നാലെ സംഘത്തില്‍ നിന്നുള്ളവര്‍ ബന്ധപ്പെടുകയും രജിസ്ട്രേഷന്‍ ഫീസ്, അംഗത്വ ഫീസ്, പ്രൊസസിങ് ചാര്‍ജ് എന്നിങ്ങനെ നിരവധി തുക ഈടാക്കുകയായിരുന്നു. ഇത്തരത്തില്‍ 11 ലക്ഷം രൂപയാണ് ഇയാളില്‍ നിന്നും തട്ടിപ്പു സംഘം വിവിധ ഇടപാടിലൂടെ ഈടാക്കിയത്. തട്ടിപ്പാണെന്ന് മനസിലാക്കിയതോടെയാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്.  

ഓള്‍ ഇന്ത്യ പ്രെഗ്നെന്‍റ് ജോബ് സര്‍വീസ് എന്ന പേരില്‍ ആരംഭിച്ച തട്ടിപ്പ് ബിഹാറിലെ നവാഡ ജില്ല കേന്ദ്രീകരിച്ച് നടക്കുന്നതാണെന്ന് പൊലീസ് കണ്ടെത്തി. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ ഇരകളെ തേടുന്നത്. കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കുന്നതിലൂടെ 5 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ സമ്പാദിക്കാം എന്നാണ് വാഗ്ദാനം.

ENGLISH SUMMARY:

Pregnant job scam: A Pune youth lost 11 lakhs after responding to an online advertisement promising money for impregnating a woman. The scam involved registration fees and processing charges, with the fraudsters operating through social media platforms.