AI generated Image
കഴിഞ്ഞ 20 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണം മുന്‍പെങ്ങുമില്ലാത്തവിധം വര്‍ധിച്ചതായി കാണാം. പ്രോല്‍സാഹിപ്പിക്കപ്പെടേണ്ട കാര്യമാണെന്നിരിക്കെ തന്നെ കൃത്യമായി പഠിച്ചും, വ്യവസ്ഥകള്‍ പരിശോധിച്ചും വേണം ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാനെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ലാഘവത്തില്‍ ഇന്‍ഷൂറന്‍സെടുത്താല്‍ ചിലപ്പോള്‍ കൈ പൊള്ളും, കീശയും കീറും.
7500 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് ക്ലെയിമുകളാണ് 2023 ല്‍ മാത്രം തള്ളിപ്പോയതെന്ന് ഐആര്‍ഡിഎഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോളിസിയില്‍ എന്തൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട്, ഇല്ല എന്ന് കൃത്യമായി അറിയാത്തതിനാലും വെയ്റ്റിങ് പിരീഡ്, സബ് ലിമിറ്റ് എന്നിവയില്‍ ധാരണയില്ലാത്തയില്ലാത്തിനാലുമാണ് ഭൂരിഭാഗം ക്ലെയിമുകളും തള്ളിപ്പോയത്. അതുകൊണ്ടു തന്നെ ഇന്‍ഷൂറന്‍സെടുക്കുമ്പോള്‍ കൃത്യമായി പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കുന്നു.
പരിശോധിക്കേണ്ടത് എന്തെല്ലാം?
കണ്ണുമടച്ച് ഇന്‍ഷൂറന്‍സെടുക്കാതെ, കൃത്യമായ ഗൃഹപാഠം ചെയ്യണമെന്നതാണ് പ്രാഥമിക വസ്തുത. അതിനായുള്ള നിര്‍ദേശങ്ങള്‍ ഇതാ.. ഇന്‍ഷൂറന്‍സ് എടുക്കുമ്പോള്‍ പ്രീ– എക്സിസ്റ്റിങ് കണ്ടീഷനുകള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കണം. ചില രോഗങ്ങള്‍ക്കുള്ള ചികില്‍സാനുകൂല്യം ലഭ്യമാകണമെങ്കില്‍ നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിബന്ധനയാണിത്.
പ്രസവരക്ഷ: എല്ലാ ഇന്‍ഷൂറന്‍സ് പോളിസികളിലും പ്രസവ രക്ഷാനുകൂല്യം ഉള്‍പ്പെട്ടിട്ടുണ്ടാകില്ല. ഉണ്ടെങ്കില്‍ തന്നെ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടാകും.
നവീന ചികില്‍സാരീതികള്‍: റോബോട്ടിക്സ്, ജനിതക പരിശോധനകള്‍, അഡ്വാന്‍സ്ഡ് തെറപ്പികള്‍ എന്നിവ പല പോളിസികളിലും ഉണ്ടാകാന്‍ സാധ്യത കുറവാണ്
മാനസികാരോഗ്യ ചികില്‍സകള്‍: മാനസികാരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ചികില്‍സകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് കവറേജില്‍ അവ്യക്തതകള്‍ ഇതുവരെയും നീങ്ങിയിട്ടില്ല. പോളിസിയില്‍ ഇതിനുള്ള വ്യവസ്ഥയുണ്ടോയെന്ന് പരിശോധിക്കണം.
മുറിവാടക: പല പോളിസികളിലും ചികില്‍സാ സംബന്ധമായി ഉപഭോക്താക്കള്‍ എടുക്കുന്ന മുറിയുടെ വാടകയ്ക്ക് പരിധി ബാധകമാണ്. ഈ പരിധി ലംഘിച്ചാല്‍ ക്ലെയിം തന്നെ തള്ളിപ്പോകാനുള്ള സാധ്യതകളുണ്ട്.
ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസി എടുക്കാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ ഫുള്‍ പോളിസി ഡോക്യുമെന്‍റ് ആവശ്യപ്പെടണം. പലപ്പോഴും ഏജന്‍റുമാര്‍ ബ്രോഷര്‍ മാത്രമാകും നല്‍കുക. ലക്ഷങ്ങളുടെ ആനുകൂല്യമെന്ന പരസ്യത്തില്‍ മയങ്ങിപ്പോകരുത്. എന്തെല്ലാം ഇന്‍ഷൂറന്‍സില്‍ ഉള്‍പ്പെടുമെന്ന് കൃത്യമായി വിലയിരുത്തണം. സബ് ലിമിറ്റുകള്‍, ആനുകൂല്യം ലഭ്യമാകാനുള്ള വെയ്റ്റിങ് പിരീഡുകള്‍ എന്നിവ മറന്നുപോകരുത്. വര്‍ഷാവര്‍ഷം കൃത്യമായി പരിശോധിക്കണം. കുടുംബത്തിലെ വിവാഹം, കുട്ടികളുടെ ജനനം, മാതാപിതാക്കള്‍ പ്രായമാകുന്നത് എന്നിവയെല്ലാം ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കുമ്പോള്‍ മനസിലുണ്ടാകണം. ഇന്‍ഷൂറന്‍സിനെ കുറിച്ച് കുടുംബാംഗങ്ങളോട് കാര്യങ്ങള്‍ ധരിപ്പിച്ചിരിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ കുടുംബാംഗങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടും.