സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് മ്യൂൾ അക്കൗണ്ടുകൾ തരപ്പെടുത്തി നൽകാൻ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ഏജന്റുമാർ. സൈബർ മാഫിയയുടെ കണ്ണികളായി മാറിയ വിദ്യാർഥികളെയാണ് ഏജന്റുമാരായി നിയോഗിക്കുന്നത്. തട്ടിപ്പിലൂടെ സമ്പാദിക്കുന്ന പണം പിടിക്കപ്പെടാതിരിക്കാൻ ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങളാക്കിയുമാണ് ഇടപാടുകൾ.
ഓപ്പറേഷൻ സൈ ഹണ്ടിൽ സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായത് 280 ലേറെ പേരാണ്. ഇതിൽ എഴുപത് ശതമാനവും യുവാക്കൾ. അതിൽ പകുതിയിലേറെ വിവിധ കോളജിലെ വിദ്യാർഥികൾ. പിടിയിലായ പലരുടെയും ബാങ്ക് ബാലൻസ് ലക്ഷങ്ങൾ. കൊച്ചിയിൽ പിടിയിലായ ഇരുപതും ഇരുപത്തിയൊന്നും വയസുള്ള വിദ്യാർഥികളുടെ കൈകളിലൂടെ കഴിഞ്ഞ നാളുകളിൽ ഒഴുകിയത് കോടികളാണ്.
മണി ചെയിൻ മാതൃകയിൽ ക്യാമ്പസുകളിൽ നിന്ന് കണ്ണികൾ ചേർത്താണ് സൈബർ മാഫിയ സംഘങ്ങളുടെ പ്രവർത്തനം. അക്കൗണ്ട് വിവരങ്ങൾ കോളജ് ജീവിതം അടിച്ചുപൊളിക്കാൻ കൈനിറെയെ പണമെന്ന്ക്യാച്ച് വേർഡോടെയാണ് കെണിയൊരുക്കൽ. മാഫിയ സംഘത്തിന് അക്കൗണ്ട് വിറ്റവർ തന്നെ അവരുടെ ഏജന്റുമാരായി മാറുന്നതാണ് രീതി.
രണ്ട് തരത്തിലാണ് ക്യാംപസുകളിൽ അക്കൗണ്ട് കച്ചവടം. വൺ ടൈം സെയിലും വാടകയ്ക്ക് നൽകലും. ഓരോ അക്കൗണ്ട് പിടിച്ച് കൊടുക്കുന്നതിന് കമ്മിഷൻ വേറെ. വൺ ടൈം സെയിലാണെങ്കിൽ ഒരു വിലയിട്ട് അക്കൗണ്ട് ഏജന്റ് കൈക്കലാക്കും. പിന്നീട് ഈ അക്കൗണ്ട് മാഫിയ സംഘത്തിന് കൈമാറി അതിൽ വരുന്ന ഓരോ തുകയ്ക്കും കമ്മിഷൻ കൈപ്പറ്റുന്നതാണ് രണ്ടാമത്തെ രീതി. കമ്മിഷൻ തുക തട്ടിപ്പ് സംഘങ്ങൾ ഏകീകരിച്ചിട്ടില്ല. പത്ത് പൈസ ചെലവില്ലാതെ ബുദ്ധിയും ശക്തിയും ഉപയോഗിക്കാതെ പോക്കറ്റിൽ ലക്ഷങ്ങൾ വന്ന നിറയുന്ന പ്രതിഭാസം കേട്ടറിഞ്ഞ് അക്കൗണ്ട് വിറ്റവരും നിരവധി.
സംസ്ഥാന വ്യാപകമായി ആയിരകണക്കിന് വിദ്യാർഥികൾ സൈബർ തട്ടിപ്പ് സംഘത്തിന്റെ ഏജന്റുമാരായി മാറിയിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത കേസുകളിൽ അൻപതിലേറെ മലയാളി യുവാക്കളാണ് അറസ്റ്റിലായത്. പൊലീസ് വീടിലെത്തുമ്പോളാണ് മാതാപിതാക്കൾ പോലും മക്കൾ തട്ടിപ്പ് സംഘത്തിന്റെ കന്നികളാണെന്ന് മനസ്സിലാക്കുന്നതും.