ബിസിനസുകാര്‍ സമ്പത്തുണ്ടാകുന്നതും ലോക സമ്പന്ന പട്ടികയിലെത്തുന്നതും സാധാരണം. എന്നാല്‍ ഒറ്റദിവസം കൊണ്ട് ഒരാളുടെ കയ്യില്‍ വലിയ പണമെത്തിയാല്‍ ആകെ ഒന്ന് സംശയിക്കും. സംശയിക്കേണ്ട ഒറാക്കിള്‍ കോര്‍പ്പറേഷന്‍റെ ലാറി എല്ലിസണ്‍ ഒറ്റദിവസം കൊണ്ട് ഉണ്ടാക്കിയത് 88.5 ബില്യണ്‍ ഡോളറാണ്. ഏകദേശം 7.78 ലക്ഷം കോടി രൂപ! അതായത് ഇന്ത്യയിലെ സമ്പന്നന്‍ ഗൗതം അദാനിയുടെ മൊത്തം ആസ്തിയേക്കാള്‍ കൂടുതല്‍. 80.9 ബില്യണ്‍ ഡോളര്‍ അഥവാ 7.12 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആസ്തി.
ഒറാക്കിള്‍ കോര്‍പ്പറേഷന്‍റെ ഓഹരികള്‍ ബുധനാഴ്ച 43 ശതമാനം വരെയാണ് ഉയര്‍ന്നത്. വ്യാപാരത്തിനൊടുവില്‍ 36 ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഒറാക്കളിന്‍റെ സഹ സ്ഥാപകനായ ലാറി എല്ലിസണനാണ് കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമ.
40% ഓഹരിയാണ് കമ്പനിയില്‍ എലിസന്‍ കൈവശം വച്ചിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 88.5 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് ആസ്തി 393 ബില്യണ്‍ ഡോളറിലെത്തി.
കമ്പനിയുടെ വിപണി മൂല്യത്തിലും കുതിപ്പുണ്ടായി. 244 ബില്യണ്‍ ഉയര്‍ന്ന് 922 ബില്യണിലേക്ക് ഒറാക്കിളിന്‍റെ വിപണിമൂല്യമെത്തി. ഒരു ട്രില്യണ്‍ എന്ന നാഴികകല്ലിലേക്ക് അടുക്കുകയാണ് കമ്പനി. ഇന്ന് ലോകത്ത് ഏറ്റവും മൂല്യമുള്ള 12-ാമത്തെ കമ്പനിയാണ് ഒറാക്കിള്‍ കോര്‍പ്പറേഷന്‍. നേട്ടം തുടരുകയാെങ്കില്‍ ടെസ്‍ലയുടെ 1.1 ട്രില്യന്‍ എന്ന നേട്ടം ഒറാക്കിള്‍ മറികടന്നേക്കാം.
ഭാവി പ്രവര്‍ത്തനങ്ങളില്‍ കമ്പനി പ്രകടിപ്പിച്ച ആത്മവിശ്വാസമാണ് ഓഹരിക്ക് ഗുണമായത്. കമ്പനിയുടെ ക്ലൗഡ് ഇന്‍ഫ്ര വരുമാനം 2025 സാമ്പത്തിക വര്‍ഷത്തിലെ 10.3 ബില്യണില്‍ നിന്ന് 2030 ഓടെ ഇത് 144 ബില്യണാകുമെന്നാണ് കമ്പനിയുടെ പ്രവചനം. നാല് മള്‍ട്ടി ഡോളര്‍ കരാറുകള്‍ കമ്പനി ആദ്യ പാദത്തില്‍ സ്വന്തമാക്കി. കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് 455 ബില്യണ്‍ ഡോളറായി. മുന്‍ വര്‍ഷത്തേക്കാള്‍ നാലിരട്ടിയാണിത്.
ഈ വർഷം ഒറാക്കിളിന്റെ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ വരുമാനം 77% വർദ്ധിച്ച് 18 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് സഫ്രാ കാറ്റ്സ് ചൊവ്വാഴ്ച അനലിസ്റ്റുകളോട് പറഞ്ഞത്. ഇതിനൊപ്പം ഓപ്പൺഎഐ 300 ബില്യണ്‍ ഡോളറിന്‍റെ കരാര്‍ ഒപ്പിട്ടതായുള്ള വാര്‍ത്തയും ബാങ്ക് ഓഫ് അമേരിക്ക ഒറാക്കിള്‍ ഓഹരിക്ക് 'ബൈ' റേറ്റിങ് നല്‍കിയതും ഓഹരിയെ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലെത്തിച്ചു.
ഗംഭീര നേട്ടത്തിന് പിന്നാലെ ഓഹരി വില ഇന്ന് വ്യാപാര ആരംഭത്തില്‍ ഇടിഞ്ഞു. വ്യാഴാഴ്ച നാല് ശതമാനം ഇടിവിലാണ് ഓഹരി. നിലവില്‍ 318.09 ഡോളറിലാണ് വ്യാപാരം.