ഒരു വർഷത്തോളമായി ഇലോണ്‍ മസ്ക് കയ്യടക്കിവച്ചിരുന്ന ലോക സമ്പന്നന്‍ എന്ന പദവി ഇനി സോഫ്റ്റ്‍വെയർ കമ്പനിയായ ഒറാക്കിൾ കോർപറേഷന്റെ സഹസ്ഥാപകനും ചെയർമാനും ചീഫ് ടെക്നോളജി ഓഫിസറുമായ (സിടിഒ) ലാറി എലിസണ് സ്വന്തം. ചൊവ്വാഴ്ച വൈകുന്നേരം ഒറാക്കിളിന്‍റെ ത്രൈമാസ ഫലങ്ങൾ പുറത്തുവന്നതോടെയാണ് ലാറി എലിസണിന്‍റെ ആസ്തി കുതിച്ചുയര്‍ന്നത്. 101 ബില്യൺ ഡോളര്‍ വര്‍ധിച്ച് 393 ബില്യൺ ഡോളറിലേക്കായിരുന്നു ഈ കുതിപ്പ്. ഇതോടെ മസ്കിന്‍റെ 385 ബില്യൺ ഡോളറിന്‍റെ അസ്തിയെ മറികടന്ന് ലാറി എലിസണ്‍ ലോക സമ്പന്നനായിമാറി. ബ്ലൂംബെർഗിന്റെ കണക്കുകൾ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ ഒരു ദിവസത്തെ വർധനവാണിത്.
2021ലാണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി എക്സ്, സ്പേസ്എക്സ്, ടെസ്‍ല എന്നിവയുടെ മേധാവിയായ ഇലോൺ മസ്ക് മാറുന്നത്. പിന്നീട് 2021ൽ തന്നെ എൽവിഎംഎച്ച് സിഇഒ ബെർണാഡ് അർനോൾട്ടിനോടും 2024 ൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനോടും മസ്കിന് ഈ പദവി നഷ്ടപ്പെട്ടിരുന്നു. എങ്കിലും കഴിഞ്ഞ വർഷം അദ്ദേഹം അത് തിരിച്ചുപിടിക്കുകയും മാസങ്ങളോളം ലോക സമ്പന്നനായി തുടരുകയും ചെയ്തു. അതേസമയം, ഫോബ്സിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം മസ്ക് തന്നെയാണ് ഇപ്പോഴും ഒന്നാമൻ. ഫോബ്സിന്റെ പട്ടികയില്‍ 439.9 ബില്യൻ ഡോളറാണ് മസ്കിന്‍റെ ആസ്തി. 401.1 ബില്യനുമായി ലാറി എലിസൺ തൊട്ടടുത്തുണ്ട്. ഈ പട്ടികയും ഏതുനിമിഷവും മാറി മറിഞ്ഞേക്കാം.
സോഫ്റ്റ്‍വെയർ കമ്പനിയായ ഒറാക്കിൾ കോർപറേഷന്റെ സഹസ്ഥാപകനും ഇപ്പോൾ ചെയർമാനും ചീഫ് ടെക്‌നോളജി ഓഫീസറുമാണ് 81 കാരനായ ലാറി എലിസണ്‍. 1977 ലാണ് ഓറാക്കിള്‍ സ്ഥാപിതമാകുന്നത്. ലാറി എലിസണിന്‍റെ ആസ്തിയുടെ ഭൂരിഭാഗവും ഒറാക്കിളിന്‍റെ ഓഹരികളിലാണ്. നിലവിൽ ഒറാക്കിളിന്റെ വിപണിമൂല്യം 950 ബില്യൻ ഡോളറാണ്. ചൊവ്വാഴ്ചത്തെ അവസാനത്തോടെ 45% നേട്ടമുണ്ടാക്കിയ ഒറാക്കിളിന്റെ ഓഹരികൾ ബുധനാഴ്ച 41% ഉയർന്നിരുന്നു. കമ്പനി ബുക്കിങുകളിൽ വലിയ വർധനവ് രേഖപ്പെടുത്തുകയും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ ബിസിനസിന് ഭാവി പ്രതീക്ഷ നൽകുകയും ചെയ്തതോടെയാണ് ഓഹരികള്‍ കുതിച്ചത്. ഐ അധിഷ്ഠിത ക്ലൗഡ് സേവനങ്ങളിൽ നിന്നുള്ള വരുമാനം ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയുമായുള്ള കരാറിന്റെ ഭാഗമായി 1,529 ശതമാനം കൂടിയെന്നും ഈ വിഭാഗത്തിൽ നിന്ന് 2026ൽ 18 ബില്യനും തുടർന്നുള്ള 4 വർഷങ്ങളിൽ യഥാക്രമം 32 ബില്യൻ, 72 ബില്യൻ, 114 ബില്യൻ, 144 ബില്യൻ എന്നിങ്ങനെയും വരുമാനം പ്രതീക്ഷിക്കുന്നതായും ലാറി എലിസൺ പറഞ്ഞതിനു പിന്നാലെയാണ് ഓഹരികള്‍ കുതിച്ചത്. 1992നുശേഷം ഒറാക്കിൾ ഓഹരിവില കൈവരിക്കുന്ന ഏറ്റവും വലിയ ഏകദിന നേട്ടമാണിത്.
അതേസമയം, ഇലോണ്‍ മസ്കിന്‍റെ ടെസ്‌ല ഇൻകോർപ്പറേറ്റഡിന്റെ ഓഹരികൾ ഈ വർഷം 13% ഇടിഞ്ഞു. കമ്പനിയുടെ ബോർഡ് മസ്‌കിന് ഒരു വലിയ ശമ്പള പാക്കേജ് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇത് നടപ്പായാല്‍ ആദ്യ ട്രില്യണയര്‍ എന്ന നേട്ടത്തിന് മസ്ക് അര്‍ഹനാകും. മാത്രമല്ല ലോകത്താര്‍ക്കുമില്ലാത്ത പ്രതിഫലം നേടുന്ന വ്യക്തിയായും മാറും. എന്നാല്‍ വരും വര്‍ഷങ്ങളില്‍ കമ്പനി ചില ലക്ഷ്യങ്ങള്‍ കൈവരിച്ചെങ്കില്‍ മാത്രമേ മസ്‌കിന് ഈ പാക്കേജ് ലഭിക്കുകയുള്ളു. ഓഹരി ഉടമകള്‍ ഇത് അംഗീകരിക്കേണ്ടതായുമുണ്ട്.