2024-25 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നികുതിദായകർ. റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഉടന്‍ പ്രഖ്യാപിക്കും. കഴിഞ്ഞ വർഷത്തെ പോലെ ഏത് നികുതി സമ്പ്രദായമാണ് ലാഭം എന്ന സംശയം ഇത്തവണയുമുണ്ട്. പഴയ നികുതി വ്യവസ്ഥയിൽ വ്യക്തിഗത നികുതിദായകർക്കും ബിസിനസ് വരുമാനമുള്ളവർക്കും ഇളവുകൾ ലഭിക്കും. 2020-21 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച പുതിയ നികുതി വ്യവസ്ഥയിൽ കുറഞ്ഞ നികുതി നിരക്കുകളാണ് ആകർഷണം. രണ്ട് നികുതി വ്യവസ്ഥകളും തമ്മിലുള്ള വ്യത്യാസം അറിഞ്ഞ് റിട്ടേൺ സമർപ്പിക്കുന്നതാണ് ഇവിടെ അനുയോജ്യമാവുക.
പുതിയ നികുതി വ്യവസ്ഥയിൽ 7 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായ നികുതി നൽകേണ്ടതില്ല. ആദായ നികുതി സ്ലാബുകൾ ഇപ്രകാരമാണ്,
* 3-7 ലക്ഷം- അഞ്ചു ശതമാനം
* 7-10 ലക്ഷം- 10 ശതമാനം
* 10-12 ലക്ഷം- 15 ശതമാനം
* 12-15 ലക്ഷം- 20 ശതമാനം
* 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം
പഴയ നികുതി വ്യവസ്ഥയിൽ 2.50-5 ലക്ഷം വരെ അഞ്ചു ശതമാനമാണ് നികുതി നിരക്ക്. 5-10 ലക്ഷം വരെ 20 ശതമാനം, 10-50 ലക്ഷം വരെ 30 ശതമാനം എന്നിങ്ങനൊണ് നൽകേണ്ട നികുതി.
ഇളവുകൾ
പഴയ നികുതി വ്യവസ്ഥയിൽ 50,000 രൂപയാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ. പുതിയ നികുതി വ്യവസ്ഥയിൽ ഇത് 75000 രൂപയാക്കി ഉയർത്തി. പുതിയ നികുതി വ്യവസ്ഥയാണ് ഡിഫോൾട്ട് ഓപ്ഷനായി ലഭിക്കുക. പഴയ നികുതി വ്യവസ്ഥയിലാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതെങ്കിൽ റിട്ടേൺ സമർപ്പിക്കുന്ന സമയം പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കണം.
ഇളവുകൾ കൂടുതൽ ലഭിക്കുന്നത് പഴയ നികുതി വ്യവസ്ഥയിലാണ്. പഴയ നികുതി വ്യവസ്ഥ പ്രകാരം പിപിഎഫ്, ഇപിഎഫ്, ഇക്വിറ്റി ലിങ്ഡ് സേവിങ് സ്കീം അടക്കമുള്ള നിക്ഷേപങ്ങളിൽ നിന്നും സെക്ഷൻ 80സി പ്രകാരം 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് ലഭിക്കും. ഭവന വായ്പതിരിച്ചടവിന് പഴയനികുതി വ്യവസ്ഥ തിരഞ്ഞെടുത്താലും നികുതി ഇളവ് ലഭിക്കും. സെക്ഷൻ 80ഡി പ്രകാരം ഹെൽത്ത് ഇൻഷൂറൻസ് പ്രീമിയം അടയ്ക്കുന്ന തുകയിൽ 1 ലക്ഷം രൂപയുടെ ഇളവ് ലഭിക്കും.
സെക്ഷൻ 24 (ബി) പ്രകാരം ഹൗസിങ് വായ്പയുടെ പലിശ തിരിച്ചടവിന് നികുതി ഇളവ് ലഭിക്കും. സെക്ഷൻ 80 സിസിഡി(2) പ്രകാരം നാഷണൽ പെൻഷൻ സ്കീമിലേക്കുള്ള കമ്പനിയുടെ വിഹിതത്തിന് ഇളവ് ലഭിക്കും.
ലാഭം ഏത്
ഇൻകം ടാക്സ് കാൽക്കുലേറ്റർ പ്രകാരം, റെസിഡൻറായ വ്യക്തിഗത നികുതിദായകർക്ക് രണ്ട് നികുതി വ്യവസ്ഥയും തമ്മിലുള്ള വ്യത്യാസം പരിശോധിക്കാനാകും. 8 ലക്ഷം രൂപ ശമ്പളക്കാരനായ വ്യക്തിക്ക് യാതൊരു ഇളവും ഇല്ലെങ്കിൽ പഴയ നികുതി വ്യവസ്ഥയിൽ 65,000 രൂപ നികുതി ബാധ്യത വരും. പുതിയ നികുതി വ്യവസ്ഥയിൽ 23,400 രൂപയാണ് നികുതി നൽകേണ്ടത്. 1.50 ലക്ഷം രൂപയുടെ ഇളവ് എടുത്താലും പഴയ നികുതി വ്യവസ്ഥയിൽ 33800 രൂപയാണ് നികുതി ബാധ്യത. പുതിയ നികുതി വ്യവസ്ഥയിൽ 23400 രൂപ നൽകിയാൽ മതിയാകും.
എങ്കിലും ഏത് നികുതി വ്യവസ്ഥയാണ് ലാഭകരമെന്നത് ഓരോരുത്തരുടെയും വരുമാനത്തെയും ലഭിക്കാവുന്ന ഇളവുകളെയും അടിസ്ഥാനമാക്കിയിരിക്കും.