അക്കൗണ്ടില്‍ പണമില്ലെന്ന് കണ്ടെത്തിയതോടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഹാക്ക് ചെയ്ത് ലോണെടുത്ത് സൈബര്‍ മാഫിയയുടെ തട്ടിപ്പ്. വ്യാജ പരിവാഹന്‍ ആപ്പിന്‍റെ ലിങ്കയച്ച് ആലുവ സ്വദേശിയില്‍ നിന്ന് തട്ടിയത് നാലരലക്ഷത്തിലേറെ രൂപയാണ്. എറണാകുളം റൂറല്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയാറായില്ലെന്നും പരാതിക്കാരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ഒരിടവേളയ്ക്ക് ശേഷമാണ് എംപരിവാഹന്‍ ആപ്പിന്‍റെ പേരിലുള്ള തട്ടിപ്പ്. ട്രാഫിക് നിയമലംഘനത്തിന് 500 രൂപയുടെ ചലാനെന്ന് പറഞ്ഞാണ് നൗഷാദിന്‍റെ വാട്സപ്പില്‍ സന്ദേശമെത്തിയത്. ലിങ്കില്‍ തൊട്ടതോടെ ഫോണിന്‍റെ നിയന്ത്രണം തട്ടിപ്പുകാരുടെ കയ്യില്‍. തൊട്ടടുത്ത ദിവസം അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ നിറഞ്ഞു. സംഭവിക്കുന്നതെന്തെന്ന് തിരിച്ചറിയും മുന്‍പ് മിന്നല്‍ വേഗത്തില്‍ അക്കൗണ്ട് കാലിയായി.
കള്ളന്‍മാരെടുത്ത വായ്പ നൗഷാദ് തിരിച്ചടയ്ക്കേണ്ട ഗതികേടിലാണ്. സഹായത്തിനായി പൊലീസിനെ സമീപിച്ചപ്പോള്‍ കുറ്റപ്പെടുത്തലും പരിഹാസവും.
എങ്കിലും തോറ്റുകൊടുക്കാതെ നിയമപരമായി പോരാടാനാണ് നൗഷാദിന്‍റെ തീരുമാനം. എന്‍റെ അക്കൗണ്ടില്‍ പൈസയില്ല, സൈബര്‍ തട്ടിപ്പുകാര്‍ക്ക് എന്നെ തൊടാനാകില്ലെന്ന ആത്മവിശ്വാസത്തോടെയിരിക്കുന്നവരും സൂക്ഷിക്കണം. സൂത്രശാലികളായ സൈബര്‍ മാഫിയസംഘത്തെ ചെറുക്കാന്‍ ജാഗ്രതയാണ് ആദ്യം വേണ്ടത്.