സമൂഹമാധ്യമങ്ങളുടെ ഈ കാലഘട്ടത്തില്‍ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ സ്വന്തം സ്ഥാപനത്തേക്കുറിച്ച് പരസ്യം നല്‍കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. ആ ആഗ്രഹം തട്ടിപ്പിന് മറയാക്കി വിലസുന്ന ഒരു അജ്ഞാതനെ തപ്പുകയാണ് പൊലീസ്. തിരുവനന്തപുരത്തെ ഹോട്ടലിനേക്കുറിച്ച് പരസ്യം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇരുപത്തിയാറായിരം രൂപയും ഹോട്ടലുടമയായ വനിതയുടെ മൊബൈലും മോഷ്ടിച്ചാണ് ഈ വിരുതന്‍ കടന്ന് കളഞ്ഞത്. ആ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പലയിടങ്ങളില്‍ തട്ടിപ്പ് ആവര്‍ത്തിച്ചതോടെ ഹോട്ടലുടമ പൊല്ലാപ്പിലായിരിക്കുകയാണ്.
ഏലപ്പാറക്കാരിയായ മോഹിനി ജീവിക്കാനായി 18 വര്‍ഷം മുന്‍പാണ് തിരുവനന്തപുരത്തെത്തിയത്. പലരും സഹായിച്ചതോടെ പി.എം.ജിയില്‍ ഒരു കൊച്ചുഹോട്ടല്‍ തുടങ്ങി. അവിടേക്ക് ജൂലായ് 5നാണ് ആ അജ്ഞാതന്‍റെ വരവ്. ഭക്ഷണം കഴിക്കാനെന്ന പറഞ്ഞെത്തിയ അയാള്‍ പരിചയപ്പെടുത്തിയത് ഇങ്ങിനെ. ഹോട്ടലിന്‍റെ വീഡിയോ യൂട്യൂബിലിടാമെന്നും കച്ചവടം കൂടുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച്. രണ്ട് ദിവസംകൊണ്ട് എന്തൊക്കെയോ ചിത്രീകരിച്ചു. അതിന്‍റെ ചെലവെന്ന പേരില്‍ ഇരുപത്തയ്യായിരം രൂപയും വാങ്ങി. പോകുന്ന പോക്കിന് മൊബൈല്‍ ഫോണും അടിച്ചുമാറ്റി.
ചെമ്പഴന്തി സ്വദേശി അഭിലാഷെന്ന് ഹോട്ടലില്‍ പരിചയപ്പെടുത്തിയ അയാള്‍ നഗരത്തിലെ മറ്റൊരു കണ്ണടക്കടയില്‍ പാറശാലക്കാരന്‍ അനീഷെന്നാണ് പറഞ്ഞത്. അവിടത്തെ ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യം മാത്രമാണ് ഏക തുമ്പായി അവശേഷിക്കുന്നത്. ഇതിനിടയില്‍ കന്യാകുമാരിയിലടക്കം പലയിടത്തും സമാന തട്ടിപ്പ് ആവര്‍ത്തിച്ചു. അവിടെയെല്ലാം മോഹിനിയുടെ മൊബൈല്‍ നമ്പരാണ് അയാള്‍ കൊടുക്കുന്നത്. അതോടെ പണം നഷ്ടമായ ഇവര്‍ക്ക് മനസമാധാനവും നഷ്ടപ്പെട്ടിരിക്കുകയാണ്. എന്തായാലും എല്ലാവരും ഈ ഫോട്ടോ ഒന്ന് ഓര്‍ത്തുവെച്ചോളു. ചിലപ്പോള്‍ നിങ്ങളുടെ അടുത്തും തട്ടിപ്പുമായി ഇയാളെത്താം. അല്ലെങ്കില്‍ എവിടെ കണ്ടാലും തിരുവനന്തപുരം മ്യൂസിയം പൊലീസിനെ അറിയിക്കാം.