മോഷണം പോയ മൊബൈൽ ഫോണുകൾ വീണ്ടെടുത്തുനൽകി കൊല്ലം സിറ്റി സൈബർ സെൽ സംഘം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 24 ഫോണുകളാണ് കണ്ടെത്തി യഥാർത്ഥ ഉടമകൾക്ക് നൽകിയത്.
ഒരു വർഷം മുമ്പ് വരെ നഷ്ടമായ ഫോണുകൾ. ഇനിയൊരിക്കലും തിരിച്ചുകിട്ടുമെന്ന് യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. സൈബർ സെല്ലിൽ ഫോൺ നഷ്ടമായതിനെ കുറിച്ച് പരാതി പറഞ്ഞ പലരും അക്കാര്യം മറന്നേപോയി. പക്ഷേ ഇന്നലെ അപ്രതീക്ഷിതമായി കൊല്ലം സിറ്റി പോലീസ് സൈബർ സെല്ലിൽ നിന്ന് 24 പേര്‍ക്ക് ഫോൺവിളിയെത്തി. നഷ്ടമായ നിങ്ങളുടെ ഫോൺ തിരികെ ലഭിച്ചിരിക്കുന്നു. വന്ന് കൈപ്പറ്റുക.
കൊല്ലം സിറ്റി പോലീസ് പരിധിയിൽ വിവിധ ഇടങ്ങളിൽ നിന്ന് മോഷണം പോയവയായിരുന്നു ഫോണുകളെല്ലാം. പുതിയ സിം ഫോണിൽ ഇട്ടതോടെ പ്രവർത്തിക്കുന്ന ലൊക്കേഷൻ വ്യക്തമായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമല്ല, വടക്കേന്ത്യയിൽ നിന്നുവരെയാണ് ഫോണുകൾ വീണ്ടെടുത്തത്.