ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ എന്തെല്ലാമായിരിക്കും പ്രഖ്യാപനങ്ങള്‍. ദമ്പതിമാര്‍ക്ക് സംയുക്തമായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുന്ന ജോയിന്‍റ് ടാക്സേഷന്‍ അനുവദിക്കുമോ? ദശലക്ഷകണക്കിന് കുടുംബങ്ങള്‍ക്ക് നേട്ടമാകുന്ന പ്രഖ്യാപനം ഈ ബജറ്റില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കുടുംബത്തിലെ ഭാര്യ–ഭര്‍ത്താക്കന്മാരുടെ വരുമാനം ഒന്നിച്ച് റിട്ടേണായി സമര്‍പ്പിക്കാന്‍ സാധിക്കുന്ന ജോയിന്‍റ് ഐടിആര്‍ ആണ് ധനമന്ത്രിക്ക് മുന്നില്‍ നിര്‍ദ്ദേശമായി എത്തിയിട്ടുള്ളത്. നിലവില്‍ വ്യക്തിഗത നികുതിയാണ് ഇന്ത്യയിലെ ആദായ നികുതിയുടെ ഘടന. ഓരോ നികുതിദായകനും ഇളവ് പരിധിയും കിഴിവുകളും ലഭിക്കും. ദമ്പതികള്‍ വരുമാനവും ചെലവും പങ്കിടുന്നുണ്ടെങ്കിലും ആദായ നികുതി കണക്കാക്കുന്നത് പ്രത്യേകമാണ്.
നികുതി ആവശ്യങ്ങൾക്കായി വിവാഹിതരായ ദമ്പതികളെ സാമ്പത്തിക യൂണിറ്റുകളായി അംഗീകരിക്കണം എന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റസ് ഓഫ് ഇന്ത്യ നല്‍കിയ ബജറ്റ് നിര്‍ദ്ദേശം. വിവാഹിതരായ ദമ്പതികൾക്ക് രണ്ട് വ്യത്യസ്ത റിട്ടേണുകൾക്ക് പകരം വരുമാനവും കിഴിവുകളും സംയോജിപ്പിച്ച് ഒറ്റ റിട്ടേൺ നല്‍കാം. വിവാഹിതരായ ദമ്പതികൾക്ക് സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി ഓരോ വർഷവും വ്യക്തിഗത റിട്ടേണ്‍ സമര്‍പ്പിക്കണമോ ജോയിന്റ് റിട്ടേൺ സമർപ്പിക്കണോ എന്നത് തീരുമാനിക്കാന്‍ അനുമതി നല്‍കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
ജോയിന്റ് ഫയലിംഗ് ഓപ്ഷൻ പ്രകാരം, വിവാഹിതരായ ദമ്പതികൾക്ക് തങ്ങളുടെ സംയുക്ത വരുമാനം ഉൾപ്പെടുത്തി ഒരൊറ്റ ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ സാധിക്കും. ജോയിന്റ് ടാക്സേഷൻ വരുന്നതോടെ അടിസ്ഥാന നികുതി ഇളവ് പരിധി ഇരട്ടിയാക്കണം. നികുതി സ്ലാബുകൾ വിപുലീകരിക്കാണം. ഐസിഎഐ നല്‍കിയ നിര്‍ദ്ദേശം അനുസരിച്ച് 8 ലക്ഷം രൂപ വരെ നികുതിയില്ല. ജോയിന്‍റ് ടാക്സേഷന്‍ വരുന്നതോടെ നികുതി അടയ്ക്കല്‍ ലളിതമാക്കുകയും വെട്ടിപ്പ് കുറയ്ക്കാന്‍ സാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റസ് ഓഫ് ഇന്ത്യ വിലയിരുത്തുന്നു. യുഎസ്എ, ജര്‍മനി, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ ഈ രീതി നിലവിലുണ്ട്.