സൈബര്‍ തട്ടിപ്പ് സംഘങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ വിറ്റ് സാമ്പത്തികലാഭമുണ്ടാക്കിയ 263 പേര്‍ സംസ്ഥാനത്ത് അറസ്റ്റില്‍. സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ സൈ ഹണ്ടിലാണ് തട്ടിപ്പിന്‍റെ സൂത്രധാരന്‍മാരടക്കം കുടുങ്ങിയത്. 382 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പുറമെ തട്ടിപ്പില്‍ പങ്കാളികളെന്ന് സംശയിക്കുന്ന 125 പേര്‍ക്ക് നോട്ടീസയച്ചു.
നാഷനല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ നിന്ന വിവരങ്ങള്‍ ശേഖരിച്ച് മൂന്ന് മാസത്തിലേറെ നീണ്ട പരിശോധനകള്‍ക്ക് ശേഷമായിരുന്നു റെയ്സ്. എറണാകുളം റൂറല്‍ പരിധിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്. പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ നിന്നായി 43 പേരാണ് അറസ്റ്റിലായത്. കാസര്‍ഗോഡ് ജില്ലയില്‍ നൂറിലേറെയിടങ്ങളിലായിരുന്നു പരിശോധന.
തട്ടിപ്പിനാണെന്ന് തിരിച്ചറിഞ്ഞ് സാമ്പത്തികലാഭം ലക്ഷ്യമിട്ടാണ് ഭൂരിഭാഗം പേരും അക്കൗണ്ടുകള്‍ വിറ്റതെന്ന് എഡിജിപി എസ്. ശ്രീജിത്ത് വ്യക്തമാക്കി. മൂന്നു ശതമാനം മുതല്‍ കമ്മിഷന്‍ വ്യവസ്ഥയിലാണ് പലരും അക്കൗണ്ട് വിറ്റത്. സൈബർ തട്ടിപ്പ സംഘം തട്ടുന്ന പണം വീതം വെയ്ക്കുന്നത് ഈ അക്കൗണ്ടുകളിലേക്കാണ്.