1. പ്രതി 2. എഐ ചിത്രം
ലഹരി കലർത്തിയ ശീതള പാനീയം നൽകി ബോധം കെടുത്തിയ ശേഷം പ്രവാസി വ്യവസായി തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വർക്കലയ്ക്കടുത്താണ് സംഭവം. ചെമ്മരുതി തച്ചോട് സ്വദേശി ഷിബുവിനെതിരെയാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
തന്നെ ലൈംഗികമായി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഷിബു മൊബൈലിൽ പകർത്തിയെന്നും വക്കം സ്വദേശിയായ യുവതി പരാതിയിൽ പറയുന്നു. വിദേശത്തേക്കുള്ള വിസ തരപ്പെടുത്താമെന്ന് യുവതിക്ക് വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചാണ് ഷിബു അയാളുടെ വീട്ടിലെത്തിച്ച് ലൈംഗികമായി ഉപയോഗിച്ചത്.
യുവതി ഷിബുവിനെതിരെ മുഖ്യമന്ത്രിയ്ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. യുവതിയെ ഷിബുവിന്റെ വീട്ടിലെത്തിച്ച് ശീതള പാനീയത്തിലൂടെ ലഹരി നൽകി ബോധരഹിതയാക്കിയ ശേഷം ലൈംഗിക പീഡനം നടത്തിയെന്നും, വീഡിയോ ചിത്രീകരിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു.
യുവതി മുഖ്യമന്ത്രിക്ക് ഉൾപ്പടെ കേസ് കൊടുത്തതോടെ, യുവതിയും അവരുടെ അഭിഭാഷകനും പണം തട്ടാനുള്ള ശ്രമം നടത്തുകയാണെന്ന് ആരോപിച്ച് ഷിബു നൽകിയ പരാതിയിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഷിബു നൽകിയത് വ്യാജ പരാതിയാണെന്നും ഒളിവിലുള്ള പ്രതിയെ പിടികൂടി നടപടികൾ സ്വീകരിക്കണമെന്നുമാണ് യുവതിയുടെ ആവശ്യം.