ഫോബ്സിൻ്റെ 2025ലെ ശതകോടീശ്വര പട്ടികയിൽ മലയാളികളിൽ മുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ലോക സമ്പന്നരിൽ ഒന്നാമൻ ഇലോൺ മസ്കാണ്. 34,200 കോടി ഡോളറാണ് മസ്കിൻറെ ആസ്തി മൂല്യം. ആദ്യ പത്തിൽ ഇന്ത്യക്കാരൊന്നും ഉൾപ്പെട്ടിട്ടില്ല. 18-ാം സ്ഥാനത്തുള്ള മുകേഷ് അംബാനിയാണ് ഇന്ത്യൻ സമ്പന്നരിൽ മുന്നിൽ. 9,250 കോടി ഡോളറാണ് അംബാനിയുടെ ആസ്തി. 5,630 കോടി ഡോളർ ആസ്തിയുള്ള ഗൗതം അദാനിയാണ് രണ്ടാമതുള്ള ഇന്ത്യക്കാരൻ. ലോക സമ്പന്നരിൽ 28-ാം സ്ഥാനത്താണ് അദാനി.
മലയാളി സമ്പന്നർ ഇവർ
ലോക സമ്പന്നരിൽ 639 സ്ഥാനത്തുള്ള എംഎ യൂസഫലിയാണ് മലയാളികളിൽ മുന്നിൽ. ആസ്തി 550 കോടി ഡോളർ. 760 ബില്യൺ ഡോളറായിരുന്നു 2024 ൽ യൂസഫലിയുടെ ആസ്തി. ജെംസ് എഡ്യുക്കേഷൻ ചെയർമാനായ സണ്ണി വർക്കിയാണ് മലയാളി സമ്പന്നരിൽ രണ്ടാമൻ. വിദ്യാഭ്യാസ സംരംഭകനായ സണ്ണിയുടെ സമ്പത്തിൽ കാര്യമായ വർധനവുണ്ട്. 2024 ൽ 330 കോടി ഡോളറിന്റെ ആസ്തിയുണ്ടായിരുന്ന സണ്ണിയുടെ ഇന്നത്തെ ആസ്തി 390 കോടി ഡോളറാണ്.
ഇൻഫോസിസ് സഹസ്ഥാപകൻ, തിരുവനന്തപുരം സ്വദേശി ക്രിസ് ഗോപാലകൃഷ്ണനാണ് മലയാളി സമ്പന്നരിൽ മൂന്നാമൻ. 350 കോടി ഡോളർ ആസ്തിയുണ്ടായിരുന്ന ക്രിസ് ഗോപാലകൃഷന്റെ ആസ്തി 380 കോടി ഡോളറായി ഉയർന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനും ആർപി ഗ്രൂപ്പ് ചെയർമാനുമായ രവി പിള്ളയുടെ ആസ്തിയിലും ഈ വർഷം വർധനവുണ്ട്. 370 കോടി ഡോളർ ആസ്തിയോടെ മലയാളി സമ്പന്നരിൽ നാലാമതാണ് രവി പിള്ള. 320 കോടി ഡോളറായിരുന്നു കഴിഞ്ഞ വർഷത്തെ ആസ്തി.
അതേസമയം ജോയ്ആലുക്കാസ് ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിന് വരുമാനത്തിൽ വലിയ ഇടിവ് പറ്റി. 440 കോടി ഡോളർ ആയിരുന്ന ജോയ് ആലുക്കാസിന്റെ ആസ്തി 330 കോടിയായി ചുരുങ്ങി.
കല്യാണ് ജ്വല്ലേഴ്‌സിൻ്റെയും കല്യാൺ ഡെവലപ്പേഴ്‌സിൻ്റെയും അമരക്കാരനായ ടിഎസ് കല്യാണ രാമൻറെ ആസ്തി 310 കോടി ഡോളറായി ചുരുങ്ങി. നേരത്തെ ഇത് 320 കോടി ഡോളറായിരുന്നു.
വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായി ഷംസീർ വള്ളയിലും ആസ്തിയിൽ ഇടിവ് നേരിട്ടു. 2024 ൽ 350 കോടി ഡോളറായിരുന്ന അദ്ദേഹത്തിന്റെ ആസ്തി 200 കോടിയിലേക്ക് ചുരുങ്ങി.
മുത്തൂറ്റ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പട്ടികയിൽ 190 കോടി ഡോളറോടെ സ്ഥാനമുറപ്പിച്ചു. ജോർജ്ജ് ജേക്കബ് മുത്തൂറ്റ്, ജോർജ്ജ് തോമസ് മുത്തൂറ്റ്, സാറാ ജോർജ്ജ് മുത്തൂറ്റ് എന്നിവരും പട്ടികയിലുണ്ട്. വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്റ്ററായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ ആസ്തി 130 കോടി ഡോളറാണ്.
ഇന്ത്യൻ സമ്പന്നർ
ഇന്ത്യൻ സമ്പന്നരിൽ മൂന്നാമത് സാവിത്ര ജിൻഡാലാണ്. ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സൻറെ ആസ്തി 3550 കോടി ഡോളറാണ്. എച്ച്സിഎൽ സഹ സ്ഥാപകൻ ശിവ നാടാർ- 3,450 കോടി ഡോളർ. സൺ ഫാർമസ്യൂട്ടിക്കൽസ് സ്ഥാപകൻ ദിലീപ് ഷാങ്വി- 2,490 കോടി ഡോളർ, സെറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ സൈറസ് പൂനെവാല- 2,310 കോടി ഡോളർ, ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള- 2,090 കോടി രൂപ എന്നിവരാണ് ലോക സമ്പന്ന പട്ടികയുടെ ആദ്യ 100 ലുള്ളത്. മുകേഷ് അംബാനിയുടെ ആസ്തി 2024 ലെ 11,600 കോടി ഡോളറിൽ നിന്നും 9,250 കോടി ഡോളറായി ഇടിഞ്ഞു.
ഇന്ത്യയിൽ നിന്നും 205 പേരാണ് ശതകോടീശ്വരന്മാരുടെ പട്ടികയിലുള്ളത്. 902 ശതകോടീശ്വരന്മാരുടെ യുഎസ് ആണ് ഒന്നാമത്. ചൈനയിൽ നിന്നും 516 പേരാണ് പട്ടികയിലുള്ളത്.