വ്യക്തിഗത നികുതിദായകർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന സമയം ജൂലൈ മാസം 31 ആണ്. പുതിയ ആദായ നികുതി വ്യവസ്ഥകൾ പ്രകാരം പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്ക് 12.75 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല. എന്നാൽ വരുമാനം ഈ പരിധിക്ക് താഴെയാണെങ്കിലും പ്രത്യേക നിരക്കിൽ നികുതി നൽകേണ്ട വരുമാനമുണ്ടെങ്കിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടി വരും.
പുതിയ നികുതി വ്യവസ്ഥയിൽ നികുതി സ്ലാബ് പുനക്രമീകരിച്ചതോടെ 12 ലക്ഷം രൂപ വരെ ആദായ നികുതി ഒഴിവായി. ഇതിനൊപ്പം സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടി ചേരുന്നതോടെ 12.75 ലക്ഷം രൂപ വരെ ശമ്പളക്കാരായ നികുതിദായകർക്ക് നേട്ടം ലഭിക്കും. എന്നാൽ, പ്രത്യേക നിരക്കുകളിൽ നികുതി ചുമത്തപ്പെടുന്ന വരുമാനങ്ങൾക്ക് ഈ ആനുകൂല്യം ബാധകമല്ല. മൂലധന നേട്ടം പോലുള്ള പ്രത്യേക ഗ്രേഡ് വരുമാനം ഒഴിവാക്കിയാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. അതിനാൽ മൂലധന നേട്ടമുള്ളവർ അടിസ്ഥാന ഇളവ് പരിധിക്ക് താഴെയാണെങ്കിലും ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടിവരും.
ഓഹരി, മ്യൂച്വൽ ഫണ്ട്, സ്വർണം, ഭൂമി എന്നിവ അടക്കമുള്ള ആസ്തികളിലെ ലാഭം അല്ലെങ്കിൽ നഷ്ടം പ്രത്യേകമായി കാണിക്കണം എന്നാണ് പുതിയ ആദായ നികുതി നിയമത്തിൽ പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഈ ആസ്തികളിൽ ഇടപാട് നടത്തിയിട്ടുണ്ടെങ്കിൽ റിട്ടേൺ ഫയൽ ചെയ്യണം. ഈപറഞ്ഞ ആസ്തികളിൽ ലാഭമാണെങ്കിൽ അവ വെളിപ്പെടുത്തി നികുതി നൽകണം. നഷ്ടമാണെങ്കിൽ അടുത്ത വർഷത്തേക്ക് കാരിഫോർവേഡ് ചെയ്യാം. ഇതിനൊപ്പം ലോട്ടറിയിൽ നിന്നുള്ള സമ്മാനം, ഓൺലൈൻ ഗെയ്മിങ് സമ്മാനങ്ങൾ എന്നിവ ലഭിച്ചവരും റിട്ടേൺ ഫയൽ ചെയ്യണം.
ദീർഘകാല മൂലധന നേട്ടമാണെങ്കിൽ 12.50 ശതമാനമാണ് നികുതി നിരക്ക്. എന്നാൽ 1.25 ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതിയില്ല. പക്ഷേ റിട്ടേൺ സമർപ്പിക്കണം. ഹ്രസ്വകാല നേട്ടത്തിന് 20 ശതമാനം നിരക്കിലാണ് ആദായ നികുതി ഈടാക്കുക. പക്ഷേ 1.25 ലക്ഷത്തിന്റെ ഇളവ് ലഭിക്കില്ല.