• സമ്മാനത്തുക ഒരാൾ മാത്രം വാങ്ങി മറ്റുള്ളവർക്ക് വീതിച്ചു നൽകിയാൽ തുക ഗിഫ്റ്റ് ആയി കണക്കാക്കി ഇരട്ട നികുതി നൽകേണ്ടി വരാം.

500 രൂപ വിലയുള്ള ഓണം ബംപര്‍ ഷെയറിട്ടെടുക്കുന്നത് ഇപ്പോഴത്തെ‍ ട്രെന്‍ഡാണ്. ചെറിയ തുകയ്ക്ക് ഒന്നിലധികം ലോട്ടറിയില്‍ പങ്കുപറ്റാനും സമ്മാനടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. എന്നാല്‍ ഒന്നിലധികം പേര്‍ ഒന്നിച്ച് ലോട്ടറിയെടുത്ത് സമ്മാനമടിച്ചാല്‍ നികുതി ഭാഗത്ത് ശ്രദ്ധിക്കാന്‍ ചില കാര്യങ്ങളുണ്ട്. ഓരാള്‍ ക്ലെയിം ചെയ്ത് ബാക്കിയുള്ളവര്‍ക്ക് സമ്മാനത്തുക വീതംവച്ച് കൊടുക്കുകയാണെങ്കില്‍ രണ്ടു തവണ നികുതി ബാധ്യത വരും. ഷെയറിട്ട് ലോട്ടറിയെടുത്തവര്‍ശ്രദ്ധിക്കേണ്ട കാര്യങ്ങള പറ്റി മനോരമ ന്യൂസ്.കോമുമായി സംസാരിക്കുകയാണ് ചാർട്ടേഡ് അക്കൗണ്ടന്റായ സുബിൻ വി.ആർ.

Also Read: 30 കോടിയുടെ ഓണം ബംപർ ലോട്ടറിയടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും; നികുതി അടയ്ക്കാൻ വൈകിയാൽ നഷ്ടം കോടികൾ

ഒരാള്‍ ക്ലെയിം ചെയ്താല്‍

30 കോടി രൂപ ഒരാള്‍ ക്ലെയിം ചെയ്താല്‍ 30 കോടി രൂപയ്ക്കും ആ വ്യക്തിയുടെ പേരില്‍ നികുതി പേരില്‍ ടിഡിഎസ് ഈടാക്കും. 30 കോടിയുടെ ബാധ്യത ക്ലെയിം ചെയ്തയാളുടെ പേരില്‍ വരും. ഈ തുക ബാക്കിയുള്ളവര്‍ക്ക് വീതിച്ചാല്‍ അത് ഗിഫ്റ്റ് ആയാണ് പരിഗണിക്കുക. അടുത്ത ബന്ധുവല്ലാത്തവരില്‍ നിന്നും 50,000 രൂപയില്‍ കൂടുതല്‍ സ്വീകരിച്ചാല്‍ ഈ തുകയ്ക്ക് ഓരോരുത്തരുടെയും നികുതി സ്ലാബ് അനുസരിച്ച് നികുതി നല്‍കേണ്ടി വരും. ലോട്ടറി സമ്മാനത്തുക വലിയ സംഖ്യായതിനാല്‍ സര്‍ചാര്‍ജും സെസും ബാധകമാകും. അങ്ങനെ  ഒരേ തുകയ്ക്ക് ഇരട്ട നികുതി നല്‍കേണ്ടി സാഹചര്യം വരും.

ജോയിന്‍റ് ഡിക്ലറേഷൻ ഫോം സമര്‍പ്പിക്കാം

ഇതിനു പരിഹാരമായി സമ്മാനമടിച്ച ലോട്ടറി സമര്‍പ്പിക്കുമ്പോള്‍ തന്നെ ലോട്ടറി വകുപ്പില്‍ ജോയിന്‍റ് ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കണം. ഇതില്‍ സമ്മാനടിച്ച ലോട്ടറിയിലുള്ളവരുടെ പേരും പാന്‍ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം. ലോട്ടറി വകുപ്പ് ഓരോരുത്തരുടെയും ടിഡിഎസ് പിടിച്ച് പണം അനുവദിക്കും. ഓരോരുത്തവര്‍ക്കും അവരവരുടെ വിഹിതം ലഭിക്കുകയും പ്രത്യേകം സെസും സര്‍ചാര്‍ജും സെസും അടയ്ക്കുകയും വേണം. 

Also Read: ഓണം ബംപറില്‍ 21 പേര്‍ കോടിപതികളാകും; ഒരു ടിക്കറ്റില്‍ സര്‍ക്കാറിന് എത്ര രൂപ കിട്ടും

ഒരു കോടി സമ്മാനമടിച്ചാല്‍ എത്ര രൂപ ലഭിക്കും

രണ്ടാം സമ്മാനമായ ഒരു കോടി രൂപ 20 പേര്‍ക്കാണ് ലഭിക്കുക. ഒരു കോടി സമ്മാനം ലഭിക്കുന്നൊരാള്‍ക്ക് 63 ലക്ഷം രൂപയാണ് കയ്യില്‍ കിട്ടുക. 10 ശതമാനം ഏജന്‍സി കമ്മീഷനായി 10 ലക്ഷം രൂപ പോകുന്നതോടെ 90 ലക്ഷം രൂപയ്ക്കാണ് ടിഡിഎസ് ഈടാക്കുക. 27 ലക്ഷം രൂപയാണ് ടിഡിഎസ്. ഇതിനൊപ്പം സര്‍ചാര്‍ജും സെസും ബാധകമാകും. 50 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ 10 ശതമാനമാണ് സര്‍ചാര്‍ജ്. 27 ലക്ഷത്തിന്‍റെ 10 ശതമാനമായ 2.7 ലക്ഷം രൂപ സര്‍ചാര്‍ജമായി നല്‍കണം. ടിഡിഎസും സര്‍ചാര്‍ജും ചേരുന്ന തുകയുടെ നാലു ശതമാനമായ 1,18,800 രൂപ സെസായും അടയ്ക്കണം.

ENGLISH SUMMARY:

Pooling money to buy Onam Bumper lottery tickets has become a major trend to increase winning chances and share costs. However, Chartered Accountant Subin V.R. warns that if a single person claims the prize and distributes the money, the group may face double taxation issues as gifts. To avoid heavy tax liabilities and penalties, ticket-sharing groups must submit a joint declaration form with all names and PAN details to the lottery department. Following this procedure ensures that TDS, surcharges, and cesses are properly deducted and distributed individually to each winner.