രാജ്യവ്യാപകമായി പരിവാഹന്‍ വ്യാജ ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിവന്ന സംഘത്തെ കൊച്ചി സൈബര്‍ പോലീസ് വാരണാസിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. പ്രതികളുമായി ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്കുള്ള യാത്രയിലാണ്. പതിനാറുകാരനടക്കം ഉത്തര്‍പ്രദേശ് സ്വദേശികളായ അതുല്‍ കുമാര്‍ സിങ് (32), മനീഷ് യാദവ് (24) എന്നിവരാണ് പിടിയിലായത്. ടെലിഗ്രാം ബോട്ട് മുഖാന്തിരം വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു സംഘത്തിന്‍റെ തട്ടിപ്പ്.
രണ്ടും കല്‍പിച്ച്...
ഈ മാസം പത്തിന് കൊച്ചിയില്‍ നിന്ന് ആറംഗ സംഘം ട്രെയിന്‍ കയറി. ലക്ഷ്യം ഉത്തര്‍പ്രദേശ്. കാണാമറയത്തിരുന്ന് രാജ്യവ്യാപകമായി കോടികളുടെ തട്ടിപ്പ് നടത്തിയ സൈബര്‍ മാഫിയ സംഘത്തെ തേടിയാണ് യാത്ര. രണ്ടരമാസത്തോളം നീണ്ട അന്വേഷണത്തില്‍ ലഭിച്ച ചില വിവരങ്ങളാണ് ഉത്തര്‍പ്രദേശിലേക്ക് അന്വേഷണത്തിന്‍റെ വഴിവെട്ടിയത്. പൂട്ടാന്‍ പോകുന്നത് ചില്ലറകാരെയല്ലെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു. ജീവനോടെ മടങ്ങിവരാമെന്ന് പോലും ഉറപ്പില്ലാത്ത സ്ഥലത്തേക്ക് രണ്ടും കല്‍പിച്ചായിരുന്നു സംഘത്തിന്‍റെ യാത്ര. കൊച്ചി സിറ്റി സൈബര്‍ പൊലീസ്ഇന്‍സ്പെക്ടര്‍ ഷമീര്‍ഖാന്‍, പൊലീസ് ഉദ്യോഗസ്ഥരായ അരുണ്‍, അജിത്ത് രാജ്, നിഖില്‍ ജോര്‍ജ് ആല്‍ഫിറ്റ് ആന്‍ഡ്രൂസ്, ഷറഫുദ്ദീന്‍ എന്നിവരുള്‍പ്പെട്ടതായിരുന്നു ആ സംഘം.
പ്രതീകാത്മക ചിത്രം
വ്യാജന്‍ പരിവാഹന്‍
മുഖവും അടയാളങ്ങളുമില്ലാത്ത ഒരു കൂട്ടം സൈബര്‍ ക്രിമിനലുകളെയാണ് പൂട്ടേണ്ടത്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യം. മോട്ടോര്‍ വാഹന വകുപ്പിന്‍റെ എം പരിവാഹന്‍ ആപ്പിന്‍റെ വ്യാജനെ നിര്‍മിച്ച് തട്ടിപ്പ് നടത്തിയവരായിരുന്നു ലക്ഷ്യം. രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയ സംഘം കേരളത്തില്‍ നിന്ന് മാത്രം തട്ടിയത് അന്‍പത് ലക്ഷത്തിലേറെ രൂപയാണ്. നമ്മുടെ വാട്സപ്പിലേക്ക് ഏതെങ്കിലും അജ്ഞാത നമ്പറില്‍ നിന്ന് സന്ദേശം വരുന്നതോടെയാണ് തട്ടിപ്പുകളുടെ തുടക്കം. നിങ്ങളുടെ വാഹനത്തിന്‍റെ നിയമലംഘനങ്ങള്‍ പരിശോധിക്കാമെന്ന് കുറിപ്പോടെ എംവിഡിയുടെ ലോഗോയുമായി apk ഫയലും ഇതോടൊപ്പം. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ എന്‍റര്‍ ചെയ്യണം. പിന്നാലെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തേടും. ഇതോടെ മൊബൈലിലെ എല്ലാ വിവരങ്ങളും തട്ടിപ്പുകാരുടെ കയ്യില്‍. നിമിഷങ്ങള്‍ക്ക് മുന്‍പ് അക്കൗണ്ട് കാലിയാകും.
പരാതി ഏപ്രിലില്‍
കൊച്ചി വാഴക്കാല സ്വദേശിയായ യുവാവിന്‍റെ പരാതിയാണ് രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയ സംഘത്തിനെ കുരുക്കാന്‍ വഴിയൊരുക്കിയത്. യുവാവ് തട്ടിപ്പിനിരയായത് ഏപ്രില്‍ 26ന്. രാത്രി ഒന്‍പതിനും ഒന്‍പതേ മുക്കാലിനും ഇടയില്‍ തട്ടിപ്പ് സംഘം യുവാവിന്‍റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 85000 രൂപയും അടിച്ചുമാറ്റി. പരിവാഹന്‍ ലോഗോ പ്രൊഫൈല്‍ പിക്ചറായ വാട്സപ്പ് അക്കൗണ്ടില്‍ നിന്നാണ് സന്ദേശമെത്തിയത്. യുവാവിന്‍റെ വണ്ടിക്ക് ഫൈന്‍ അടയ്ക്കാനെന്ന പേരില്‍ Mparivahan3.Apk എന്ന ആപ്ലിക്കേഷനും അയച്ചു നല്‍കി. ഇത് ഇന്‍സ്റ്റാള്‍ ചെയ്തതിന് പിന്നാലെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും തേടി ഇതോടെയാണ് പണം നഷ്ടപ്പെട്ടത്. യുവാവിന്‍റെ പരാതിയില്‍ ഏപ്രില്‍ 29ന് കേസെടുത്ത സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
തട്ടിപ്പിന്‍റെ അറ്റം യുപിയില്‍
ഏപ്രില്‍ 29ന് കേസെടുത്ത സൈബര്‍ പൊലീസ് പണം പോയ വഴികളെയാണ് പിന്തുടര്‍ന്നത്. യുവാവില്‍ നിന്ന് തട്ടിയെടുത്ത 85000 രൂപ മറ്റ് സൈബര്‍ കേസുകളിലെന്ന പോലെ മണിക്കൂറുകള്‍ക്കകം നിരവധി അക്കൗണ്ടുകളിലേക്ക് പറപറന്നു. രണ്ട് വരിയില്‍ പറഞ്ഞ് തീര്‍ത്തെങ്കിലും ആ ദൗത്യം ഒട്ടും എളുപ്പമായിരുന്നില്ല. ആയിരത്തിലേറെ അക്കൗണ്ടുകളും ബാങ്ക് രേഖകളടക്കം കുത്തിയിരുന്ന് പരിശോധിച്ചാണ് കുറ്റവാളികളിലേക്കുള്ള ആ ലിങ്ക് സൈബര്‍ പൊലീസ് തപ്പിയെടുത്തത്. പണമൊഴുകിയ അക്കൗണ്ടുകള്‍ക്ക് പുറമെ തട്ടിപ്പ് സംഘങ്ങള്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്‍റെ ഐപി അഡ്രസ് അടക്കമുള്ള വിവരങ്ങളും സൈബര്‍ പൊലീസ് സമാഹരിച്ചു. ആ വിവരങ്ങളാണ് അന്വേഷണ സംഘത്തെ യുപിയിലേക്ക് നയിച്ചത്.
പത്തും പന്ത്രണ്ടും
പത്താം തീയതിയാണ് കൊച്ചിയില്‍ നിന്ന് സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഷമീര്‍ഖാനും സംഘവും ഉത്തര്‍പ്രദേശിലേക്ക് ട്രെയിന്‍ കയറിയത്. അവിടെ ദൗത്യം നീണ്ടത് പന്ത്രണ്ടുനാള്‍. പതിനാറുകാരനടക്കം മൂന്ന് പേരെ സംഘം തന്ത്രപരമായി പിടികൂടി. ഒന്നാം പ്രതി അതുല്‍കുമാര്‍ സിങ്, രണ്ടാം പ്രതി മനീഷ് യാദവ്, മൂന്നാമന്‍ മനീഷ് യാദവിന്‍റെ ബന്ധുവായ പതിനാറുകാരന്‍. ശിവപൂര്‍ എന്ന സ്ഥലത്ത് നിന്ന് ഒന്നാംപ്രതിയെയം ചൗബേപൂരില്‍ നിന്ന് രണ്ടാം പ്രതിയെയും രണ്ട് സംഘങ്ങളായി തിരിഞ്ഞ് സൈബര്‍ പൊലീസ് പിടികൂടി. ഏറെ സാഹസികമായ ദൗത്യം. പന്ത്രണ്ട് ദിവസം നീണ്ട ഓപ്പറേഷനില്‍ എട്ട് ദിവസവും അന്വേഷണം വാരണസി കേന്ദ്രീകരിച്ച്. വാരണസിക്ക് പുറമെ കാശി, ചൗബേപൂര്‍, ശിവപൂര്‍ എന്നിവിടങ്ങളിലും അന്വേഷണസംഘം പ്രതികളെ തേടി.
സൂത്രധാരന്‍ പതിനാറുകാരന്‍
മനീഷ് യാദവിന്‍റെ ബന്ധുവായ പതിനാറുകാരനാണ് വ്യാജ പരിവാഹന്‍ ആപ്പ് തയ്യാറാക്കിയതിന്‍റെ ബുദ്ധി കേന്ദ്രം. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ കൈവശമുണ്ടായിരുന്ന വിവരങ്ങളും സംഘം ചോര്‍ത്തിയെന്നാണ് നിഗമനം. ഈ വിവരങ്ങള്‍ തട്ടിപ്പ് സംഘത്തിന്‍റെ കൈവശമെത്തിയതും ദുരൂഹമാണ്. കേരളം, ഗുജറാത്ത്, കര്‍ണാടക, തമിഴ്നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 2700 ലേറെ വാഹനങ്ങളുടെ വിവരങ്ങള്‍ പ്രതികളുടെ ഫോണില്‍ നിന്ന് കണ്ടെത്തി. അന്വേഷണം ഇവിടംകൊണ്ട് തീരില്ലെന്നാണ് സൈബര്‍ സെല്‍ നല്‍കുന്ന സൂചന.
മികവിന്‍റെ പര്യായം
രാജ്യത്തിന് തന്നെ മാതൃകയാകുന്ന സൈബര്‍ കുറ്റാന്വേഷണ മികവിന്‍റെ പര്യായമായി മാറുകയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ്. രാജ്യവ്യാപകമായി നടന്ന വിവിധ സൈബര്‍ തട്ടിപ്പുകളുടെ സൂത്രധാരന്‍മാരെയും ഇടനിലക്കാരെയും കഴിഞ്ഞ മാസങ്ങളില്‍ കൊച്ചി സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പരിവാഹന്‍ ആപ്പിന്‍റെ പേരില്‍ തട്ടിപ്പ് നടത്തിയ രാജ്യാന്തര ബന്ധങ്ങളുള്ള സംഘത്തിലെ മലയാളി കണ്ണികളെ മെയിലാണ് പിടികൂടിയത്. ആലപ്പുഴ സ്വദേശികളാണ് അന്ന് പിടിയിലായത്. ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ, https://cybercrime.gov.in/ എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ വിവരം അറിയിക്കാവുന്നതാണ്.