AI Generated Image
വര്‍ഷങ്ങളായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയ്യതി ജൂലായ് 31 ആയിരുന്നു. എന്നാല്‍ ഇനി അങ്ങിനെയല്ല. വിവിധ വിഭാഗക്കാർക്കുള്ള റിട്ടേൺ നൽകുന്നതിനുള്ള സമയപരിധി ആദായനികുതി വകുപ്പ് പരിഷ്കരിച്ചിട്ടുണ്ട്. പോർട്ടലിലെ തിരക്കൊഴിവാക്കാനും നികുതി പരിശോധന കാര്യക്ഷമമാക്കുന്നതിനുമാണ് പുതിയ പരിഷ്കരണം കൊണ്ട് ലക്ഷ്യമിടുന്നത്.
ശമ്പളക്കാരായ ജീവനക്കാർ, പെൻഷൻ പറ്റുന്നവര്‍ (ITR-1 / ITR-2 ഫോമുകൾ ഉപയോഗിക്കുന്നവർ) എന്നിവര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയ്യതി ജൂലൈ 31 ആയിരിക്കും. അതേസമയം, അക്കൗണ്ട് ഓഡിറ്റിങ് ആവശ്യമില്ലാത്ത ബിസിനസ് നടത്തുന്നവരും പ്രൊഫഷണലുകളുമായ നികുതിദായകർക്കും (ITR-3 / ITR-4 ഫോമുകൾ ഉപയോഗിക്കുന്നവർ), ടാക്സ് ഓഡിറ്റിന് വിധേയമല്ലാത്ത ഫേം/എൽഎൽപി (LLP) പങ്കാളികള്‍ക്കും ഇത് ഓഗസ്റ്റ് 31 ആയിരിക്കും. ടാക്സ് ഓഡിറ്റിങ് ആവശ്യമുള്ള കേസുകൾ, ടാക്സ് ഓഡിറ്റിന് വിധേയമായ ഫേം/എൽഎൽപി (LLP) തുടങ്ങിയവയ്ക്ക് ഇത് ഒക്ടോബര്‍ 31 ആയിരിക്കും.
സമയപരിധി കഴിഞ്ഞാൽ ഇനി 5,000 രൂപ വരെ ലേറ്റ് ഫീ ഇനത്തിൽ നൽകേണ്ടി വരും (വരുമാനം 5 ലക്ഷത്തിൽ താഴെയാണെങ്കിൽ 1,000 രൂപ). കൂടാതെ, പിഴയ്ക്ക് പുറമെ കുടിശ്ശികയുള്ള നികുതിക്ക് സെക്ഷൻ 234 എ പ്രകാരം പ്രതിമാസം ഒരു ശതമാനം പലിശ നൽകണം. സമയത്തിന് ഫയൽ ചെയ്തില്ലെങ്കിൽ പഴയ നികുതി വ്യവസ്ഥയിലേക്ക് മാറാനുള്ള അവസരവും നഷ്ടമാകും. ഐടിആർ ഓൺലൈനായി സബ്മിറ്റ് ചെയ്ത് 30 ദിവസത്തിനകം ഇ-വെരിഫിക്കേഷൻ (e-Verification) പൂർത്തിയാക്കണം. നിശ്ചിത സമയത്തിനകം വെരിഫിക്കേഷൻ നടത്തിയില്ലെങ്കിൽ നിങ്ങളുടെ റിട്ടേൺ അസാധുവായതായി കണക്കാക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അധിഷ്ഠിത പരിശോധനകളും എന്നിവ ഇത്തവണ അതീവ കർശനമാക്കിയിട്ടുണ്ട്. അതിനാൽ ചെറിയ പിഴവുകൾ പോലും നോട്ടിസ് ലഭിക്കാൻ കാരണമായേക്കാം. അതിനാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം...
രേഖകളില്ലാത്ത നികുതി ഇളവുകൾ ക്ലെയിം ചെയ്യുന്നതാണ് ഇതില്‍ പ്രധാനം. വീട്ടു വാടക അലവൻസ് (HRA), ചാരിറ്റി സംഭാവനകൾ എന്നിവ വ്യാജമായി കാണിച്ച് നികുതി വെട്ടിക്കാൻ ശ്രമിക്കുന്നവർക്കുമേല്‍ ആദായ നികുതി വകുപ്പ് പിടിമുറുക്കുന്നുണ്ട്. അതിനാല്‍ വാടകക്കരാറും ബാങ്ക് ഇടപാട് രേഖകളും സൂക്ഷിക്കേണ്ടതുണ്ട്. സംഭാവനകൾ നൽകുന്നവർ ഇടപാട് റഫറൻസ് നമ്പറും ഐഎഫ്എസ്‌സി കോഡും രേഖപ്പെടുത്തേണ്ടത് നിർബന്ധമാണ്.
നിങ്ങളുടെ ബാങ്ക് പലിശ, ഡിവിഡന്റ് വരുമാനം, ടിഡിഎസ് (TDS) എന്നിവയെല്ലാം എഐഎസ് (Annual Information Statement) വഴി ആദായനികുതി വകുപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. നിങ്ങളുടെ കയ്യിലുള്ള വിവരങ്ങളും എഐഎസും തമ്മിൽ നേരിയ വ്യത്യാസമുണ്ടെങ്കിൽ പോലും എഐ അധിഷ്ഠിത സംവിധാനങ്ങൾ വഴി ഓട്ടോമേറ്റഡ് നോട്ടിസുകൾ വരും. എഐഎസിൽ തെറ്റായ വിവരങ്ങൾ വന്നിട്ടുണ്ടെങ്കിൽ പോർട്ടൽ വഴി അപ്പോൾ തന്നെ തിരുത്തി നൽകണം. മാത്രമല്ല നിങ്ങളുടെ വരുമാന സ്രോതസിന് അനുയോജ്യമല്ലാത്ത ഫോം തിരഞ്ഞെടുത്താൽ റിട്ടേൺ അസാധുവാകാം.
തുക എത്ര ചെറുതാണെങ്കിലും സമ്പാദ്യ പദ്ധതികളിൽ നിന്നുള്ള പലിശ, പാർട്ട് ടൈം വരുമാനം, വിദേശ വരുമാനം എന്നിവയെല്ലാം പൂർണ്ണമായി വെളിപ്പെടുത്തണം. ക്രെഡിറ്റ് കാർഡ് ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും നിരീക്ഷിക്കുന്നതിനാൽ വരുമാനം മറച്ചുവെക്കുന്നത് വലിയ പിഴവുകൾക്ക് കാരണമാകും. ഓഹരി, വസ്തു ഇടപാടുകൾ വഴിയുള്ള ഹ്രസ്വകാല- ദീർഘകാല മൂലധന നേട്ടങ്ങളും കൃത്യമായി തിരിക്കണം. 2024 ബജറ്റിൽ മൂലധന നികുതി ഘടനയിൽ മാറ്റം വരുത്തിയതിനാൽ 2024 ജൂലൈ 23-ന് മുൻപും ശേഷവുമുള്ള ഇടപാടുകൾ പ്രത്യേകം ശ്രദ്ധിക്കണം. ബ്രോക്കർ സ്റ്റേറ്റ്‌മെന്റുകളും എഐഎസും കൃത്യമായി ഒത്തുനോക്കേണ്ടതുണ്ട്. സാമ്പത്തിക വർഷത്തിനിടയിൽ ജോലി മാറിയവർ രണ്ട് സ്ഥാപനങ്ങളിൽ നിന്നുമുള്ള ഫോം 16-ലെ വിവരങ്ങളും ശമ്പളവും റിട്ടേണിൽ ഉൾപ്പെടുത്തണം. അല്ലാത്തപക്ഷം നികുതി കണക്കാക്കുന്നതിൽ വലിയ വ്യത്യാസം വരികയും ഇത് നികുതി വെട്ടിപ്പായി കണക്കാക്കപ്പെടുകയും ചെയ്യും.
ഇത്തവണത്തെ ബജറ്റ് മാറ്റങ്ങൾ പ്രകാരം പുതിയ നികുതി വ്യവസ്ഥയിൽ 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി ബാധ്യതയില്ല. ശമ്പളക്കാരായ ജീവനക്കാർക്കും പെൻഷൻകാർക്കും സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉൾപ്പെടെ 12.75 ലക്ഷം രൂപ വരെ നികുതി ഒഴിവാകും. എന്നാൽ പഴയ നികുതി വ്യവസ്ഥ പ്രയോജനപ്പെടണമെങ്കിൽ എച്ച്ആർഎ (HRA), മറ്റ് നികുതി ഇളവുകൾ എന്നിവ 8 ലക്ഷത്തിന് മുകളിൽ ഉണ്ടായിരിക്കണം.