അലക് പാണ്ഡേ

പ്രാഥമിക ഓഹരി വിപണിയിൽ ഓരോ ആഴ്ചയും പല കമ്പനികൾ വരുന്നു ലിസ്റ്റിങ് പൂർത്തിയാക്കുന്നു. ഈ ആഴ്ചയിലെ ഐപിഒ പട്ടികയിലെ പ്രധാനി, എജ്യുടെക് കമ്പനിയായ ഫിസിക്സ് വാലയ്ക്ക് പറയാൻ ഒത്തിരി കഥകളുണ്ട്. 2016 ൽ എൻജിനീയറിങ് ഡ്രോപ്പ്ഔട്ടായ അലക് പാണ്ഡേ എന്ന ചെറുപ്പക്കാരൻ തുടങ്ങിയ യൂട്യൂബ് ചാനലാണ് ഇന്ന് 3,480 കോടി രൂപയുടെ ഐപിഒയുമായി എത്തിയിരിക്കുന്നത്. 

പഠിക്കാൻ മോശമായതു കൊണ്ടല്ല അലക് പാണ്ഡേ കോളജിൽ നിന്നും ഇറങ്ങുന്നത്. പഠിപ്പിക്കുന്ന രീതിയിൽ തൃപ്തനല്ലാതിരുന്നില്ല അദ്ദേഹം. 2016 ൽ ഇഷ്ട വിഷയമായ ഫിസിക്സ് പഠിപ്പിക്കാൻ പ്രയാഗ്‍രാജില്‍ ചെറിയ കോച്ചിങ് സെന്ററും ഫിസിക്സ് വാല എന്ന പേരിൽ യൂട്യൂബ് ചാനലും അദ്ദേഹം ആരംഭിച്ചു. 30,000 രൂപയുടെ ചെറിയ നിക്ഷേപത്തിൽ നിന്നാണ് അലക് പാണ്ഡേയുടെ തുടക്കം. 

കണ്ടന്റിന്റെ ക്വാളിറ്റി കൊണ്ട്, പതിയെ ചാനലിലേക്ക് ആളെത്തി. ആളു കൂടുന്നതിന് അനുസരിച്ച് പലവിഷയങ്ങളും ഫിസിക്സ് വാലയിലെത്തി. 2019 തിൽ 2 മില്യണായിരുന്നു ഫിസിക്സ് വാലയുടെ സബ്സ്ക്രൈബേഴ്സ്. 2022 ൽ ഇത് ആറു മില്യണും കടന്ന് കുതിച്ചു. 

യൂട്യൂബില്‍ നിന്നും എജ്യുടെക് കമ്പനിയിലേക്ക്

2018 ൽ ഫിസിക്സ് വാല അതേ പേരിൽ ആപ്പ് പുറത്തിറക്കി. ഐഐടിയിൽ നിന്നും മെക്കാനിക്കൽ എൻജിനിയറിങ് നേടിയ പ്രതീക് മഹേശ്വരിക്കൊപ്പം ചേർന്നായിരുന്നു ആപ്പ് നിർമാണം. 2020 തിൽ കമ്പനി ഔദ്യോ​ഗികമായി രജിസ്ട്രേഡ് എജ്യുടെക്കായതോടെ പ്രതീക് മഹേശ്വരി കമ്പനിയുടെ സഹസ്ഥാപകരിലൊരാളായി. ഇന്ന് 46 മില്യൺ വിദ്യാർഥികളും 198 ഓഫ്‍ലൈൻ കേന്ദ്രങ്ങളുമുള്ള കമ്പനിയായി ഫിസിക്സ്‍ വാല മാറി. 

യൂട്യൂബിനപ്പുറം വളർന്നെങ്കിലും കമ്പനിയുടെ വളർച്ചയിൽ യൂട്യൂബിനും പങ്കുണ്ട്. 46 മില്യൺ വിദ്യാർഥികളിൽ 95 ശതമാനവും ആദ്യം യൂട്യൂബിലോ ആപ്പിലെ ഫിസിക്സ് വാലയെ പറ്റി അറിഞ്ഞവരാണ്. ഓഫ്‍ലൈനിൽ ക്ലാസിലുള്ള 70 ശതമാനം പേരും യൂട്യൂബിലെ വിദ്യാർഥികളാണെന്നുമാണ് കണക്ക്. ഇന്ന് 81 യൂട്യൂബ് ചാനലുകളിലായി 36 മില്യൺ സബ്സ്ക്രൈബേഴ്സ് കമ്പനിക്കുണ്ട്. ദിവസം 21 ലക്ഷത്തോളം പേർ വിഡിയോ കാണുന്നു എന്നാണ് കണക്ക്. യൂട്യബ് ചാനലായിരുന്ന കാലത്ത് 75 കോടി രൂപയ്ക്ക് ഫിസിക്സ് വാലയുടെ 20 ശതമാനം ഓഹരി വാങ്ങാൻ താൽപര്യമറിയിച്ചുള്ള ഓഫർ തള്ളിയാണ് അലക് പാണ്ഡേയും ഫിസിക്സ് വാലയും കുതിച്ചത്. 

ഐപിഒ വിശദാംശം

കമ്പനിയുടെ ഓഫ്‍ലൈൻ കേന്ദ്രങ്ങൾ വിപുലപ്പെടുത്താനാണ് ഐപിഒയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. 3,100 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകൾ വിറ്റഴിക്കുന്ന 380 കോടി രൂപയുടെ  ഓഹരികളും ഉൾപ്പെടുന്നതാണ് 3,480 കോടി രൂപയുടെ ഐപിഒ. സ്ഥാപകനായ അകല് പാണ്ഡേയും പ്രതീക് മഹേശ്വരിയും ഒരു ഭാഗം ഓഹരികൾ വിറ്റഴിക്കും. എന്നാൽ സ്ഥാപന നിക്ഷേപകർ കമ്പനിയിൽ തുടരനാണ് തീരുമാനം. 103 രൂപ മുതൽ 109 രൂപ വരെയാണ് ഐപിഒയിൽ ഓഹരിക്ക് നിശ്ചിച്ചിരിക്കുന്ന തുക. ഉയർന്ന ഓഹരി വില പ്രകാരം 31,000 കോടി രൂപയാണ് കമ്പനിയുടെ മൂല്യമായി കണക്കാക്കുന്നത്. 11 ന് ആരംഭിച്ച ഐപിഒ വ്യാഴാഴ്ച സമാപിക്കും.

കൂടുതല്‍ വിപണികള്‍ ലക്ഷ്യം

ഇതുവരെ വളരെ കുറച്ചു തുക മാത്രമാണ് കമ്പനി മാർക്കറ്റിങിന് ചെലവാക്കിയിരുന്നത്. വരുമാനത്തിന്റെ 10 ശതമാനമായിരുന്നു മാർക്കറ്റിങ് ചെലവ്. എന്നാൽ ഐപിഒ വഴി സമാഹരിക്കുന്ന തുകയിൽ 710 കോടി മാർക്കറ്റിങിന് ഉപയോ​ഗിക്കാനാണ് കമ്പനിയുടെ തീരുമാനം. ഐപിഒ വരുമാനം ഉപയോ​ഗിച്ച കൂടുതൽ വിപണികളിലേക്ക് കടക്കാനാണ് കമ്പനി ഒരുങ്ങുന്നത്. 460 കോടി പുതിയ കോച്ചിങ് കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ മാറ്റിവച്ചിട്ടുണ്ട്. 

സൈലം സ്ഥാപകരും അലക് പാണ്ഡേയും. Image Credit: linkedin.com/anoopmohancan

കേരള കമ്പനിക്കും നേട്ടം

ഹിന്ദി ബെൽട്ടിൽ വലിയ മാർക്കറ്റ് ഷെയറുള്ള കമ്പനി പാൻ ഇന്ത്യ ലക്ഷ്യമിട്ട് പല ഏറ്റെടുക്കലും നടത്തിയിട്ടുണ്ട്. 2022 മുതൽ 10 കമ്പനികളെയാണ് കമ്പനി ഏറ്റെടുത്തത്. ഇതിലൊന്ന് കോഴിക്കോട് ആസ്ഥാനമായ എജ്യുടെക് കമ്പനിയായ സൈലം ആണ്. 500 കോടി രൂപയുടെ മൂന്നു വര്‍ഷത്തേക്കുള്ള കരാറിലൂടെയായിരുന്നു ഏറ്റെടുക്കല്‍. ഐപിഒ പൂർത്തിയാകുന്നതോടെ സൈലത്തിനും നേട്ടമുണ്ട്. 

ഫിസിക്സ് വാലയുടെ ദക്ഷിണേന്ത്യന്‍ വിപണിയിലേക്കുള്ള കടന്നുവരവിനായിരുന്നു സൈലത്തെ ഏറ്റെടുത്തത്. നിലവില്‍ സൈലത്തില്‍ 64.98 ശതമാനം ഓഹരി ഉടമകളാണ് ഫിസിക്സ് വാല. 2023 ജൂണിലാണ് കമ്പനിയിലേക്ക് ഫിസിക്സ് വാല എത്തുന്നത്. ഐപിഒയില്‍ നിന്നും ലഭിക്കുന്ന തുകയില്‍ 47.16 കോടി രൂപ കമ്പനി സൈലത്തിനായി ചെവഴിക്കും. പുതിയ ഓഫ്‍ലൈന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനായി 31.6 കോടി രൂപയും നിലവിലുള്ള കേന്ദ്രങ്ങളുടെ വാടകയ്ക്കും മറ്റു ചെലവുകള്‍ക്കുമായി 15 കോടി രൂപയുമാണ് ചെലവാക്കുക.  

ENGLISH SUMMARY:

EdTech company Physics Wallah (PW), started by college dropout Alakh Pandey, is launching its Rs 3480 Cr IPO. Learn about its massive growth, the decision to reject a Rs 75 Cr offer, and the plan to expand offline centers, including investment in Kerala's Xylem.