july-calender

ജൂലൈ ഒന്നു മുതല്‍ വിവിധ സാമ്പത്തിക, സാമ്പത്തികേതര കാര്യങ്ങളില്‍ മാറ്റം വരുന്നുണ്ട്. ആദ്യ നികുതി, ആധാര്‍, പാസ്പോര്‍ട്ട്, റെയില്‍വേ ഉപഭോക്താക്കള്‍ എന്നിവരെ നേരിട്ടു ബാധിക്കുന്നവയാണ് മാറ്റങ്ങള്‍. ഓരോന്നും വിശദമായി നോക്കാം. 

ആദായ നികുതി സമയപരിധി

2026-27 അസസ്മെന്‍റ് വര്‍ഷത്തെ വ്യക്തിഗത ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന മാസമാണ് ജൂലൈ. ഐടിആര്‍-1, ഐടിആര്‍-2 ഉപയോഗിക്കുന്ന നികുതിദായകര്‍ ജൂലൈ 31നകം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. ഈ തീയതിക്ക് ശേഷം സമര്‍പ്പിക്കുന്നവര്‍ക്ക് പിഴ നല്‍കേണ്ടി വന്നേക്കാം. 

ആധാറിലെ ഇമെയിൽ അപ്ഡേറ്റ്

ആധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന രജിസ്റ്റർ ചെയ്ത ഇ മെയിൽ വിലാസം സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം ജൂലൈ ഒന്നുമുതല്‍ നിലവില്‍ വരും. ഡിസംബര്‍ 31 വരെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. നേരത്തെ 75 രൂപ ഈടാക്കിയിരുന്ന സേവനമാണ് സൗജന്യമായി ലഭിക്കുക. ആധാർ മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഇ മെയില്‍ വിലാസം മാറ്റാം.

പാസ്പോര്‍‌ട്ട് അപേക്ഷയ്ക്ക് ചെലവേറും 

പാസ്പോര്‍ട്ടിന് അപേക്ഷിക്കണമെങ്കില്‍ ജൂലൈ ഒന്നു മുതല്‍ ചെലവേറും.  36 പേജുള്ള പാസ്‌പോർട്ടിന് ഇനി 2,500 രൂപയാണ് അപേക്ഷാ ഫീസ്. നേരത്തെ 1,500 രൂപയായിരുന്നു. 2000 രൂപ ചെലവുണ്ടായിരുന്ന 60 പേജുള്ള പാസ്‌പോർട്ടിന് ഇനി 3,500 ആണ് നല്‍കേണ്ടത്. തത്കാലായി അപേക്ഷിക്കുകയാണെങ്കില്‍ ഇനി 36 പേജുള്ള പാസ്‌പോർട്ടിന് 5,000 രൂപയും 60 പേജിന് 6,000 രൂപയും നല്‍കണം. വിദേശകാര്യ മന്ത്രാലയമാണ് പാസ്‌പോർട്ട് സേവന നിരക്കുകൾ വര്‍ധിപ്പിച്ചത്.

ട്രെയിന്‍ ടിക്കറ്റില്ലെങ്കില്‍ കൂടുതല്‍ പിഴ

ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്താല്‍ കുറഞ്ഞത് 500 രൂപയെങ്കിലും പിഴ കൊടുക്കേണ്ടിവരും. ടിക്കറ്റില്‍ അനുവദനീയമായ ദൂരത്തിനപ്പുറം യാത്ര ചെയ്താലും ഇതേപിഴ ബാധമാകും. നേരത്തെ കുറഞ്ഞ പിഴ 250 രൂപയായിരുന്നു. സ്ത്രീകളുടെ കോച്ചുകളില്‍ യാത്ര ചെയ്യുന്ന പുരുഷ യാത്രക്കാരില്‍നിന്ന് 2,500 രൂപ വരെ പിഴ ഈടാക്കാം.  

ബാങ്കിങ് നഷ്ടങ്ങളില്‍ കൂടുതല്‍ നഷ്ടപരിഹാരം

റിസർവ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്‌മാൻ സംവിധാനത്തിനു ഇന്നു മുതൽ കൂടുതൽ അധികാരങ്ങളുണ്ട്.  ധനകാര്യ സ്‌ഥാപനങ്ങളില്‍ ഉപയോക്ത‌ാവിനുണ്ടായ നഷ്ട‌ം പരിഗണിച്ച് ഇനി 30 ലക്ഷം രൂപവരെ നഷ്ടപരിഹാരമായി വിധിക്കാം.  ഇന്നലെവരെ ഇത് 20 ലക്ഷമായിരുന്നു.  സമയനഷ്ടം, മാനസിക ക്ലേശം തുടങ്ങിയവയ്ക്ക്  ഇനി 3 ലക്ഷം രൂപ വരെയും നഷ്ടപരിഹാരം വിധിക്കാം.

ENGLISH SUMMARY:

From July 1, several significant changes will impact taxpayers, travelers, and banking customers in India. Key updates include the deadline for filing ITR (July 31), free email updates for [Aadhaar Redacted] cards until December 31, and a hike in passport application fees. Railway passengers will now face higher penalties for ticketless travel, starting at a minimum of ₹500. Additionally, the RBI Integrated Ombudsman system has been empowered to award up to ₹30 lakh in compensation for banking losses, along with up to ₹3 lakh for mental agony and time loss.