കൊളറ്റ് ക്രെസ്

  • പ്രതിസന്ധികളില്‍ ചുമതല സ്ത്രീകള്‍ക്ക്
  • ഇത് പെണ്‍കരുത്തിലുള്ള വിശ്വാസമോ കുരുക്കോ?
  • സ്ത്രീകളെ കുരുക്കുന്ന ഈ ഗ്ലാസ് ക്ലിഫ് എന്താണ്?
  • നല്ല നേരങ്ങളില്‍ നയിക്കാന്‍ സ്ത്രീകള്‍ വേണ്ടേ?

വിവാദച്ചുഴിയില്‍ കറങ്ങുന്ന എന്‍വിഡിയയെ പ്രതിസന്ധിയില്‍ നയിക്കാന്‍ കമ്പനി ഏല്‍പിച്ചിരിക്കുന്നത് കൊളറ്റ് ക്രെസിനെയാണ്. എന്‍വിഡിയയുടെ ആദ്യ വനിതാ സി.ഇ.ഒയാണ് കൊലറ്റ്. നിലവില്‍ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറുമായിരുന്നു കൊലറ്റ്.  2013ല്‍ എന്‍വിഡിയയിലെത്തിയപ്പോള്‍ മുതല്‍ ഇതേ പദവികള്‍ വഹിച്ചിരുന്ന കൊലറ്റ് ക്രെസ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലാണ് നയിക്കാനുള്ള നിയോഗത്തിലെത്തുന്നത്.

 

എന്‍വിഡിയയുടെ സഹസ്ഥാപകന‌ടക്കം ഇപ്പോഴും കമ്പനിയിലുണ്ടെങ്കിലും കൊളറ്റ് തന്നെ ഇടക്കാല സി.ഇ.ഒ ആയത് മികവിന്റെ മാത്രം അടിസ്ഥാനത്തിലാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാം. കൊലകൊമ്പന്‍മാര്‍ അരങ്ങു വാഴുന്ന ‌ടെക്നോളജി മേഖലയില്‍ അഭിമാനാര്‍ഹമായ നിയോഗമാണെന്നും വിലയിരുത്തപ്പെടാമെങ്കിലും സംഗതി അത്ര സിംപിളല്ല. ജെന്‍സന്‍ ഹുവാങ് വിവാദബന്ധങ്ങളുടെ പേരില്‍ സ്ഥാനമൊഴിഞ്ഞെങ്കിലും എന്‍വിഡിയ സ്ഥാപിക്കാന്‍ ജെന്‍സന് ഒപ്പമുണ്ടായിരുന്ന ക്രിസ് മലാചോവ്സ്കി ഇപ്പോഴും കമ്പനിയിലുണ്ട്. എന്‍ജിനീയറിങ് ആന്റ് ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റായി കമ്പനിയുടെ സാങ്കേതിക വളര്‍ച്ചയുടെ നട്ടെല്ലാണ്. ക്രിസ് ഉള്ളപ്പോള്‍ തന്നെ കൊളറ്റിനെ ഇടക്കാല സി.ഇ.ഒ ആക്കിയതിന് പല ന്യായങ്ങള്‍ മുന്നിലുണ്ട്. ക്രിസ് സാങ്കേതികവിദ്ഗധനാണ്, പക്ഷേ കൊളറ്റിന്റെ സാമ്പത്തിക–ഭരണകാര്യ– കോര്‍പറേറ്റ് വൈദഗ്ധ്യങ്ങള്‍ ഇല്ല. ജെന്‍സന്റെ അപ്രതീക്ഷിത സ്ഥാനചലനം എന്‍വിഡിയയ്ക്ക് ഓഹരിവിപണിയില്‍ വന്‍ തിരിച്ചടിയുണ്ടാക്കി. നിക്ഷേപകരുടെ വിശ്വാസം തിരികെ പിടിക്കാനും ഓഹരി ഉടമകളെയും വിപണിയെയും ശാന്തമാക്കാനും കൊളറ്റിന് കഴിയും. പിന്നെ ഇതൊരു ഇടക്കാലനിയമനം മാത്രമാണ്. പ്രശ്നങ്ങള്‍ ഒതുങ്ങുമ്പോള്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്തി ഒരു  സ്ഥിരം സി.ഇ.ഒയെ നിയമിക്കാം.

ജെന്‍സന്‍ ഹുവാങ്

 

അതാണ് ഇവിടെ പ്രധാന പോയന്റ്. സ്ഥിരം സി.ഇ.ഒ ആയി കൊളറ്റ് ക്രെസ് വീണ്ടും വരുമോ? വിരളമായ സാധ്യതയേ ഉള്ളൂ. എന്നു വച്ചാല്‍ പ്രതിസന്ധി ഘട്ടത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും രംഗം തണുപ്പിക്കാനും സ്ത്രീനേതൃത്വം വേണം. അനുഭവസമ്പത്തും വിശ്വാസ്യതയുമുള്ള സ്ത്രീകള്‍ പക്ഷേ സ്വാഭാവികമായി നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടില്ല. ഇതിപ്പോള്‍ എന്‍വിഡിയയുടെ കാര്യത്തില്‍ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമൊന്നുമല്ല.  ഇതിനു മുന്‍പും ആഗോളകമ്പനികള്‍ പ്രതിസന്ധിയിലായപ്പോള്‍ സമാനമായ വനിതാമുന്നേറ്റം ആഘോഷിക്കപ്പെട്ടിട്ടുണ്ട്. യാഹൂ ഗൂഗിളിനു പിന്നിലായി കിതച്ചു കൊണ്ടിരുന്നപ്പോള്‍ 2012ല്‍ സി.ഇ.ഒയായി മരിസാ മേയറെ കൊണ്ടുവന്നത് വനിതാവിമോചനപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. സെറോക്സ് കമ്പനി പാപ്പരായപ്പോള്‍ 2001ല്‍ ആന്‍ മുല്‍കേയെ തലപ്പത്തു കൊണ്ടു വന്നതും ചരിത്രത്തിലെ മറ്റൊരു ഉദാഹരണം.

 

യാഹൂവില്‍ മരിസ മേയര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ശ്രമിച്ചു. പക്ഷേ എല്ലാ സാഹചര്യങ്ങളും പ്രതികൂലമായിരിക്കേ പൊടുന്നനേ നേതൃപദവി ഏറ്റെടുക്കേണ്ട വന്ന മരിസയ്ക്ക് കമ്പനിയെ രക്ഷപ്പെടുത്താനായില്ല. ഒടുവില്‍ 2017ല്‍ വെറൈസണ്‍ യാഹുവിനെ ഏറ്റെടുത്തപ്പോള്‍ രാജിവയ്ക്കുകയായിരുന്നു.  റെഡിറ്റില്‍ എല്ലെന്‍ പാവോ 2014ല്‍ ഇടക്കാല സി.ഇ.ഒ ആയതും സമാനപ്രതിസന്ധിയില്‍. തനിക്ക് ഒരു പങ്കാളിത്തവുമിലാത്ത മുന്‍കാലതീരുമാനങ്ങളുടെ പേരില്‍ കടുത്ത സമ്മര്‍ദങ്ങള്‍ നേരിട്ട് ഒടുവില്‍ എട്ടു മാസത്തിനു ശേഷം രാജിവച്ചു. ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തിനു പിന്നാലെ വരുമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ലിന്‍ഡ യാക്കാരിനോ വെല്ലുവിളി ഏറ്റെടുക്കാന്‍ നിയമിതയായി. ഇക്കൂട്ടത്തില്‍ എല്ലാ വനിതകളും കടുത്ത വെല്ലുവിളി നേരിട്ടപ്പോള്‍ 2014ല്‍ ജനറല്‍ മോട്ടോഴ്സില്‍ സമാന പ്രതിസന്ധിയില്‍ ചുമതലേയറ്റ മേരി ബാരയ്ക്കു മാത്രമാണ് വിജയം കുറിക്കാനായത്.അതും വന്‍ വെല്ലുവിളികള്‍ തുടര്‍ച്ചയായി നേരിട്ട ശേഷം.

 

കോര്‍പറേറ്റ് ലോകത്തു മാത്രമല്ല, രാഷ്ട്രീയത്തിലും ഗ്ലാസ് ക്ലിഫ് ഇഷ്ടം പോലെയുണ്ടായിട്ടുണ്ട്. തെരേസ മേ 2016ല്‍ ബ്രിട്ടന്റെ പ്രധാനമന്ത്രിയായത് ബ്രെക്സിറ്റിനു പിന്നാലെ കലുഷിതമായ രാഷ്ട്രീയസാഹചര്യത്തിലാണ്. 2022ല്‍ അതേ പദവിയില്‍ ലിസ് ട്രസ് നിയോഗിക്കപ്പെട്ടതും ബ്രിട്ടന്റെ ഏറ്റവും മോശം അവസ്ഥയില്‍, ഒടുവില്‍ 49 ദിവസത്തിനുള്ളില്‍ രാജിവച്ച് ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായതിന്റെ പഴിയുമായി  പടിയിറങ്ങി. 1993ല്‍ കാനഡയിലെ ആദ്യ വനിതാപ്രധാനമന്ത്രിയായി കിം കാംബെല്‍ വന്നതും ഇതേപോലെ ഏറ്റവും മോശം സാഹചര്യത്തില്‍. നാലു മാസത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് കിം കാംബെലിന്റെ പാര്‍ട്ടി നേരിട്ടത്.

 

ജെന്‍സന്‍ ഹുവാങും ഭാര്യ ലോറി ഹുവാങും

എന്‍വിഡിയ ഇപ്പോള്‍ പ്രതീക്ഷിക്കുന്നതു പോലെ ഓഹരിയുടമകളിലും നിക്ഷേപകരിലും ഒരു ആത്മവിശ്വാസമുണ്ടാക്കാനും തല്‍ക്കാലം ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള സമയം നീട്ടാനും വനിതാനേതൃത്വത്തിന് കഴിയുമെങ്കിലും സ്വാഭാവികസ്ത്രീമുന്നേറ്റത്തില്‍ ഇത് വിപരീതഫലമാണുണ്ടാക്കുന്നതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.  നേതൃത്വത്തിലെത്തുന്ന സ്ത്രീകള്‍ ഒരു തരത്തിലും ഉള്‍പ്പെടാത്ത, അവര്‍ ഭാഗഭാക്കായിട്ടില്ലാത്ത പ്രശ്നങ്ങളുടെ പരിഹാരം അവരുടെ തലയിലാകുന്നു. കാര്യങ്ങള്‍ എത്രയും പെട്ടെന്ന് നേരെയാക്കാനുള്ള അതികഠിനമായ സമ്മര്‍ദം വന്നു ചേരുന്നു. ഒടുവില്‍ പ്രതീക്ഷിച്ച വേഗത്തില്‍ കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍ പഴി കൃത്യമായും വനിതാനേതൃത്വത്തിനാകും. ഇത് പൊതുവില്‍ തന്നെ വനിതാനേതൃത്വത്തിന് മികവ് പോരെന്ന പ്രതീതിയുടെ പ്രചാരകര്‍ക്ക് സഹായകവുമാകും.

 

ഒരു സ്ഥാപനം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയോ വിവാദങ്ങളിലൂടെയോ തകര്‍ച്ചയിലൂടെയോ കടന്നു പോകുമ്പോള്‍ നയിക്കാനുള്ള ഉത്തരവാദിത്തം സ്ത്രീകളെയോ ന്യൂനപക്ഷവിഭാഗക്കാരെയോ ഏല്‍പിച്ചു കൊടുക്കുന്ന  പാറ്റേണിനെയാണ് ഗ്ലാസ് ക്ലിഫ് എന്നു വിളിക്കുന്നത്. പരാജയപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള സമയത്ത്  നേതൃപദവി ഏല്‍പിക്കുന്നത് അംഗീകാരമല്ല പരീക്ഷണം മാത്രമാണെന്നാണ് മനഃശാസ്ത്രപരമായ നിരീക്ഷണം. 2005ല്‍ ബ്രിട്ടനിലെ ഗവേഷകരായ മിഷേല്‍ റയാനും അലക്സ് ഹാസ്‍ലമും ചേര്‍ന്നാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ കമ്പനികള്‍ തുടര്‍ച്ച തകര്‍ച്ചയ്ക്കു പിന്നാലെ ബോര്‍ഡ് അംഗങ്ങളായി സ്ത്രീകളെ നിയമിക്കുന്നതിനെക്കുറിച്ചായിരുന്നു ഇവരുടെ പഠനം. 

 

ഉന്നതപദവികളില്‍ എത്തുന്നതില്‍ നിന്ന് സ്ത്രീകളെ തടയുന്ന പ്രവണതയെ ഗ്ലാസ് സീലിങ് എന്നു വിശേഷിപ്പിക്കുമ്പോള്‍ ഉന്നതപദവിയിലേക്ക് വാള്‍ത്തുമ്പിലെന്ന പോലെ കൊണ്ടു നിര്‍ത്തുന്നതിനെയാണ് ഗ്ലാസ് ക്ലിഫ് എന്നു  വിളിക്കുന്നത്. നേതൃപദവിയിലേക്ക് സ്വാഭാവികമായ പരിശീലനവും പിന്തുണയും അനുകൂലമായ സാഹചര്യവുമൊന്നും ഇല്ലാതെ പൊടുന്നനെ പ്രതിസന്ധിയില്‍ മികവ് തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് ദുരുദ്ദേശപരമാണെന്നും വിലയിരുത്തപ്പെടുന്നു.

 

വളര്‍ച്ചയുടെ ഘട്ടങ്ങളിലും നയിക്കാന്‍ സ്ത്രീകള്‍ക്ക് അര്‍ഹതയുണ്ട്. പ്രതിസന്ധിഘട്ടങ്ങളില്‍ മാത്രമല്ല അവരെ വിശ്വസിക്കേണ്ടത് എന്നതാണ് വനിതാവിമോചന പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. പുരുഷാധിപത്യത്തിന്റെ ഈ തന്ത്രപരമായ നീക്കത്തെ അതിജീവിക്കാന്‍ കൃത്യമായ ആസൂത്രണത്തിലൂടെ മാത്രമേ കഴിയൂവെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു. ആത്മവിശ്വാസം വളര്‍ത്താനാവശ്യമായ എല്ലാ തീരുമാനങ്ങള്‍ക്കും പൂര്‍ണ അധികാരം ഉറപ്പിക്കുക, കൃത്യമായ സാമ്പത്തികപിന്തുണ ഉറപ്പിക്കുക, തന്റേതല്ലാത്ത തീരുമാനങ്ങളുണ്ടാക്കുന്ന പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ പരിഹാരത്തിന് ശ്രമം നടത്തുക തുടങ്ങിയ പരിമിതമായ വഴികളാണ് ഇത്തരം ഘട്ടങ്ങളില്‍ മുന്നിലുള്ളത്.  എന്തു തന്നെയായാലും മികവ് തെളിയിക്കാനല്ല, ബലിയാടാക്കാന്‍ വേണ്ടി മാത്രമാണ് സ്ത്രീകളെ ഇത്തരം ഘട്ടങ്ങളില്‍ മാത്രം ആശ്രയിക്കുന്നത് എന്ന വിമര്‍ശനത്തിന് ചരിത്രത്തിന്റെ പിന്‍ബലമുണ്ട്.

ENGLISH SUMMARY:

Nvidia's reported decision to appoint Colette Kress as its first woman CEO amid corporate controversy raises questions about the Glass Cliff phenomenon. The term describes a pattern in which women are appointed to leadership positions when organisations are already facing serious crises, making failure more likely. Examples include Marissa Mayer at Yahoo, Ellen Pao at Reddit, Linda Yaccarino at Twitter, and political leaders such as Liz Truss and Theresa May. The article explores how women are often expected to fix problems they did not create, frequently without adequate support or authority. It argues that women deserve leadership opportunities during periods of growth and success, not just when organisations are struggling.