കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) യുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വന്നു. പലിശ, ഡിവിഡൻറ്, വാടക തുടങ്ങിയ വരുമാനങ്ങൾക്കുള്ള ടിഡിഎസ് പരിധിയാണ് ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഉയർത്തിയത്. പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ ഓഹരി നിക്ഷേപകർ മുതൽ മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിനും നേട്ടമാകുന്നതാണ് മാറ്റങ്ങൾ.
മുതിർന്ന പൗരന്മാരുടെ പരിധി ഉയർത്തി
മുതിർന്ന പൗരന്മാരുടെ പലിശയ്ക്ക് ഈടാക്കുന്ന സ്രോതസിൽ നിന്നുള്ള നികുതിയുടെ പരിധി ഇരട്ടിയാക്കി. സാമ്പത്തിക വർഷത്തിൽ 50,000 രൂപയ്ക്ക് മുകളിലുള്ള പലിശയ്ക്കാണ് നേരത്തെ ടിഡിഎസ് ഈടാക്കിയിരുന്നത്. ഇത് ഒരുലക്ഷമാക്കി ഉയർത്തി.
സ്ഥിര നിക്ഷേപം, ആവർത്തന നിക്ഷേപം പോലുള്ള പദ്ധതികളിൽ നിന്നും പലിശ വാങ്ങുന്നവരുടെ പലിശ സാമ്പത്തിക വർഷത്തിൽ 1 ലക്ഷം രൂപ കടന്നാൽ മാത്രമെ ഇനി ടിഡിഎസ് ഈടാക്കുകയുള്ളൂ.
ജനറൽ നിക്ഷേപകർക്കും മാറ്റം
ജനറൽ നിക്ഷേപകർക്ക് നേരത്തെ പലിശ വരുമാനത്തിനുള്ള ടിഡിഎസ് പരിധി 40,000 രൂപയായിരുന്നു. ഇത് 50,000 രൂപയായി ഉയർത്തി. വർഷത്തിൽ 50,000 രൂപയിൽ കൂടുതൽ പലിശ നേടുന്ന നിക്ഷേപങ്ങളിൽ നിന്നു മാത്രമെ ടിഡിഎസ് ഈടാക്കുകയുള്ളൂ.
ഡിവിഡന്‍റ് വരുമാനം
ഡിവിഡൻറ് വരുമാനം നേടുന്നവർക്കും ടിഡിഎസ് പരിധിയിൽ മാറ്റമുണ്ട്. 5000 രൂപയായിരുന്ന നേരത്തെ ലാഭവിഹിതങ്ങൾക്ക് ടിഡിഎസ് കണക്കാക്കിയിരുന്ന പരിധി. ഇത് 10,000 രൂപയാക്കി ഉയർത്തി. ഓഹരിയിൽ നിന്നും മ്യൂച്വൽ ഫണ്ടിൽ നിന്നും ലാഭവിഹിതം കൈപ്പറ്റുന്ന നിക്ഷേപകരുടെ കയ്യിൽ ഇനി കൂടുതൽ തുക ലഭിക്കും.
വീട്ടുവാടക
സെക്ഷൻ 194-I പ്രകാരം വീട്ടു വാടകയ്ക്കുള്ള ടിഡിഎസ് പരിധിയിൽ വർധന ണ്ട്. പ്രതിമാസം 50,000 രൂപയോ അതിൽ കൂടുതലോ ആണ് വീട്ടുവാടകയെങ്കിൽ ടിഡിഎസ് കുറയ്ക്കണം. പ്രതിവർഷ വാടക 2.4 ലക്ഷം രൂപ കവിയുമ്പോഴാണ് നേരത്തെ ടിഡിഎസ് ബാധകമാക്കിയിരുന്നത്. അത് ആറു ലക്ഷമായി ഉയർത്തി. 2018-19 സാമ്പത്തിക വർഷം വരെ ഈ പരിധി പരിധി 1,80,000 രൂപയായിരുന്നു.