nirmala-sitharaman-budget

TOPICS COVERED

പാന്‍ ഉപയോഗിക്കുന്ന പണമിടപാടുകളില്‍ വര്‍ധനയ്ക്ക്  കളമൊരുക്കി പുതിയ ആദായ നികുതി നിയമം. വാഹനങ്ങള്‍ വാങ്ങല്‍, പണം പിന്‍വലിക്കല്‍, ബാങ്ക് നിക്ഷേപം, വസ്തു വാങ്ങല്‍, ഹോട്ടല്‍ ബില്‍ അടക്കമുള്ള ഇടപാടുകളിലാണ് വര്‍ധന വരുത്തുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ആദായ നികുതി നിയമത്തിന്‍റെ കരടിലാണ് ഈ മാറ്റങ്ങളുള്ളത്. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കായാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് കരട് നിയമങ്ങള്‍ പുറത്തിറക്കിയത്. ഏതൊക്കെ ഇടപാടുകള്‍ക്ക് എപ്പോഴൊക്കെയാണ് പാന്‍ ഉപയോഗിക്കേണ്ടതെന്ന് കരടില്‍ വിശദമാക്കുന്നു. 

 

സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ തുകയുടെ പണം പിന്‍വലിക്കുമ്പോള്‍ പാന്‍ വിവരം കൈമാറണം. ഇതേ ചട്ടം ബാങ്ക് നിക്ഷേപം നടത്തുമ്പോഴും ബാധകമാണ്. നിലവിൽ പ്രതിദിനം 50,000 രൂപ നിക്ഷേപിച്ചാൽ പാൻ വേണം. അഞ്ചു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനം വാങ്ങുന്നവരാണ് ഇനി മുതല്‍ പാന്‍ നല്‍കേണ്ടത്. ഈ വില വരുന്ന ഇരുചക്ര വാഹനം വാങ്ങുന്നവരാണെങ്കിലും പാന്‍ വിവരം കൈമാറണം. നിലവിലുള്ള നിയമപ്രകാരം ഇരുചക്രവാഹനത്തിന് പാന്‍ ആവശ്യമില്ലായിരുന്നു. ബാക്കി മോട്ടോര്‍ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ വില പരിഗണിക്കാതെ പാന്‍ നല്‍കേണ്ടത് ആവശ്യമായിരുന്നു. 

 

ഹോട്ടല്‍ ബില്‍, കണ്‍വെന്‍ഷന്‍ സെന്‍റര്‍ തുടങ്ങിയവയുടെ പണം നല്‍കുമ്പോള്‍ പാന്‍ നല്‍കേണ്ട പരിധിയിലും വ്യത്യാസമുണ്ട്. ഒരു ലക്ഷത്തിന് മുകളിലാണെങ്കില്‍ ഇനി പാന്‍ നല്‍കിയാല്‍ മതിയാകും. നേരത്തെ ഇത് 50,000 രൂപയായിരുന്നു.  വസ്തു വാങ്ങുമ്പോഴുള്ള പരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമാക്കിയും ഉയര്‍ത്തി. ഇൻഷുറൻസ് അക്കൗണ്ട് ആരംഭിക്കുന്നതിന് ഇനി പാന്‍ നല്‍കണം. നിലവിൽ സാമ്പത്തികവർഷത്തില്‍ 50,000 രൂപയില്‍ കൂടുതല്‍ പ്രീമിയം ഉണ്ടെങ്കില്‍ മാത്രം പാന്‍ വിവരം നല്‍കിയാല്‍ മതിയാകും. 

 

പുതുക്കിയ നിയമങ്ങള്‍ 2026 ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും.

ENGLISH SUMMARY:

New income tax rules will mandate the use of PAN for several financial transactions, including vehicle purchases, bank deposits, and property acquisitions. These changes aim to enhance transparency and prevent tax evasion, with specific thresholds for each transaction type.