seema-crime

TOPICS COVERED

കേരളത്തിലെ രാസലഹരി കച്ചവടക്കാര്‍ എം.ഡി.എം.എ. കിട്ടാന്‍ പണം അയച്ചിരുന്ന അക്കൗണ്ടിന്‍റെ ഉടമയെ ഹരിയാനയില്‍ നിന്ന് തൃശൂര്‍ സിറ്റി പൊലീസ് പിടികൂടി. അന്‍പത്തിരണ്ടുകാരിയായ സീമ സിന്‍ഹയെ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

ചാവക്കാട്ടുകാരായ രണ്ടു യുവാക്കളെ കഴിഞ്ഞ ഫെബ്രുവരിയില്‍ നാല്‍പത്തിയേഴു ഗ്രാം എം.ഡി.എം.എയുമായി തൃശൂര്‍ ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ക്കു എം.ഡി.എം.എ. കൈമാറിയ കര്‍ണാടകക്കാരന്‍ ഭരതിനെയും പിന്നീട് പിടികൂടി. ആരാണ് ഇവര്‍ക്ക് രാസലഹരി കൈമാറിയതെന്ന് കണ്ടെത്താനായി പൊലീസിന്‍റെ അടുത്ത ശ്രമം. രാസലഹരിയുടെ പണം അയച്ചുകൊടുത്ത അക്കൗണ്ട് ഉടമയെ കണ്ടെത്തി. ഹരിയാനക്കാരിയായ ട്യൂഷന്‍ ടീച്ചര്‍ സീമ സിന്‍ഹ. വിവിധ ബാങ്കുകളിലായി ആറ് അക്കൗണ്ടുകള്‍. രണ്ടു വര്‍ഷത്തിനിടെ ഇരുപതു കോടി രൂപയുടെ ഇടപാടുകള്‍. നൈജീരിയക്കാരന്‍റെ കുടുംബവുമായി സീമ സിന്‍ഹ പരിചയപ്പെട്ടിരുന്നു. ഈ കുടുംബത്തിന്‍റെ മക്കള്‍ക്കു ട്യൂഷനെടുത്തിരുന്നു. 

Also read: അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത് 20 കോടി; ശമ്പളം ഒരു ലക്ഷം; ആരാണ് സീമ ?


ഈ പരിചയത്തിനു പിന്നാലെ നൈജീരിയക്കാരന്‍ സീമ സിന്‍ഹയോട് ഒരു ഓഫര്‍ വച്ചു. ബാങ്ക് അക്കൗണ്ടിന്‍റെ നിയന്ത്രണം തന്നാല്‍ ഒരു ലക്ഷം രൂപ പ്രതിമാസ പ്രതിഫലം തരാം. സ്പെയര്‍പാര്‍ട്സിന്‍റെ കച്ചവടമാണെന്ന് വിശ്വസിപ്പിച്ചു. പിന്നീട്, പണം കൂടുതല്‍ ഒഴുകി തുടങ്ങിയപ്പോള്‍ രാസലഹരിയാണെന്ന് അറിഞ്ഞു. മേലനങ്ങാതെ കിട്ടുന്ന പണമായതിനാല്‍ ഇടപാടുകള്‍ തുടര്‍ന്നു. ഓണ്‍ലൈന്‍ ബാങ്കിങ് ഉള്‍പ്പെടെ നൈജീരിയക്കാരനായിരുന്നു ചെയ്തിരുന്നത്. വിദേശിയെ പിടികൂടാന്‍ പൊലീസ് അന്വേഷണം തുടരുകയാണ്. രാസലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനാണ് ശ്രമം. തൃശൂര്‍ എ.സി.പി: സലീഷ് എന്‍ ശങ്കരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സീമ സിന്‍ഹയെ പിടികൂടിയത്. കഴിഞ്ഞ ദിവസം തൃശൂരില്‍ എത്തിച്ചു. ബീഹാര്‍ പറ്റ്ന സ്വദേശിനിയാണ്.